പതജഞ്ജലിയുടെ സോൻ പാപ്ഡി ഗുണനിലവാരമില്ലാത്തത്; ബാബ രാംദേവിന് വീണ്ടും തിരിച്ചടി, ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷ

By Web Team  |  First Published May 20, 2024, 1:28 PM IST

പതഞ്ജലിയുടെ മധരുപലഹാരമായ ഏലക്ക സോൻ പാപ്ഡി ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ കമ്പനിയുടെ അസിസ്റ്റന്റ് ജനറൽ മാനേജർ ഉൾപ്പെടെ മൂന്ന് പേർക്ക് ഉത്തരാഖണ്ഡിലെ കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു.


വ്യാജപരസ്യത്തിന്റെ പേരിൽ സുപ്രീംകോടതി കയറിയിറങ്ങുന്ന ബാബ രാംദേവിന് അടുത്ത തിരിച്ചടി. പതഞ്ജലിയുടെ മധരുപലഹാരമായ ഏലക്ക സോൻ പാപ്ഡി ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ കമ്പനിയുടെ അസിസ്റ്റന്റ് ജനറൽ മാനേജർ ഉൾപ്പെടെ മൂന്ന് പേർക്ക് ഉത്തരാഖണ്ഡിലെ കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു. 2006ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്‌ട് സെക്ഷൻ 59 പ്രകാരമാണ് ശിക്ഷ.  കൂടാതെ മൂന്നു പേർക്കും പിഴയും ചുമത്തിയിട്ടുണ്ട്. 

2019 സെപ്തംബർ 17 ന് പതഞ്ജലി നവരത്ന ഏലം സോൻ ​​പാപ്ഡിയുടെ സാമ്പിളുകൾ എടുത്തതായി പിത്തോരാഗഡ് ഫുഡ് സേഫ്റ്റി ഓഫീസർ രാജേഷ് ശർമ്മ പറഞ്ഞു. സാമ്പിൾ ഉദ്ദം സിംഗ് നഗർ സർക്കാർ ലബോറട്ടറിയിലേക്ക് അയച്ചു. 2020-ൽ നടത്തിയ അന്വേഷണത്തിൽ സോൻ പാപ്ഡി സുരക്ഷിതമല്ലെന്ന് കണ്ടെത്തി .സെൻട്രൽ ലാബിൽ നിന്നുള്ള പരിശോധനാ റിപ്പോർട്ടിലും സോൻ ​​പാപ്ഡി സുരക്ഷിതമല്ലാത്ത വിഭാഗത്തിലാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ ബെറിനാഗ് കടയുടമ ലീലാധർ പഥക്, വിതരണക്കാരൻ അജയ് ജോഷി, പതഞ്ജലിയുടെ അസിസ്റ്റന്റ് മാനേജർ അഭിഷേക് കുമാർ എന്നിവർക്കെതിരെ കേസെടുത്തു.

Latest Videos

ഇതിനിടെ പതഞ്ജലിയുടെ 14 മരുന്നുകളുടെ വിലക്ക് ഉത്തരാഖണ്ഡിലെ പുഷ്കർ ധാമി സർക്കാർ പിൻവലിച്ചു.  ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി ഉന്നതതല സമിതി രൂപീകരിച്ചു, ഏപ്രിൽ 30ന് പതഞ്ജലിയുടെ 14 മരുന്നുകളുടെ നിർമാണ ലൈസൻസ്  സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു.പതഞ്ജലി ആയുർവേദ ലിമിറ്റഡും ദിവ്യ ഫാർമസിയും 1945ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക് നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ചതിന് ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി കഴിഞ്ഞ മാസം 14 ഉൽപന്നങ്ങളുടെ നിർമാണ ലൈസൻസ് സസ്പെൻഡ് ചെയ്യുകയായിരുന്നു.

click me!