രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കുക എന്നതാണ് പാക്കിസ്ഥാന്റെ പുതിയ ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
പാകിസ്ഥാനുമൊരു മന്മോഹൻ സിംഗ്.. പറഞ്ഞു വരുന്നത് പാക്കിസ്ഥാന്റെ പുതിയ ധനമന്ത്രിയെ കുറിച്ചാണ്. പാകിസ്ഥാനിൽ അധികാരത്തിൽ വന്ന പുതിയ സർക്കാരിലെ ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് രാജ്യത്തെ അറിയപ്പെടുന്ന ബാങ്കർ കൂടിയാണ്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കുക എന്നതാണ് മുഹമ്മദ് ഔറംഗസേബ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 1991-ൽ ധനമന്ത്രിയായിരിക്കെ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ ഡോ.മന്മോഹൻ സിംഗ് നടപ്പാക്കിയ തന്ത്രങ്ങളുടേത് പോലെ പാക്കിസ്ഥാനെ രക്ഷിക്കുന്നതിന് ഔറംഗസേബിന് സാധിക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ ഹബീബ് ബാങ്ക് ലിമിറ്റഡിഡ് (എച്ച്ബിഎൽ) ചെയർമാനും സിഇഒയുമായിരുന്നു 59 കാരനായ ഔറംഗസേബ്. ബാങ്കിംഗ് മേഖലയിൽ 35 വർഷത്തിലേറെ പരിചയമുണ്ട്. സിറ്റി ബാങ്കിൽ ആണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് ഏഷ്യാ പസഫിക് മേഖലയിലെ ഗ്ലോബൽ കോർപ്പറേറ്റ് ബാങ്കിന്റെ സിഇഒ ആയി ജെപി മോർഗനിൽ ചേർന്നു.
പാക്കിസ്ഥാനിലെ നിലവിലെ പ്രതിസന്ധിയെ കുറിച്ച് പുതിയ പ്രധാനമന്ത്രി നടത്തിയ നിരീക്ഷണങ്ങളും വാർത്തകളിലിടം പിടിച്ചു. “ആൻറിബയോട്ടിക്കുകൾ പ്രവർത്തിക്കാത്തതിനാൽ ഞങ്ങൾ ഒരു ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. ആഴത്തിലുള്ള ഒരു ശസ്ത്രക്രിയ ഉണ്ടാകും, അങ്ങനെ ഈ രാജ്യത്തിന്റെ വേരുകൾ ആഴത്തിലാക്കാൻ കഴിയും". പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു.
പാക്കിസ്ഥാനിൽ പിഎംഎൽ-എൻ, പിപിപി സഖ്യസർക്കാരാണ് നിലവിലുള്ളത്. ഔറംഗസീബിനെ ധനമന്ത്രിയാക്കാൻ ഇരുവിഭാഗവും താൽപര്യം കാണിച്ചതോടെയാണ് നാല് തവണ ധനമന്ത്രിയായ ഇസ്ഹാഖ് ദാറിന് വീണ്ടുമൊരു അവസരം നഷ്ടപ്പെട്ടത്. ഐഎംഎഫുമായുള്ള പ്രയാസകരമായ ചർച്ചകൾക്ക് പേരുകേട്ടയാളാണ് ഇസ്ഹാഖ് ദാർ. 6.5 ബില്യൺ പാക് രൂപയുടെ സഹായം നേടുന്നതിൽ രാജയപ്പെട്ടതോടെ അദ്ദേഹത്തിന് വിമർശനങ്ങൾ നേരിടേണ്ടിവന്നിരുന്നു.