ഇറാഖ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, കുവൈറ്റ്, കസാക്കിസ്ഥാൻ, അൾജീരിയ, ഒമാൻ എന്നീ രാജ്യങ്ങളും എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നത് തുടരുമെന്ന് ഒപെക് സെക്രട്ടറിയേറ്റ് അറിയിച്ചു.
ഈ വർഷം രണ്ടാം പാദത്തിൽ പ്രതിദിനം 2.2 ദശലക്ഷം ബാരൽ എണ്ണ ഉൽപ്പാദനം കുറയ്ക്കാൻ ഒപെക് തീരുമാനിച്ചതിനെത്തുടർന്ന് എണ്ണ വില വർധിച്ചു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 83.83 ഡോളറായി. ഈ വർഷം രണ്ടാം പാദത്തിന്റെ അവസാനം വരെ പ്രതിദിനം 1 ദശലക്ഷം ബാരൽ എണ്ണയാണ് സൗദി അറേബ്യ വെട്ടിക്കുറയ്ക്കുക. എണ്ണ ഉൽപ്പാദനവും കയറ്റുമതിയും പ്രതിദിനം 471,000 ബാരൽ കുറയ്ക്കുന്നതിനാണ് റഷ്യ തീരുമാനിച്ചിരിക്കുന്നത്. ഇറാഖ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, കുവൈറ്റ്, കസാക്കിസ്ഥാൻ, അൾജീരിയ, ഒമാൻ എന്നീ രാജ്യങ്ങളും എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നത് തുടരുമെന്ന് ഒപെക് സെക്രട്ടറിയേറ്റ് അറിയിച്ചു.
ആഗോള വിപണിയിലെ എണ്ണ വില ഇടിയുന്നത് പിടിച്ചു നിർത്തുന്നതിന്റെ ഭാഗമായാണ് എണ്ണ ഉൽപ്പാദനം കുറയ്ക്കുന്നത്. അമേരിക്കയിൽ നിന്നും മറ്റ് ഒപെക് ഇതര രാജ്യങ്ങളിൽ നിന്നുമുള്ള ഉൽപ്പാദനം വർധിച്ചതിനാൽ വിപണി സുസ്ഥിരമാക്കാൻ ആണ് എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയുടെ ഈ ശ്രമം.
അതേസമയം ഉൽപ്പാദനം കുറയ്ക്കുന്നത് എണ്ണ വിലയിൽ വലിയ തോതിലുള്ള വർധനയ്ക്ക് വഴിവയ്ക്കില്ലെന്നാണ് വിലയിരുത്തൽ . അമേരിക്ക എണ്ണ ഉൽപ്പാദനം വർധിപ്പിക്കുന്നതും ആഗോളതലത്തിൽ എണ്ണയ്ക്ക് ഡിമാന്റ് വർധിക്കാത്തതുമാണ് ഇതിനുള്ള കാരണങ്ങൾ. യൂറോപ്പ്, ചൈന, അമേരിക്ക തുടങ്ങി ലോകത്തിലെ പല രാജ്യങ്ങളുടെയും സാമ്പത്തിക രംഗത്ത് കാര്യമായ മുന്നേറ്റമില്ല. ലോകത്തിലെ പല രാജ്യങ്ങളിലും തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നുവെന്നതും എണ്ണയുടെ വില വലിയ തോതിൽ വർധിക്കുന്നതിന് തടസമാണ്.