500 പേരെ പിരിച്ചുവിടാൻ ഒല; പകരം കുറഞ്ഞ ശമ്പളത്തിൽ നിയമനം, കാരണം ഇതോ

By Web Team  |  First Published Jun 3, 2024, 5:23 PM IST

പിരിച്ചുവിട്ടവര്‍ക്ക് പകരമായി കുറഞ്ഞ ശമ്പളത്തില്‍ പകരം ആളുകള്‍ക്ക് നിയമനം നല്‍കിയേക്കും. ഈ സാഹചര്യത്തില്‍ ഉയര്‍ന്ന ശമ്പളമുള്ളവരെയായിരിക്കും പിരിച്ചുവിടുന്നതിന് തെരഞ്ഞെടുക്കാന്‍ സാധ്യത.


രാജ്യത്തെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഒല ഇലക്ട്രിക് അഞ്ഞൂറോളം ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്ന് സൂചന. ചെലവ് കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. പ്രാഥമിക ഓഹരി വില്‍പനയ്ക്ക് മുമ്പായി കമ്പനിയുടെ ആകെ പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. ഏതൊക്കെ വിഭാഗങ്ങളിലാണ് ആളുകളെ പിരിച്ചുവിടേണ്ടതെന്നും എത്ര പേരെ പിരിച്ചുവിടണമെന്നുമുള്ള കാര്യങ്ങളില്‍ ഉടന്‍ അന്തിമതീരുമാനമെടുക്കും.

അതേ സമയം പിരിച്ചുവിട്ടവര്‍ക്ക് പകരമായി കുറഞ്ഞ ശമ്പളത്തില്‍ പകരം ആളുകള്‍ക്ക് നിയമനം നല്‍കിയേക്കും. ഈ സാഹചര്യത്തില്‍ ഉയര്‍ന്ന ശമ്പളമുള്ളവരെയായിരിക്കും പിരിച്ചുവിടുന്നതിന് തെരഞ്ഞെടുക്കാന്‍ സാധ്യത. നിലവില്‍ 3733 പേരാണ് ഒലയില്‍ പ്രവര്‍ത്തിക്കുന്നത്. ഒല ക്യാബ്സ് കഴിഞ്ഞ ഏപ്രിലില്‍ ഇരുന്നൂറോളം പേരെ പിരിച്ചുവിട്ടിരുന്നു. 

Latest Videos

undefined

പ്രാഥമിക ഓഹരി വില്‍പനയിലൂടെ 4,150 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. അടുത്ത മൂന്ന് മാസത്തിനുള്ളിൽ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) അംഗീകാരത്തിനായി ഐപിഒ പേപ്പറുകൾ സമർപ്പിക്കും. സോഫ്റ്റ്‌ബാങ്ക് നിക്ഷേപമുള്ള കമ്പനിയാണ് ഓല. 2021-ൽ 1 ബില്യൺ ഡോളർ സമാഹരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന്, പൊതു നിക്ഷേപം സമാഹരിക്കുന്നതിനുള്ള ഒലയുടെ രണ്ടാമത്തെ ശ്രമമാണിത്.2021-ലെ ധനസമാഹരണത്തിൽ ഒലയുടെ മൂല്യം 7 ബില്യൺ ഡോളറായിരുന്നു, എന്നാൽ പിന്നീട് ഈ മൂല്യം വെട്ടിക്കുറച്ചു. നിലവില്‍ ഒലയുടെ വിപണി മൂല്യം 1.9 ബില്യൺ ഡോളറാണ്.


ഇന്ത്യയിലെ സ്റ്റാർട്ടപ്പ് രംഗത്തെ ശ്രദ്ധേയനായ ഭവിഷ് അഗർവാളാണ് ഒല സ്ഥാപിച്ചത്. യുകെ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവയിലെ പ്രവർത്തനം ഒല നേരത്തെ അവസാനിപ്പിച്ചിരുന്നു. 

click me!