വായ്പ എടുക്കുന്നത് കുട്ടിക്കളിയല്ല; അടിമുടി മാറ്റത്തിന് എൻസിപിഐ

By Aavani P K  |  First Published Feb 10, 2024, 4:25 PM IST

സ്വന്തമായി ക്രെഡിറ്റ് സ്‌കോർ ആരംഭിക്കുമെന്ന് എൻപിസിഐ വ്യക്തമാക്കി. ഡിജിറ്റൽ പേയ്‌മെൻറ് സ്‌കോർ കൊണ്ടുവരാനാണ്  ഇതിലൂടെ എൻപിസിഐ ലക്ഷ്യമിടുന്നത്.


യുപിഐക്ക് പിന്നാലെ സാധാരണക്കാർക്ക് സഹായകരമാകുന്ന മറ്റൊരു പദ്ധതിയുമായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ.  സ്വന്തമായി ക്രെഡിറ്റ് സ്‌കോർ ആരംഭിക്കുമെന്ന് എൻപിസിഐ വ്യക്തമാക്കി. ഡിജിറ്റൽ പേയ്‌മെൻറ് സ്‌കോർ കൊണ്ടുവരാനാണ്  ഇതിലൂടെ എൻപിസിഐ ലക്ഷ്യമിടുന്നത്. ക്രെഡിറ്റ് സ്‌കോറിംഗ് സംവിധാനം മെച്ചപ്പെടുത്തുകയാണ് എൻപിസിഐയുടെ ഡിജിറ്റൽ പേയ്‌മെന്റ് സ്‌കോർ കൊണ്ട് ആത്യന്തികമായി ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ചില ബാങ്കുകളുമായി സഹകരിച്ച്  പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി തുടങ്ങും.

പല വികസിത രാജ്യങ്ങളിലുമുള്ള ക്രെഡിറ്റ് സ്‌കോറിംഗിനേക്കാൾ പിന്നിലാണ് ഇന്ത്യയിലെ ക്രെഡിറ്റ് സ്‌കോറിംഗ് . ഇപ്പോൾ രാജ്യത്തെ ജനങ്ങൾക്ക് ക്രെഡിറ്റ് സ്‌കോറിനെ കുറിച്ച് വളരെ കുറച്ച് വിവരമേ ഉള്ളൂ. ഇതുമൂലം ജനങ്ങൾക്ക് പലപ്പോഴും പ്രശ്‌നങ്ങൾ നേരിടേണ്ടിവരുന്നു.  ഉദാഹരണത്തിന് യുഎസ് പോലുള്ള ഒരു വിപണിയിൽ, ഒരു വിദ്യാർത്ഥി  ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ തുടങ്ങുന്നത് അവർക്ക് ആവശ്യമുള്ളതുകൊണ്ടല്ല, മറിച്ച് അവരുടെ ക്രെഡിറ്റ് ഹിസ്റ്ററി കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടാണെന്ന് എൻപിസിഐ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ   പ്രവീണ റായ് പറഞ്ഞു.
 
ഒരു ബാങ്കിൽ നിന്നോ ബാങ്കിതര ധനകാര്യ സ്ഥാപനത്തിൽ നിന്നോ വായ്പ എടുക്കാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിക്കും ക്രെഡിറ്റ് സ്കോർ അനിവാര്യമാണ്. വീട് വാങ്ങാൻ  ഹോം ലോൺ വേണമെങ്കിലും പുതിയ കാർ വാങ്ങാൻ കാർ ലോൺ വേണമെങ്കിലും ക്രെഡിറ്റ് സ്‌കോറോ ക്രെഡിറ്റ് ഹിസ്റ്ററിയോ ഇല്ലാതെ ലോൺ ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. ഒരു ക്രെഡിറ്റ് സ്കോർ ഉണ്ടാക്കുന്നതിന്, ഒരു ക്രെഡിറ്റ് കാർഡോ വായ്പയോ ആവശ്യമാണ്. അതിനുശേഷമേ ആളുകളുടെ ക്രെഡിറ്റ് പ്രൊഫൈൽ തയ്യാറാക്കൂ.

click me!