നോ-കോസ്റ്റ് ഇഎംഐകളില്‍ നിന്ന് ആര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ പ്രയോജനം ലഭിക്കുന്നത്? 'പൂജ്യം' പലിശ വാഗ്ദാനം ചെയ്തിട്ടും ബാങ്കുകളും റീട്ടെയിലര്‍മാരും എങ്ങനെ ലാഭം നേടുന്നു?
'ഇന്ന് തന്നെ വീട്ടിലേക്ക് കൊണ്ടുപോകൂ! നോ-കോസ്റ്റ് ഇഎംഐ, പൂജ്യം പലിശ.' നാം എപ്പോഴും കേള്‍ക്കുന്ന ഒരു ഓഫറാണിത്. സ്മാര്‍ട്ട്ഫോണുകളോ ലാപ്ടോപ്പുകളോ വീട്ടുപകരണങ്ങളോ വസ്ത്രങ്ങളോ ആകട്ടെ, പല വ്യാപാര സ്ഥാപനങ്ങളും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളും പതിവായി നല്‍കുന്ന വാ്ഗ്ദാനങ്ങളിലൊന്നാണിത്. വാങ്ങുന്ന ഉല്‍പ്പന്നത്തിന്‍റെ വില ചെറിയ, പലിശ രഹിത ഗഡുക്കളായി തിരിച്ചടയ്ക്കാം എന്ന ഓഫര്‍ ഒരു പക്ഷെ ആകര്‍ഷകമായി തോന്നും.എന്നാല്‍ എന്താണ് വസ്തുത? നോ-കോസ്റ്റ് ഇഎംഐകളില്‍ നിന്ന് ആര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ പ്രയോജനം ലഭിക്കുന്നത്? 'പൂജ്യം' പലിശ വാഗ്ദാനം ചെയ്തിട്ടും ബാങ്കുകളും റീട്ടെയിലര്‍മാരും എങ്ങനെ ലാഭം നേടുന്നു?
നോ-കോസ്റ്റ് ഇഎംഐ നേട്ടം ആര്‍ക്ക്?
നോ-കോസ്റ്റ് ഇഎംഐകള്‍ പൂര്‍ണ്ണമായും സൗജന്യമല്ലെന്നതാണ് വസ്തുത. ഉല്‍പ്പന്നത്തിന്‍റെ വില കൂട്ടിയിട്ട് പലിശ തുക കൂടി ഈടാക്കുകയോ, അധിക ചില ചാര്‍ജുകള്‍ ചുമത്തിയോ ആണ് നോ കോസ്റ്റ് ഇഎംഐയിലെ നഷ്ടം നികത്തുന്നത്. ബാങ്കുകളും വ്യാപാരികളും 'നഷ്ടപ്പെട്ട' പലിശ വരുമാനം പ്രധാനമായും മൂന്ന് തരത്തില്‍ ആണ് വീണ്ടെടുക്കുന്നത്.
1. ഉപഭോക്താവിന് ലഭിക്കുമായിരുന്ന ഡിസ്കൗണ്ട് കുറച്ച് പലിശ വരുമാനം ഈടാക്കുന്നു.
2. പ്രോസസ്സിംഗ് ഫീസ്, മറ്റ് ചെലവുകള്‍, പലിശയ്ക്ക് ജിഎസ്ടി എന്നിവ ഈടാക്കുന്നു
3. ചില്ലറ വ്യാപാരികള്‍ എംആര്‍പി വര്‍ദ്ധിപ്പിക്കുകയും പലിശ ചെലവ് ഈടാക്കുകയും ചെയ്യുന്നു
കൂടുതല്‍ ഉപഭോക്താക്കള്‍ ഇഎംഐ തിരഞ്ഞെടുക്കുന്നതിലൂടെ വില്‍പന ഉയര്‍ത്താനും അത് വഴി മൊത്തത്തിലുള്ള വരുമാനം വര്‍ദ്ധിപ്പിക്കാനും വ്യാപാരികള്‍ക്ക് സാധിക്കും. 'നോ-കോസ്റ്റ്' എന്ന ടാഗ്ലൈന്‍ ഉണ്ടായിരുന്നാലും, പ്രോസസ്സിംഗ് ഫീസ്, പലിശയ്ക്ക് ജിഎസ്ടി (18%), ഡിഫോള്‍ട്ട് പിഴകള്‍ (വൈകിയുള്ള പേയ്മെന്‍റ് പിഴ പലിശ പലപ്പോഴും പ്രതിവര്‍ഷം 24% വരെയാകാം) എന്നിവയിലൂടെ ബാങ്കുകള്‍ക്ക് വരുമാനം നേടാന്‍ കഴിയും.