സിമന്റിന് പിന്നാലെ കേബിള്‍, വയര്‍ ബിസിനസില്‍ കൊമ്പുകോർക്കാൻ അദാനിയും ബിർളയും

വയര്‍ വിപണിയില്‍ 15 ശതമാനത്തില്‍ കൂടുതല്‍ വിഹിതവും കേബിളുകളില്‍ 20 ശതമാനത്തില്‍ കൂടുതല്‍ വിഹിതവും ഒരു കമ്പനിക്കും ഇല്ലാത്ത വ്യവസായ മേഖലയാണിത്.

Adani Aditya Birla groups to compete in wire & cable industry after cement

സിമന്‍റിന് പിന്നാലെ കേബിള്‍, വയര്‍ ബിസിനസിലും പരസ്പരം മത്സരിക്കാനൊരുങ്ങി അദാനി ഗ്രൂപ്പും ആദിത്യ ബിര്‍ള ഗ്രൂപ്പും. 50 മുതല്‍ 400 കോടി രൂപ അവരെ വരുമാനമുള്ള ചെറുകിട ഇടത്തരം സംരംഭങ്ങള്‍ മുതല്‍ വന്‍കിട ബിസിനസ് ഗ്രൂപ്പുകള്‍ വരെ പ്രവര്‍ത്തിക്കുന്ന കേബിള്‍,വയര്‍ ബിസിനസ്സില്‍ ഏകദേശം 400 ബിസിനസ് സംരംഭങ്ങളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഈ മേഖലയിലേക്കാണ് രണ്ട് വമ്പന്‍മാരുടെ കടന്നു വരവ്. 56000 കോടി രൂപ മൂല്യമുള്ളതാണ് ഇന്ത്യയിലെ കേബിള്‍ വിപണി. വയറുകളുടെ വിപണിയുടെ ആകെ മൂല്യം 24000 കോടി രൂപയാണ്. ഇത്തരത്തില്‍ ആകെ 80,000 കോടി രൂപ വിപണിമൂല്യമുള്ള മേഖലയിലേക്കാണ് അദാനി ഗ്രൂപ്പും ആദിത്യ ബിര്‍ള ഗ്രൂപ്പും പ്രവേശിക്കുന്നത്. 2029 ആകുമ്പോഴേക്കും രാജ്യത്തെ ആകെ കേബിള്‍ വയര്‍ വ്യവസായ വിപണി 1,30,000 കോടി രൂപ മൂല്യമുള്ളതായി ഉയരുമെന്നാണ് കണക്ക്. വയര്‍ വിപണിയില്‍ 15 ശതമാനത്തില്‍ കൂടുതല്‍ വിഹിതവും കേബിളുകളില്‍ 20 ശതമാനത്തില്‍ കൂടുതല്‍ വിഹിതവും ഒരു കമ്പനിക്കും ഇല്ലാത്ത വ്യവസായ മേഖലയാണിത്. അതുകൊണ്ടുതന്നെ ശക്തരായ കമ്പനികളുടെ കടന്നു വരവ് ഈ മേഖലയില്‍ പുതിയ മത്സരത്തിന് കാരണമാകും.

ഫെബ്രുവരി 25 ന് ആദിത്യ ബിര്‍ള ഗ്രൂപ്പിന്‍റെ മുന്‍നിര കമ്പനിയായ അള്‍ട്രാടെക് സിമന്‍റ്, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 1,800 കോടി രൂപ നിക്ഷേപിച്ച് വയര്‍, കേബിള്‍ വിഭാഗത്തില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് ഏകദേശം ഒരു മാസത്തിന് ശേഷം അദാനി ഗ്രൂപ്പും തങ്ങളുടെ സംരംഭവുമായി രംഗത്തെത്തുകയായിരുന്നു. ഇതിന്‍റെ ഭാഗമായി അദാനി എന്‍റര്‍പ്രൈസസ് അതിന്‍റെ സബ്സിഡിയറിയായ കച്ച് കോപ്പര്‍ ലിമിറ്റഡ് (കെസിഎല്‍) വഴി പ്രണീത വെഞ്ച്വേഴ്സുമായി സഹകരിച്ച് പ്രണീത ഇക്കോകേബിള്‍സ് എന്ന സംയുക്ത സംരംഭം രൂപീകരിച്ചു,  ലോഹ ഉല്‍പ്പന്നങ്ങള്‍, കേബിളുകള്‍, വയറുകള്‍ എന്നിവ നിര്‍മ്മിച്ച് വില്‍ക്കുന്നതാണ് ഈ സംരംഭം. വയര്‍, കേബിള്‍ വ്യവസായത്തിന്‍റെ പ്രധാന ഘടകമായ ചെമ്പ് ബിസിനസില്‍ ആദിത്യ ബിര്‍ളയ്ക്കും അദാനിക്കും സാന്നിധ്യമുണ്ട്. അലുമിനിയം, ചെമ്പ് ഉല്‍പാദനത്തില്‍ മുന്‍പന്തിയിലുള്ള ആദിത്യ ബിര്‍ളയുടെ കമ്പനിയാണ് ഹിന്‍ഡാല്‍കോ. കേബിള്‍,വയര്‍ ബിസിനസിന് കുതിപ്പേകാന്‍ ബിര്‍ളയെ ഇത് സഹായിക്കും. അദാനിയ്ക്കാകട്ടെ കച്ച് കോപ്പര്‍ എന്ന സംരംഭവും സ്വന്തമായുണ്ട്.

Latest Videos

മറ്റ് കമ്പനികള്‍ക്ക് തിരിച്ചടി

ബിര്‍ളയ്ക്ക് പിന്നാലെ അദാനിയും കേബിള്‍, വയര്‍ ബിസിനസ് മേഖലയിലേക്കുള്ള കടന്നുവരവ് പ്രഖ്യാപിച്ചതിന് പിന്നാലെ വയര്‍, കേബിള്‍ വിഭാഗങ്ങളിലെ ലിസ്റ്റഡ് കമ്പനികളുടെ ഓഹരി വിലകള്‍ ഇടിഞ്ഞിരുന്നു. 
ഈ വിഭാഗത്തിലെ മുന്‍നിരക്കാരായ പോളികാബ് ഇന്ത്യ, കെഇഐ ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഓഹരി വില മാര്‍ച്ച് 20 ന് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഹാവല്‍സിന്‍റെ ഓഹരികള്‍ 5 ശതമാനം ഇടിഞ്ഞു, ഫിനോലെക്സ് കേബിള്‍സിന്‍റെ ഓഹരികള്‍  4 ശതമാനം ആണ് ഇടിഞ്ഞത്

vuukle one pixel image
click me!