വെറും 5 ദിവസം, '2018' വീണു! മുന്നിൽ ഒരേയൊരു ചിത്രം; ആഗോള ബോക്സ് ഓഫീസിനെ അമ്പരപ്പിച്ച് എമ്പുരാന്‍റെ പടയോട്ടം

ലൂസിഫറിന്‍റെ രണ്ടാം ഭാഗമായി തിയറ്ററുകളിലെത്തിയ ചിത്രം

empuraan surpassed 2018 movie to reach 200 crore club mohanlal prithviraj sukumaran tovino thomas

മലയാള സിനിമയുടെ ബോക്സ് ഓഫീസില്‍ എമ്പുരാനോളം അതിവേഗം കുതിച്ച ചിത്രങ്ങള്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. വെറും രണ്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. ആദ്യ വാരാന്ത്യ കളക്ഷന്‍ എത്തിയപ്പോള്‍ ചിത്രം ഈ വര്‍ഷത്തെ ഇന്ത്യന്‍ ലിസ്റ്റില്‍ത്തന്നെ ഒന്നാം സ്ഥാനം നേടിയെടുത്തിരുന്നു. എന്നാല്‍ വാരാന്ത്യം പിന്നിട്ടപ്പോഴും ജനത്തെ കൂട്ടത്തോടെ തിയറ്ററുകളിലെത്തിക്കുന്നത് തുടരുകയാണ് ചിത്രം. ഇപ്പോഴിതാ ബോക്സ് ഓഫീസില്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍റെ മോഹന്‍ലാല്‍ ചിത്രം.

ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മലയാളത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ കളക്ഷന്‍ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് എമ്പുരാന്‍. ടൊവിനോ തോമസ് നായകനായ 2018 എന്ന ചിത്രത്തെ മറികടന്നാണ് എമ്പുരാന്‍റെ നേട്ടം. 175.4 കോടി ആയിരുന്നു 2018 ന്‍റെ ലൈഫ് ടൈം ബോക്സ് ഓഫീസ് നേട്ടം. വെറും അഞ്ച് ദിനങ്ങള്‍ കൊണ്ടാണ് എമ്പുരാന്‍ ഇതിനെ മറികടന്നിരിക്കുന്നത്. ഒപ്പം 200 കോടി ക്ലബ്ബില്‍ ഇടംപിടിക്കുകയും ചെയ്തു. ഔദ്യോഗികമായിത്തന്നെ അണിയറക്കാര്‍ ഇക്കാര്യം അറിയിച്ചിട്ടുമുണ്ട് ഇപ്പോള്‍. മോഹന്‍ലാലിന്‍റെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രവുമാണ് ഇത്. മഞ്ഞുമ്മല്‍ ബോയ്സ് മാത്രമാണ് മലയാളത്തില്‍ എമ്പുരാന് മുന്നില്‍ കളക്ഷനില്‍ അവശേഷിക്കുന്നത്. 240 കോടിയാണ് മഞ്ഞുമ്മലിന്‍റെ നേട്ടം. 

Latest Videos

ആദ്യ വാരാന്ത്യത്തിന് ശേഷം പെരുന്നാള്‍ പൊതു അവധി ആയതിന്‍റെ ഗുണവും ചിത്രത്തിന് ഇന്ന് തിയറ്ററുകളില്‍ ലഭിച്ചിട്ടുണ്ട്. മികച്ച ഒക്കുപ്പന്‍സിയോടെയാണ് കേരളത്തിലും ബെംഗളൂരു അടക്കമുള്ള നഗരങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചിത്രം റീ സെന്‍സര്‍ ചെയ്യുന്നതായി വാര്‍ത്ത വന്നതിനെതിന് പിന്നാലെ ശനിയാഴ്ച വൈകിട്ട് മുതല്‍ ടിക്കറ്റ് വില്‍പ്പനയില്‍ വലിയ കുതിപ്പ് നടന്നിരുന്നു. റീ സെന്‍സര്‍ ചെയ്ത പതിപ്പ് ഇന്ന് വൈകിട്ട് പ്രദര്‍ശനം ആരംഭിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ പുതിയ പതിപ്പ് ഇനിയും തിയറ്ററുകളില്‍ എത്തിയിട്ടില്ല. ഇത് നാളെയോടെയേ പ്രദര്‍ശനം ആരംഭിക്കൂ എന്നാണ് അറിയുന്നത്.

ALSO READ : പ്രണയാര്‍ദ്രം ഈ 'അഭിലാഷം'; റിവ്യൂ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!