മ്യൂസിക്കും വീഡിയോയും ഒന്നും ആവശ്യമില്ലാത്ത ഷോപ്പിങ് പ്രേമികളെ മാത്രം മുന്നിൽ കണ്ട് തയ്യാറാക്കിയതാണ് പുതിയ പദ്ധതി.
കൊച്ചി: ഓൺലൈൻ ഷോപ്പിംഗ് ഉപഭോക്താക്കൾക്ക് മികച്ച അനുഭവം സമ്മാനിക്കാൻ ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി ഇ-കൊമേഴ്സ് ഭീമൻ ആമസോൺ. ഓർഡർ ചെയ്യുന്ന സാധനങ്ങളുടെ വേഗത്തിലുള്ള ഷിപ്പിങും ഷോപ്പിങിനുള്ള മറ്റ് അനേകം ആനുകൂല്യങ്ങലും വാഗ്ദാനം ചെയ്തുകൊണ്ടുള്ള പുതിയ സംവിധാനത്തിന് ആമസോൺ പ്രൈം ഷോപ്പിംഗ് എഡീഷൻ എന്നാണ് പേരിട്ടിരിക്കുന്നത്. പ്രീമിയം സേവനങ്ങൾക്ക് വേണ്ടി 399 രുപയുടെ വാർഷിക മെംബർഷിപ്പ് ഫീസ് കൂടി നൽകണമെന്ന് മാത്രം.
നേരത്തെ അവതരിപ്പിച്ച ഇപ്പോഴും പ്രാബല്യത്തിലുള്ള ആമസോൺ പ്രൈമിൽ നിന്ന് വ്യത്യസ്തമായി വീഡിയോ, മ്യൂസിക് പോലുള്ള വിനോദ ആനുകൂല്യങ്ങളൊന്നും പ്രൈം ഷോപ്പിംഗ് എഡീഷനിൽ ഇല്ലെന്നതാണ് പ്രധാന സവിശേഷത. മ്യൂസിക്കും വീഡിയോയും ഒന്നും ആവശ്യമില്ലാത്ത ഷോപ്പിങ് പ്രേമികളെ മാത്രം മുന്നിൽ കണ്ട് തയ്യാറാക്കിയതാണ് ഇതെന്ന് സാരം. ഡിജിറ്റൽ അല്ലെങ്കിൽ വിനോദ ആനുകൂല്യങ്ങളോട് താല്പര്യം കുറവുള്ള, എന്നാൽ ഓൺലൈൻ ഷോപ്പിങ് ആഗ്രഹമുള്ള ആൻഡ്രോയ്ഡ് മൊബൈൽ ഉപഭോക്താക്കൾക്ക് വണ്ടി പ്രേത്യേകം സജ്ജമാക്കിയതാണ് പ്രൈം ഷോപ്പിംഗ് എഡീഷനെന്ന് ആമസോൺ പ്രൈം വൈസ് പ്രസിഡന്റ് ജമീൽ ഘാനി പറഞ്ഞു.
undefined
2016 ൽ ഇന്ത്യയിൽ അവതരിപ്പിച്ച ആസമോൺ പ്രൈമിൽ, പത്തുലക്ഷത്തിലധികം വരുന്ന ഉല്പന്നങ്ങൾ ഓർഡർ ചെയ്യുന്ന അതേ ദിവസം തന്നെ ഡിലിവറിയും നാല്പതുലക്ഷത്തിലധികം ഉല്പന്നങ്ങൾക്ക്പിറ്റേ ദിവസം ഡെലിവറിയും പോലുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നുണ്ട്. ഈ ആനുകൂല്യങ്ങൾ കിട്ടാൻ മിനിമം ഓർഡർ പരിധിയുമില്ല. മാത്രമല്ല പ്രൈം ഡേ, ഗ്രേറ്റ് ഇൻഡ്യൻ ഫെസ്റ്റിവൽ പോലുള്ള ഷോപ്പിംഗ് പരിപാടികൾ വരുമ്പോൾ സാധാരണ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതിനേക്കാൾ നേരത്തെ ഓഫറുകൾ ലഭ്യമാക്കുകയും ചെയ്യും. ഇതിന് പുറമെയാണ് പ്രൈം വീഡിയോ, പ്രൈം മ്യൂസിക്, പ്രൈം ഗെയിമിംഗ്, പ്രൈം റീഡിംഗ് പോലുള്ള വിനോദ സംവിധാനങ്ങൾ കൂടി വാഗ്ദാനം ചെയ്യുന്നത്.