വിവാഹ ചടങ്ങ് മാത്രമല്ല, 50 നവദമ്പതികള്‍ക്ക് മുകേഷ് അംബാനിയുടെ വിവാഹ സമ്മാനം ഇതാണ്

By Web TeamFirst Published Jul 3, 2024, 1:19 PM IST
Highlights

അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് പത്ത് ദിവസം മാത്രം ശേഷിക്കെ, അംബാനി കുടുംബം നിരാലംബരായ ദമ്പതികൾക്കായി സമൂഹ വിവാഹ ചടങ്ങ് നടത്തി.

രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹമാണ് ഈ മാസം 12 ന്. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ (ബികെസി) ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ വെച്ചാണ് ചടങ്ങുകൾ നടക്കുക. വിവാഹത്തിന് മുന്നോടിയായി നിരവധി ആഘോഷ പരിപാടികൾ അംബാനി കുടുംബം ഇതിനകം നടത്തി കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മകന്റെ വിവാഹത്തിന് മുൻപായി മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ അധഃസ്ഥിതർക്കായി സമൂഹ വിവാഹം നടത്തിയിരിക്കുകയാണ് മുകേഷ് അംബാനി. 

അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് പത്ത് ദിവസം മാത്രം ശേഷിക്കെ, അംബാനി കുടുംബം നിരാലംബരായ ദമ്പതികൾക്കായി സമൂഹ വിവാഹ ചടങ്ങ് നടത്തി. നവി മുംബൈയിൽ റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ (ആർസിപി) നടന്ന സമൂഹ വിവാഹത്തിൽ പാൽഘർ ജില്ലയിലെ 50 ദമ്പതികൾ വിവാഹിതരായി. ചടങ്ങിൽ മുകേഷ് അംബാനി, നിത അംബാനി, ആകാശ് അംബാനി, ശ്ലോക അംബാനി, ഇഷ അംബാനി, ആനന്ദ് പിരാമൽ എന്നിവരുൾപ്പെടെ മുഴുവൻ കുടുംബവും പങ്കെടുത്തു.

വിവാഹം ചെയ്ത ഓരോ ദമ്പതികൾക്കും ഒരു വർഷത്തേക്ക് ആവശ്യമായ പലചരക്ക് സാധനങ്ങളും വീട്ടുപകരണങ്ങളും മുകേഷ് അംബാനി സമ്മാനിച്ചു. പലചരക്ക് സാധനങ്ങൾ, പാത്രങ്ങൾ, ഗ്യാസ് സ്റ്റൗ, മിക്‌സർ, ഫാൻ തുടങ്ങിയ വീട്ടുപകരണങ്ങൾ, മെത്തയും തലയിണയും ഇതിൽ ഉൾപ്പെടുന്നു.

വധൂവരന്മാരുടെ കുടുംബാംഗങ്ങൾ, പ്രാദേശിക സാമൂഹിക പ്രവർത്തകർ എന്നിവരുൾപ്പെടെ 800-ലധികം ആളുകൾ സമൂഹ വിവാഹത്തിൽ പങ്കെടുത്തു. ചടങ്ങിനുശേഷം അതിഥികൾക്കായി അംബാനി കുടുംബം വിരുന്നൊരുക്കി.

അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ ഇതിനു മുൻപും ശ്രദ്ധ നേടിയിട്ടുണ്ട്. ജാംനഗറിൽ നടന്ന ആദ്യ പരിപാടിയിൽ ലോകമെമ്പാടുമുള്ള പ്രമുഖരുടെ സാന്നിധ്യം ഉണ്ടായിരുന്നു. രണ്ടാമത്തെ ഇവൻ്റ്, ക്രൂയിസ് യാത്രയായിരുന്നു. 
 

click me!