ഏകദേശം 2,500 വിഭവങ്ങൾ ആണ് ഈ വിരുന്നിൽ അതിഥികൾക്കായി മുകേഷ് അംബാനി ഒരുക്കിയിരുന്നത്. മുകേഷ് അംബാനി മകന്റെ വിവാഹ ആഘോഷങ്ങൾക്ക് തെരഞ്ഞെടുത്ത ഐസ്ക്രീമിനെ സ്പെഷ്യൽ ആക്കുന്നത് എന്താണ്
അനന്ത് അംബാനിയുടെ വിവാഹത്തോടനുബന്ധിച്ചുള്ള ആഘോഷ ചടങ്ങുകൾക്ക് ഈ വർഷമാദ്യം രാജ്യം സാക്ഷ്യം വഹിച്ചിരുന്നു. ചടങ്ങിലേക്ക് ലോകത്തെ പല സമ്പന്നരും ഒഴുകിയെത്തി എന്ന് തന്നെ പറയാം. ഫേസ്ബുക്ക് ഉടമ മാർക്ക് സക്കർബർഗും ബിൽഗേറ്റ്സും ഉൾപ്പടെ പങ്കെടുത്ത വിരുന്ന് ആഗോള ശ്രദ്ധ തന്നെ പിടിച്ചുപറ്റിയിരുന്നു. ഗുജറാത്തിലെ ജാംനഗറിൽ നടന്ന 3 ദിവസത്തെ പരിപാടിയിൽ ബോളിവുഡ് സൂപ്പർതാരങ്ങളും രാഷ്ട്രീയ പ്രമുഖരും വ്യവസായികളും പങ്കെടുത്തു. ഏകദേശം 2,500 വിഭവങ്ങൾ ആണ് ഈ വിരുന്നിൽ അതിഥികൾക്കായി മുകേഷ് അംബാനി ഒരുക്കിയിരുന്നത്. ചില സ്വദേശ ബ്രാൻഡുകളും ഇതിൽ ഇടം പിടിച്ചിട്ടുണ്ട്. അതിൽ എല്ലാവരുടെയും ശ്രദ്ധ നേടിയത് അഹമ്മദാബാദിലെ ശങ്കർ ഐസ്ക്രീം ആയിരുന്നു.
എന്താണ് ശങ്കർ ഐസ്ക്രീമിനെ സ്പെഷ്യൽ ആക്കുന്നത്? 1960 മുതൽഅഹമ്മദാബാദിൽ ഏറ്റവും മികച്ച പ്രീമിയം ഐസ്ക്രീമുകൾ വിൽക്കുന്ന കമ്പനിയാണ് ശങ്കർ ഐസ്ക്രീം. ഭാഗ്യേഷ് സാംനാനിയാണ് ശങ്കര് ഐസ്ക്രീമിൻ്റെ ഡയറക്ടർ. മൂന്നാം തലമുറയിലെ സംരംഭകനാണ് ഭാഗ്യേഷ് സാംനാനി. അദ്ദേഹത്തിന്റെ പിതാവ് അരുൺഭായ് സാമ്‌നാനിയിൽ നിന്ന് 2013-ൽ ആണ് ഭാഗ്യേഷ് ഡയറക്ടർ സ്ഥാനം ഏറ്റെടുക്കുന്നത്. ഭാഗ്യേഷിൻ്റെ മുത്തച്ഛൻ ഗോപിലാൽ സാംനാനി അഹമ്മദാബാദിലെ ലോ ഗാർഡനിൽ സ്ഥാപിച്ചതാണ് ശങ്കർ ഐസ്ക്രീം.
2017ൽ അഹമ്മദാബാദിൽ ശങ്കർ ഐസ്‌ക്രീം ലൈബ്രറി എന്ന പേരിൽ ഭാഗ്യേഷ് ഐസ്‌ക്രീം പാർലർ തുടങ്ങി. ബ്ലാക്ക് ജാമുൻ, ജാമുൻ-മാമ്പഴം, തണ്ണിമത്തൻ, മിക്സഡ് ബെറികൾ തുടങ്ങി വിവിധ സ്പെഷ്യൽ രുചികളിൽ ഐസ്ക്രീം ലഭിക്കും. വൈവിധ്യമാർന്ന പൂക്കൾ, പരിപ്പ്, ചോക്ലേറ്റുകൾ, പഴങ്ങൾ എന്നിവ ഉപയോഗിച്ച് ശങ്കർ ഐസ്ക്രീം രുചികൾ 1300-ലധികം ഉണ്ട്. ഇതുകൊണ്ടു തന്നെയാണ് മുകേഷ് അംബാനി മകന്റെ വിവാഹ ആഘോഷങ്ങൾക്ക് ശങ്കർ ഐസ്‌ക്രീം തെരഞ്ഞെടുത്തത് എന്നാണ് റിപ്പോർട്ട്.