ലുലു മെഗാ കൺവൻഷൻ സെന്ററിന് തറക്കല്ലിട്ടതിന് ശേഷമായിരുന്നു ജഗൻ മോഹൻ സർക്കാർ സ്ഥലം അനുവദിച്ച തീരുമാനം റദ്ദാക്കിയത്
വിശാഖപട്ടണം: ആന്ധ്രയിൽ ഇനി നിക്ഷേപത്തിനില്ലെന്ന നിലപാട് മാറ്റി ലുലു ഗ്രൂപ്പ്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻ്റെ വീട്ടിലെത്തി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ഒടുവിലാണ് തീരുമാനം. സംസ്ഥാനത്തെ മൂന്ന് നഗരങ്ങളിൽ ലുലു ഗ്രൂപ്പ് മാൾ നിർമ്മിക്കുമെന്ന് ചർച്ചയിൽ തീരുമാനിച്ചു. വിശാഖപട്ടണം, തിരുപ്പതി, വിജയവാഡ എന്നിവിടങ്ങളിലായി ലുലു മാളുകൾ, ഹൈപ്പർ മാർക്കറ്റ്, മൾട്ടിപ്ലക്സ് എന്നിവ തുറക്കും.
പദ്ധതിക്കായി നേരത്തെ ലുലു മാളിന് സംസ്ഥാനത്ത് സ്ഥലം അനുവദിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ജഗൻ മോഹൻ റെഡ്ഡി സർക്കാർ തൊട്ടുമുൻപത്തെ ചന്ദ്രബാബു നായിഡു സർക്കാരിൻ്റെ തീരുമാനം റദ്ദാക്കി. ലുലുവിന് അനുവദിച്ച ഭൂമി 2019ലെ തീരുമാനം ജഗൻ മോഹൻ സർക്കാർ റദ്ദാക്കുകയായിരുന്നു. ലുലു മെഗാ കൺവൻഷൻ സെന്ററിന് തറക്കല്ലിട്ടതിന് ശേഷമായിരുന്നു ജഗൻ മോഹൻ സർക്കാർ സ്ഥലം അനുവദിച്ച തീരുമാനം റദ്ദാക്കിയത്. ഇതോടെയാണ് ഇനി ആന്ധ്രയിൽ നിക്ഷേപം നടത്താൻ ഇല്ലെന്ന് അന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പ്രഖ്യാപിച്ചത്. എന്നാൽ വീണ്ടും ചന്ദ്രബാബു നായിഡു അധികാരത്തിലെത്തിയതോടെ സർക്കാർ നിലപാട് പദ്ധതിക്ക് അനുകൂലമായി.