കണ്ടതൊന്നുമല്ല, കാണാനിരിക്കുന്നതാണ് പൂരം! ഇന്ത്യയിലെ ഏറ്റവും വലിയ ലുലു മാളിലെ സൗകര്യങ്ങൾ വിസ്മയിപ്പിക്കും

By Web TeamFirst Published Jan 21, 2024, 10:19 AM IST
Highlights

ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ അഹമ്മദബാദിൽ തുടങ്ങുമെന്ന് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്.

അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ അഹമ്മദബാദിൽ തുടങ്ങുമെന്ന് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. 4000 കോടി മുടക്കിയാണ് ഷോപ്പിംഗ് മാള്‍ നിര്‍മിക്കുന്നത്. ഷോപ്പിംഗ് മാളിന്റെ നിർമാണം ഈ വര്‍ഷം തന്നെ തുടങ്ങുമെന്നാണ് ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി പറഞ്ഞത്. വൈബ്രന്‍റ് ഗുജറാത്ത് ആഗോള നിക്ഷേപ സംഗമത്തിനിടെ ആയിരുന്നു പ്രഖ്യാപനം. വൈബ്രന്റ് ഗുജറാത്തിലെ യുഎഇ സ്റ്റാളിൽ മാളിന്‍റെ മിനിയേച്ചർ പ്രദർശനത്തിന് വെച്ചിട്ടുമുണ്ട്. എസ്പി റിംഗ് റോഡിൽ വൈഷ്ണോദേവി സർക്കിളിനും തപോവൻ സർക്കിളിനും ഇടയിലായാണ് മാളിനായി സ്ഥലം കണ്ടെത്താൻ ശ്രമിക്കുന്നതെന്നാണ് വിവരം.  

ഇന്ത്യയിൽ രണ്ട് വലിയ ഷോപ്പിംഗ് മാളുകൾ സ്ഥാപിക്കാൻ പോകുന്നുവെന്ന് നേരത്തെ യൂസഫലി സൂചന നല്‍കിയിരുന്നു. യൂസഫലി വാര്‍ത്താഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞതിങ്ങനെ- "ഞങ്ങൾ അഹമ്മദാബാദിലും ചെന്നൈയിലും ഏറ്റവും വലിയ ഷോപ്പിംഗ് മാളുകള്‍ നിർമ്മിക്കാൻ പോകുകയാണ്. ഈ മാസം അവസാനം ഹൈദരാബാദിൽ ഷോപ്പിംഗ് മാൾ തുറക്കും. വിവിധ സംസ്ഥാനങ്ങളിലായി ഷോപ്പിംഗ് മാളുകളും ഭക്ഷ്യ സംസ്കരണവും തുടങ്ങും." 

Latest Videos

ഏറ്റവും വലിയ ലുലുമാൾ നിര്‍മിതിയിൽ മുതൽ ഉള്ളടക്കങ്ങളിൽ വരെ വിസ്മയമാകുമെന്നാണ് ലുലു അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ ആകും മാൾ ഒരുങ്ങുക. വിശാലമായ വിസ്ത്രിതിയും 300-ലധികം വിദേശ -ദേശീയ ബ്രാൻഡുകളുടെ സമ്മേളനം കൂടിയാകും ലുലു. ഒരേ സമയം 3000 പേരെ ഉൾക്കൊള്ളാവുന്ന ഫുഡ്കോര്‍ട്ടാകും മറ്റൊരു പ്രത്യേകത. 15 സ്ക്രീൻ മൾട്ടിപ്ലക്സും കുട്ടികളെ ത്രസിപ്പിക്കുന്ന അമ്യൂൺസ്മെന്റ് സെന്ററും മാളിന്റെ സവിശേഷതയാകും. 

നിലവിൽ കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, ലഖ്‌നൗ, കോയമ്പത്തൂർ, ഹൈദരാബാദ് എന്നീ ആറ് ഇന്ത്യൻ നഗരങ്ങളിൽ ലുലുവിന് മാളുകളുണ്ട്. കോഴിക്കോട്ടെ മാളിന്‍റെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. യുഎഇയിലെ അബുദാബി ആസ്ഥാനമായാണ് ലുലു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്.  250ലധികം ഹൈപ്പർമാർക്കറ്റുകളും സൂപ്പർമാർക്കറ്റുകളും ഉണ്ട്. ഇന്ത്യയിലും ഗള്‍ഫിലും മാത്രമല്ല ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ലുലു പ്രവർത്തിക്കുന്നുണ്ട്. ലുലു ഗ്രൂപ്പില്‍ 42 രാജ്യങ്ങളിൽ നിന്നുള്ള 65000ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നു, കൂടാതെ ആഗോള തലത്തിൽ 8 ബില്യൺ യുഎസ് ഡോളറിന്റെ വാർഷിക വിറ്റുവരവുമുണ്ട്. വൈബ്രന്‍റ് ഗുജറാത്ത് നിക്ഷേപക സംഗമത്തിൽ വൻ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുകയാണ് വൻകിട കമ്പനികൾ. രണ്ട് ലക്ഷം കോടിയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചു. വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ്, ടാറ്റാ ഗ്രൂപ്പുകളും സുസുക്കിയും രംഗത്തെത്തി.

ഞെട്ടിച്ച് അംബാനി, ഒറ്റയടിക്ക് അറുപതിനായിരം കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചു; ബമ്പർ ഹിറ്റായി ആഗോള നിക്ഷേപ സംഗമം

click me!