അഞ്ച് വർഷം കൊണ്ട് 26 വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് ഇസ്രോ വിക്ഷേപിച്ചത്. ഇതുവഴി 1245 കോടിയാണ് ഇസ്രോ ഇന്ത്യയ്ക്ക് നേടിത്തന്നത്
ദില്ലി: ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ അഭിമാനമാണ് ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഇസ്രോ. തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ രാജ്യത്തിന്റെ അഭിമാനം ഉയർത്തുക മാത്രമല്ല ഇസ്രോ ചെയ്യുന്നത്, രാജ്യത്തേക്ക് പണവും എത്തിക്കുന്നുണ്ട് ഈ സ്ഥാപനം. രാജ്യസഭയിൽ ഇസ്രോയുമായി ബന്ധപ്പെട്ട ചോദ്യത്തിന് കേന്ദ്ര ആണവോർജ്ജ ബഹിരാകാശ വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗാണ് ഇത് സംബന്ധിച്ച് വിശദീകരിച്ചത്.
അഞ്ച് വർഷം കൊണ്ട് 26 വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് ഇസ്രോ വിക്ഷേപിച്ചത്. ഇതുവഴി 1245 കോടിയാണ് ഇസ്രോ ഇന്ത്യയ്ക്ക് നേടിത്തന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഫോറിൻ എക്സ്ചേഞ്ചിലൂടെ 91.63 കോടിയും ഇസ്രോ നേടിത്തന്നു. 2019 ൽ 324.19 കോടിയാണ് ഇസ്രോ വിക്ഷേപണത്തിലൂടെ നേടിയത്. 2018 ൽ ഇത് 232.56 കോടിയായിരുന്നു.
പിഎസ്എൽവി ഇതുവരെ ഉയർത്തിയ 50 ടൺ ഭാരത്തിൽ 17 ശതമാനവും വിദേശത്തു നിന്നുള്ള ഉപഗ്രഹങ്ങളായിരുന്നു. 1999 മുതൽ ഇതുവരെ 319 വിദേശ ഉപഗ്രഹങ്ങളാണ് ഇസ്രോ വിക്ഷേപിച്ചിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അമേരിക്ക, ബ്രിട്ടൻ, ജർമ്മനി, കാനഡ, സിങ്കപ്പൂർ, നെതർലാന്റ്സ്, ജപ്പാൻ, മലേഷ്യ, അൾജീരിയ, ഫ്രാൻസ് എന്നിവരുമായും ഉപഗ്രഹ വിക്ഷേപണത്തിന് ഇസ്രോ കരാർ ഒപ്പിട്ടിട്ടുണ്ട്.