പലസ്തീൻ തൊഴിലാളികൾക്ക് പകരം ഇന്ത്യക്കാർക്കും ശ്രീലങ്കക്കാർക്കും അവസരം; ചുവടുമാറ്റവുമായി ഇസ്രായേൽ

By Web Team  |  First Published Jan 2, 2024, 4:54 PM IST

ഹമാസുമായുള്ള യുദ്ധത്തെതുടർന്ന്  ഇസ്രായേൽ,നിർമാണ തൊഴിലാളികളുടെയും ആരോഗ്യ സേവന മേഖലയിലെ ജീവനക്കാരുടെ കാര്യത്തിലുമായി കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.  


സ്രയേലിലെ നിർമ്മാണ സ്ഥലങ്ങളിലെ പലസ്തീൻ തൊഴിലാളികൾക്ക് പകരം ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ളവരെ റിക്രൂട്ട് ചെയ്യുന്നു.  ശ്രീലങ്കയിലെ റിക്രൂട്ട്‌മെന്റ് വിപുലമായ തോതിലാണ് പുരോഗമിക്കുന്നത്. നൂറോളം പേർ ഇതിനകം ഇസ്രായേലിലേക്ക് പോയിട്ടുണ്ടെന്നും കുറഞ്ഞത് 10,000 പേരെയെങ്കിലും റിക്രൂട്ട് ചെയ്യുമെന്നാണ് സൂചന. ഇന്ത്യയിൽ നിന്ന്, കൺസ്ട്രക്ഷൻ, ആരോഗ്യ സേവന മേഖലകളിലേക്ക്   ഒരു ലക്ഷം തൊഴിലാളികളെ വരെ റിക്രൂട്ട് ചെയ്യാനാണ് പദ്ധതി.

ഹമാസുമായുള്ള യുദ്ധത്തെതുടർന്ന്  ഇസ്രായേൽ,നിർമാണ തൊഴിലാളികളുടെയും ആരോഗ്യ സേവന മേഖലയിലെ ജീവനക്കാരുടെ കാര്യത്തിലുമായി കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഏകദേശം 18,000 ഇന്ത്യക്കാർ  ഇസ്രായേലിൽ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ  കൂടുതലും ആരോഗ്യ സേവന രംഗത്താണ് തൊഴിലെടുക്കുന്നത്. ഹമാസ് ആക്രമണത്തിന് ശേഷം പലസ്തീൻ തൊഴിലാളികളെ ഇസ്രായേലിലേക്ക് പ്രവേശിക്കുന്നത് വിലക്കിയിരുന്നു. കൂടാതെ നിരവധി തായ്, ഫിലിപ്പിനോ തൊഴിലാളികൾ രാജ്യം വിടുകയും ചെയ്തു. മൊറോക്കോയിൽ നിന്നും ചൈനയിൽ നിന്നും കൂടുതൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ  ഇസ്രയേലിന് താൽപ്പര്യമില്ലെന്ന് ഉന്നത വൃത്തങ്ങൾ പറഞ്ഞു.

ഇന്ത്യയിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവരാനുള്ള നിർദ്ദേശം, ഹമാസ്-ഇസ്രായേൽ സംഘർഷത്തിന് മുമ്പ് തന്നെ ഉയർന്നു വന്നതാണ്. ജൂണിലാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രി  ഇന്ത്യയിൽ നിന്ന് 42,000 തൊഴിലാളികളെ കൊണ്ടുപോകാനുള്ള കരാർ ഒപ്പിട്ടത്. അതിൽ 34,000 പേർ നിർമ്മാണ മേഖലയിലേക്കാണ്. എന്നാൽ ഫലസ്തീനുമായുള്ള സംഘർഷത്തിന് ശേഷം കൂടുതലായി തൊഴിലാളികളെ എത്തിക്കേണ്ട സാഹചര്യമാണ് ഇസ്രയേലിലുള്ളത് .

ഇസ്രായേലി റിക്രൂട്ടർമാരുടെ മറ്റൊരു സംഘം ഡിസംബർ 27 മുതൽ  10 ദിവസത്തേക്ക് ഡൽഹിയിലും ചെന്നൈയിലും റിക്രൂട്ട്‌മെന്റ് ക്യാമ്പുകൾ നടത്തുന്നുണ്ട് .
 

tags
click me!