തങ്ങളുടെ വിമാനങ്ങളിൽ ഇതാദ്യമായി ബിസിനസ് ക്ലാസ് അവതരിപ്പിക്കാനിരിക്കെയാണ് ഇൻഡിഗോയുടെ സ്ത്രീ സൗഹൃദ നടപടി.
വനിതകളായ യാത്രക്കാർക്ക് വിമാനത്തിലെ തൊട്ടടുത്ത സീറ്റിലിരിക്കുന്നത് പുരുഷനാണോ സ്ത്രീയാണോ എന്ന് നേരത്തെ അറിയുന്നതിനുള്ള സൗകര്യവുമായി ഇൻഡിഗോ. വെബ് ചെക്ക്-ഇൻ വേളയിൽ മറ്റ് സ്ത്രീ യാത്രക്കാർ മുൻകൂട്ടി ബുക്ക് ചെയ്ത സീറ്റുകൾ ഏതൊക്കെയാണെന്ന് കാണാൻ ഇതിലൂടെ സാധിക്കും. സ്ത്രീകൾക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ഒരുക്കുന്നതിനാണ് ഈ സംവിധാനമെന്ന് ഇൻഡിഗോ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സൗകര്യം ഏർപ്പെടുത്തുന്നതെന്നും വിമാന കമ്പനി വ്യക്തമാക്കി. സ്ത്രീ യാത്രികർക്ക്, പ്രത്യേകിച്ച് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക്, കൂടുതൽ സുരക്ഷിതത്വം ഇതിലൂടെ ഉറപ്പാക്കുന്നതിന് സാധിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു.
തങ്ങളുടെ വിമാനങ്ങളിൽ ഇതാദ്യമായി ബിസിനസ് ക്ലാസ് അവതരിപ്പിക്കാനിരിക്കെയാണ് ഇൻഡിഗോയുടെ സ്ത്രീ സൗഹൃദ നടപടി. നിലവിൽ ഇൻഡിഗോക്ക് ഇക്കോണമി ക്ലാസ് മാത്രമേയുള്ളൂ. 360 ഓളം വിമാനങ്ങളുള്ള ഇൻഡിഗോ പ്രതിദിനം 2,000 ഫ്ലൈറ്റുകൾ നടത്തുന്നുണ്ട്. നാലാം പാദത്തിൽ കമ്പനിയുടെ ഏകീകൃത ലാഭം 1,895 കോടി രൂപയാണ്. 2023 മാർച്ചിൽ കമ്പനി നേടിയ 919 കോടി രൂപയേക്കാൾ 100 ശതമാനം കൂടുതലാണിത്.
ഇതിനിടെ , ഇൻഡിഗോ ആഭ്യന്തര, അന്തർദേശീയ ഫ്ലൈറ്റുകളിൽ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് 1,199 രൂപ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും. ഇന്ന് മുതൽ മെയ് 31 വരെയാണ് വിൽപ്പന . ജൂലൈ 01 നും സെപ്റ്റംബർ 30നും ഇടയിലുള്ള യാത്രകൾക്കാണ് ഈ നിരക്കിലുള്ള ടിക്കറ്റ് ലഭിക്കുക .