ഏപ്രിലിനെ അപേക്ഷിച്ച് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള ഒഴുക്ക് മെയ് മാസത്തിൽ ഏകദേശം ഇരട്ടിയായതായി അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഓഫ് ഇന്ത്യ വ്യക്തമാക്കി.
മ്യൂച്വൽ ഫണ്ടുകളിലേക്ക് നിക്ഷേപം ഒഴുക്കി ഇന്ത്യയിലെ നിക്ഷേപകർ. മെയ് മാസത്തിലെ നിക്ഷേപം റെക്കോർഡ് നിരക്കിലെത്തി. മ്യൂച്വൽ ഫണ്ടുകളിലേക്ക് മേയിൽ 34,697 കോടി രൂപയുടെ നിക്ഷേപമാണ് എത്തിയത്. ഏപ്രിലിനെ അപേക്ഷിച്ച് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള ഒഴുക്ക് മെയ് മാസത്തിൽ ഏകദേശം ഇരട്ടിയായതായി അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഓഫ് ഇന്ത്യ വ്യക്തമാക്കി. ഏപ്രിലിൽ മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം 18,917.09 കോടി രൂപ മാത്രമായിരുന്നു. മെയ് മാസത്തിലെ നിക്ഷേപത്തിൽ 83.41% ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത് .
മെയ് മാസത്തിൽ ഉണ്ടായത് ഏറ്റവും കൂടുതൽ നിക്ഷേപം സ്മോൾക്യാപ് ഫണ്ടുകളിലേക്കാണ്. 2,724.67 കോടി രൂപയാണ് ഈ വിഭാഗത്തിലെ നിക്ഷേപം. ഏപ്രിലിൽ ഇത് 2,208.70 കോടി രൂപയായിരുന്നു. മിഡ്‌ക്യാപ് സ്‌കീമുകളിലേക്ക് 2,605.70 കോടി രൂപയുടെ നിക്ഷേപം എത്തി. ഏപ്രിലിൽ ഇത് 1,793.07 കോടി രൂപയായിരുന്നു. ഏപ്രിലിൽ 357.56 കോടി രൂപയായിരുന്ന ലാർജ് ക്യാപ് ഫണ്ടുകളിലെ നിക്ഷേപം മേയിൽ 663.09 കോടി രൂപയായി ഉയർന്നു. വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തിലാണ് മ്യൂച്വൽ ഫണ്ട് സ്കീമുകളെ ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ്, മൾട്ടി ക്യാപ് എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നത്.
ഏപ്രിലിൽ ഇഎൽഎസ്എസ് വഴി 144.04 കോടി രൂപയുടെ നിക്ഷേപമെത്തിയപ്പോൾ മെയ് മാസത്തിൽ ഇത് 249.80 കോടിയായി ഉയർന്നു. ഓഹരികളിലും മറ്റ് അനുബന്ധ സെക്യൂരിറ്റീസുകളിലുമായി മൊത്തം ആസ്തിയുടെ 80 ശതമാനവും നിക്ഷേപിക്കുന്ന ഫണ്ടുകളാണ് ഇഎല്‍എസ്എസ് അഥവാ ഓഹരിയാധിഷ്ഠിത ടാക്സ് സേവിങ് സ്കീമുകള്‍ . നികുതി ലാഭിക്കുവാനുള്ള നിക്ഷേപ മാര്‍ഗ്ഗങ്ങളില്‍ വച്ച് ഏറ്റവും ആകര്‍ഷകമായവയാണ് ഇഎല്‍എസ്എസ് നിക്ഷേപങ്ങള്‍. ആദായനികുതി നിയമം 80സി വകുപ്പ് പ്രകാരം 1,50,000 രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതിയിളവ് ലഭിക്കും.