ബാങ്കിലെ നിക്ഷേപങ്ങള്‍ കുറയുന്നു; ഇന്ത്യാക്കാരുടെ പണം പോകുന്നത് എവിടേക്ക്

By Web Team  |  First Published Jan 6, 2024, 5:21 PM IST

റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തിന്‍റെ ജിഡിപിയുടെ 7.1 ശതമാനം സംഭാവന ചെയ്തിരുന്ന ബാങ്ക് സേവിംഗ്സ് 5.1 ശതമാനമായി കുറഞ്ഞതായി വ്യക്തമാക്കുന്നു.


ബാങ്കില്‍ പണം നിക്ഷേപിക്കുന്ന സമ്പാദ്യ ശീലത്തില്‍ ഇന്ത്യക്കാര്‍ വഴി മാറുന്നതായി കണക്കുകള്‍. റിസര്‍വ് ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 2020-21 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്‍റെ ജിഡിപിയുടെ 7.1 ശതമാനം സംഭാവന ചെയ്തിരുന്ന ബാങ്ക് സേവിംഗ്സ് 2023 ആയപ്പോഴേക്കും 5.1 ശതമാനമായി കുറഞ്ഞതായി വ്യക്തമാക്കുന്നു. ബാങ്ക് അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുന്ന ശീലത്തില്‍ നിന്നുള്ള വ്യതിചലനമാണിതെന്ന് വിദഗ്ധര്‍ പറയുന്നു.

പണം എങ്ങോട്ട് പോകുന്നു?

Latest Videos

ആര്‍ബിഐയുടെ റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ കുറഞ്ഞ സമ്പാദ്യവും ഉയര്‍ന്ന ബാധ്യതകളും എന്ന സ്ഥിതിയിലേക്ക് ജനങ്ങളുടെ സാമ്പത്തിക മാനേജ്മെന്‍റ് മാറുന്നു എന്ന ആശങ്കകളുണ്ടായിരുന്നു. എന്നാല്‍ കോവിഡിന് ശേഷം നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കിലെ കുറവ് കാരണം മിക്കവരും വീടോ, വാഹനമോ വാങ്ങുന്ന രീതിയിലേക്ക് മാറി. ഇക്കാരണത്താലാണ് ബാങ്ക് നിക്ഷേപങ്ങളില്‍ കുറവ് വന്നതെന്നാണ് കേന്ദ്ര ധന മന്ത്രാലയം പറയുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ പഠനവും ഇക്കാര്യം ശരിവയ്ക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി റീട്ടെയില്‍ വായ്പകളുടെ 50 ശതമാനവും ഭവനം, വിദ്യാഭ്യാസം, വാഹനം വാങ്ങല്‍ എന്നീ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്ന് എസ്ബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുറഞ്ഞ പലിശ നിരക്ക് ലഭിച്ചിരുന്ന കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയാണ് ഈ പ്രവണത ഉണ്ടായത്. കുടുംബങ്ങളുടെ സമ്പാദ്യമെന്നത് ബാങ്ക് നിക്ഷേപത്തെ അടിസ്ഥാനമാക്കി മാത്രമല്ല, ഭൌതിക സമ്പാദ്യം കൂടി കണക്കിലെടുത്താകണമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇക്കാര്യത്തിലുള്ള ശുപാര്‍ശ.

രാജ്യത്തെ കുടുംബങ്ങളുടെ ബാങ്കുകളിലെ സമ്പാദ്യം ഗണ്യമായി കുറഞ്ഞെങ്കിലും മറ്റ് ആസ്തികള്‍ വാങ്ങുകയോ, നിര്‍മിക്കുകയോ ചെയ്യുന്നുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മുന്നേറ്റവും ഭൂമി വിലയിലെ വര്‍ധനയും ഇതിന് ആക്കം കൂട്ടി.  

tags
click me!