റോബസ്റ്റ കാപ്പിയുടെ പിൻവാങ്ങൽ; ഇന്ത്യൻ കാപ്പി കർഷകർക്ക് കോളടിച്ചു, വില റെക്കോർഡ് ഉയരത്തിൽ

By Web Team  |  First Published Apr 13, 2024, 12:10 PM IST

ആഗോളതലത്തിൽ റോബസ്റ്റ കാപ്പിയുടെ ഉത്പാദനം കുറഞ്ഞതാണ് ഇന്ത്യയിലെ കർഷകർക്ക് ഗുണകരമായത്. കാലാവസ്ഥ വ്യതിയാനം കാരണമാണ് കാപ്പി കൃഷി ചെയ്യുന്ന മേഖലകളിൽ ഉത്പാദനം കുറഞ്ഞത്.


ർഷം 1860, പശ്ചിമഘട്ട മേഖലയിൽ കാപ്പി കൃഷിയുടെ അനന്തസാധ്യതകൾ തിരിച്ചറിഞ്ഞ് ബ്രിട്ടീഷുകാർ വലിയതോതിൽ കാപ്പി എസ്റ്റേറ്റുകൾ ആരംഭിക്കുന്നു.. മികച്ചയിനം  കാപ്പി കൃഷി ചെയ്തു തുടങ്ങിയതോടെ രാജ്യത്തെ കാപ്പി കൃഷിയുടെ കേന്ദ്രമായി പശ്ചിമഘട്ട മേഖലയിലെ സ്ഥലങ്ങൾ മാറി. റോബസ്റ്റ, അറബിക ഇനങ്ങളിൽ പെട്ട കാപ്പിയാണ് ഇവിടെ ഭൂരിഭാഗവും കൃഷി ചെയ്യുന്നത്.. റോബസ്റ്റ വിഭാഗത്തിൽ പെടുന്ന കാപ്പി കൃഷി ചെയ്യുന്ന കർഷകർ ഇന്ന് സന്തോഷത്തിന്റെ കൊടുമുടിയിലാണ്.. കാരണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് റോബസ്റ്റാ കാപ്പിക്ക് ഇപ്പോൾ ലഭിക്കുന്നത്. 50 കിലോഗ്രാം ഉള്ള ഒരു ചാക്ക് റോബസ്റ്റക്ക് 10080 രൂപയാണ് വില. സാധാരണ 2500 രൂപ മുതൽ 3500 രൂപ വരെയാണ് കഴിഞ്ഞ 15 വർഷമായി റോബസ്റ്റ ഇനത്തിന് വില ലഭിക്കുന്നത്. അവിടെനിന്നാണ് വില റെക്കോർഡ് ഉയരത്തിൽ എത്തിയിരിക്കുന്നത്. അറബിക്ക ഇനത്തിൽപ്പെട്ട കാപ്പിയേക്കാൾ റോബസ്റ്റ കാപ്പിയ്ക്കുള്ള ഒരു മേന്മ കുറഞ്ഞ ഉൽപാദന ചിലവാണ്. അതുകൊണ്ടുതന്നെ ചെറുകിട കർഷകരും ധാരാളമായി റോബസ്റ്റ കാപ്പി കൃഷി ചെയ്യുന്നതുകൊണ്ട് വില വർധനയുടെ നേട്ടം എല്ലാ വിഭാഗത്തിൽപ്പെട്ട കർഷകർക്കും ലഭിക്കുന്നുണ്ട്.

ആഗോളതലത്തിൽ റോബസ്റ്റ കാപ്പിയുടെ ഉത്പാദനം കുറഞ്ഞതാണ് ഇന്ത്യയിലെ കർഷകർക്ക് ഗുണകരമായത്. കാലാവസ്ഥ വ്യതിയാനം കാരണമാണ് കാപ്പി കൃഷി ചെയ്യുന്ന മേഖലകളിൽ ഉത്പാദനം കുറഞ്ഞത്. ഇതിനുപുറമേ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ റോബസ്റ്റ കാപ്പി കൃഷി ചെയ്യുന്ന രാജ്യങ്ങളായ വിയറ്റ്നാം, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങളിൽ കാപ്പി കൃഷി അവസാനിപ്പിച്ച് മറ്റു വിളകളിലേക്ക് തിരിഞ്ഞതും ആഗോളതലത്തിൽ  ഉത്പാദനം കുറയുന്നതിന് കാരണമായി. ഈ രണ്ടു രാജ്യങ്ങളിലും ഡ്രാഗൺ ഫ്രൂട്ട്, അവക്കാഡോ എന്നിവയാണ് പുതിയതായി കൃഷി ചെയ്യുന്നത്. കാപ്പി കൃഷി വെട്ടി മാറ്റിയാണ് ഇവിടങ്ങളിൽ ഈ രണ്ട്  ഫലവർഗങ്ങളുടെ കൃഷി ആരംഭിച്ചിരിക്കുന്നത്. അതിനുപുറമേ  സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന് ധാരാളമായി കാപ്പി ഉപയോഗിച്ച് തുടങ്ങിയതും ആഗോളതലത്തിൽ കാപ്പിയുടെ ഡിമാൻഡ് വർധിക്കുന്നതിനിടയാക്കി.

Latest Videos

 കേരളം,കർണാടക,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്തെ ആകെ കാപ്പി ഉൽപാദനത്തിന്റെ 83% വും സംഭാവന ചെയ്യുന്നത്. ഇതിൽ ഏറ്റവും കൂടുതൽ കൃഷി നടക്കുന്നത് കർണാടകയിലാണ്. 70% ആണ് കർണാടകയിലെ കാപ്പിയുടെ ഉൽപാദനം.

tags
click me!