ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള കൃത്രിമത്വം തടയുന്നതിന് ഗൂഗിൾ നടപടി സ്വീകരിച്ചിട്ടുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വികസനത്തെ സ്വാധീനിക്കാൻ കഴിയുന്ന തരത്തിൽ ഇന്ത്യ വളർന്നെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ഗൂഗിളിന്റെ വാർഷിക ഗൂഗിൾ ഐ/ഒ 2024 കോൺഫറൻസിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതികവിദ്യ ഇന്ത്യയ്ക്കും മറ്റ് വളർന്നുവരുന്ന രാജ്യങ്ങൾക്കും മുമ്പെങ്ങുമില്ലാത്തവിധം അവസരങ്ങൾ നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പേഴ്‌സണൽ കമ്പ്യൂട്ടിംഗ് ലഭ്യതയുടെ കാര്യത്തിൽ ഇന്ത്യ ഒരിക്കലും വികസിത ലോകത്തെ മറികടക്കില്ലെന്നും എന്നാൽ മുൻ തലമുറകളെ അപേക്ഷിച്ച് കൂടുതൽ ആളുകൾക്ക് മൊബൈൽ ഫോണുകൾ ലഭ്യമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ ഭൂരിഭാഗം ആളുകൾക്കും ലാൻഡ്‌ഫോണുകൾ ഇല്ലായിരുന്നു, പക്ഷേ ഇന്ന് മിക്ക ആളുകൾക്കും മൊബൈൽ ഫോണുകൾ ഉണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പരിവർത്തനം നടക്കുമ്പോൾ ഇന്ത്യ നല്ല നിലയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിളിന്റെ ഉപയോക്തൃ അടിത്തറയുടെ കാര്യത്തിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. എഐയുടെ വികസനവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ധാരാളം പ്രവർത്തനങ്ങൾ കാണുന്നുണ്ട്. തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമുകൾ ഇപ്പോൾ തന്നെ വളരെയധികം മുകളിലാണെന്ന് സുന്ദർ പിച്ചൈ അവകാശപ്പെട്ടു. ഗൂഗിൾ ജെമിനിയുടെ ഡെവലപ്പർമാരിൽ പലരും ഇന്ത്യയിൽ നിന്നുള്ളവരാണെന്ന് പിച്ചൈ വെളിപ്പെടുത്തി. യുട്യൂബിന്റെ ഏറ്റവും വലിയ ഉപയോക്തൃ അടിത്തറ ഇന്ത്യയിലാണ്, പ്രതിമാസം 480 ദശലക്ഷം സജീവ ഉപയോക്താക്കളാണ് യു ട്യൂബിനുള്ളത്.
ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള കൃത്രിമത്വം തടയുന്നതിന് ഗൂഗിൾ നടപടി സ്വീകരിച്ചിട്ടുണ്ട്. നേരത്തെ രൺവീർ സിംഗ്, അമീർ ഖാൻ എന്നിവരുടേത് ഉൾപ്പെടെ നിരവധി ഡീപ്ഫേക്ക് സംഭവങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് നടപടി. സാങ്കേതികവിദ്യയുടെ പുരോഗതിയുടെ വേഗത കണക്കിലെടുക്കുമ്പോൾ, തങ്ങൾ എല്ലാവരും ഡീപ്ഫേക്കുകളെ കുറിച്ച് ആശങ്കാകുലരാണെന്ന് പിച്ചൈ പറഞ്ഞു.