അടുത്ത സാമ്പത്തിക വർഷത്തേക്ക് ഏകദേശം 4 ലക്ഷം കോടി രൂപ ഭക്ഷ്യ-വളം സബ്‌സിഡികൾക്കായി കേന്ദ്രം നീക്കിവച്ചേക്കുമെന്ന് സൂചന.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അടുത്ത സാമ്പത്തിക വർഷത്തേക്ക് ഏകദേശം 4 ലക്ഷം കോടി രൂപ ഭക്ഷ്യ-വളം സബ്‌സിഡികൾക്കായി കേന്ദ്രം നീക്കിവച്ചേക്കുമെന്ന് സൂചന. മാർച്ച് 31 ന് അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്തം ബജറ്റ് ചെലവായ 45 ലക്ഷം കോടി രൂപയുടെ ഒമ്പതിലൊന്ന് ഭക്ഷ്യ-വളം സബ്‌സിഡിയാണ്. ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം അടുത്ത വർഷത്തെ ഭക്ഷ്യ സബ്‌സിഡി 2.2 ലക്ഷം കോടി ആയി കണക്കാക്കിയിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷത്തിൽ ഈയിനത്തിൽ ഏകദേശം 2 ലക്ഷം കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. ഇതിനേക്കാൾ 10% കൂടുതലാണിത്.
കൂടാതെ, വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള വളം സബ്‌സിഡിയിൽ കുറവുണ്ടാകും. 2 ലക്ഷം കോടി പ്രതീക്ഷിച്ച സ്ഥാനത്ത് 1.75 ലക്ഷം കോടി ആയിരിക്കുമെന്നാണ് കണക്ക്. 2021-22 സാമ്പത്തിക വർഷത്തിൽ വളത്തിന്റെ സബ്‌സിഡി ഏകദേശം 1.54 ലക്ഷം കോടി രൂപയായിരുന്നു, എന്നാൽ അടുത്ത സാമ്പത്തിക വർഷത്തിൽ ഇത് 46 ശതമാനത്തിലധികം വർധിച്ച് 2.25 ലക്ഷം കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് എസ്റ്റിമേറ്റിൽ വളത്തിന്റെ സബ്‌സിഡി ബിൽ 1.05 ലക്ഷം കോടി രൂപയിൽ കൂടുതലായിരുന്നു, എന്നാൽ പുതുക്കിയ എസ്റ്റിമേറ്റിൽ (ആർഇ) ഇത് 2.25 ലക്ഷം കോടി രൂപയായി ഉയർന്നു. ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ 114 ശതമാനം കൂടുതലാണ്.
ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്ന അവസരത്തിൽ കൃത്യമായ കണക്കുകൾ പുറത്തുവരും. ഇന്ത്യയുടെ ധനക്കമ്മി കുറക്കുന്നതിന് ഭക്ഷ്യ-വളം സബ്‌സിഡികൾ നിയന്ത്രിക്കുന്നത് പ്രധാനമാണ്. മോദി സർക്കാർ ഈ വർഷം ജിഡിപിയുടെ 5.9 ശതമാനമായി ധനക്കമ്മി നിയന്ത്രിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.