മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം റിസ്കിനെക്കുറിച്ച് അറിയുകയും ഓരോ നിക്ഷേപകന്റെയും റിസ്ക് താൽപര്യത്തിന് അനുസരിച്ച് ഫണ്ട് നിക്ഷേപിക്കുകയും ചെയ്യുക എന്നതാണ്.
ജനകീയമായ ഒരു നിക്ഷേപ സാധ്യതയാണ് മ്യൂച്വൽ ഫണ്ടുകൾ നൽകുന്നത്. പ്രൊഫഷണലുകൾ നിയന്ത്രിക്കുന്ന വ്യത്യസ്തമായ പോർട്ട്ഫോളിയോകളിൽ നിക്ഷേപിക്കാൻ ഇതിലൂടെ കഴിയും. അതേ സമയം നിക്ഷേപകർ മനസ്സിലാക്കേണ്ട റിസ്കുകളും ഉണ്ട്. അതിനർഥം മ്യൂച്വൽ ഫണ്ടുകളിൽ നിന്നും മാറി നിൽക്കണം എന്നാണോ? തീർച്ചയായും അല്ല.
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം റിസ്കിനെക്കുറിച്ച് അറിയുകയും ഓരോ നിക്ഷേപകന്റെയും റിസ്ക് താൽപര്യത്തിന് അനുസരിച്ച് ഫണ്ട് നിക്ഷേപിക്കുകയും ചെയ്യുക എന്നതാണ്. തങ്ങളുടെ സാമ്പത്തിക ലക്ഷ്യം, റിസ്ക് സഹിക്കാനുള്ള കഴിവ് എന്നിവയ്ക്ക് അനുസരിച്ച് നിക്ഷേപങ്ങൾ ക്രമീകരിക്കേണ്ടത് നിർണ്ണായകമാണ്. ഇതിന് നിക്ഷേപകരെ സഹായിക്കുന്ന രണ്ട് ഉപകരണങ്ങൾ പരിചയപ്പെടാം. ഇവയാണ് റിസ്കോമീറ്റർ, റിസ്ക് പ്രൊഫൈലർ.
undefined
ഈ ലേഖനത്തിലൂടെ ഈ ഉപകരണങ്ങൾ എങ്ങനെ കൃത്യമായി ഉപയോഗിക്കാമെന്ന് പഠിക്കാം.
റിസ്കോമീറ്റർ: സെബി നിർദേശിക്കുന്ന ഒരു റിസ്ക് ക്ലാസിഫിക്കേഷൻ ഉപകരണമാണ് റിസ്കോമീറ്റർ. ഓരോ മ്യൂച്വൽ ഫണ്ടിന്റെയും റിസ്ക് ലെവൽ തിരിച്ചറിയാൻ ഇതിലൂടെ കഴിയും. ഗ്രാഫിക്സ് ആയി ആണ് ഇതിലെ അളവുകൾ. നിക്ഷേപിച്ച മൂലധനത്തിന് അനുസരിച്ച് ഏറ്റവും കുറവ് മുതൽ ഏറ്റവും ഉയർന്നത് വരെയുള്ള റിസ്ക് വിഷ്വലായി ഇതിലൂടെ കാണാം. റിസ്കോമീറ്ററിലെ റിസ്ക് ലെവലുകൾ ചുവടെ:
1. Low - ചെറിയ റിസ്ക് എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഫണ്ടുകൾ പൊതുവെ റിസ്ക് കുറഞ്ഞവയാണ്. ചെറിയ നിക്ഷേപ റിസ്കുകൾ മാത്രം താങ്ങാൻ കഴിയുന്ന നിക്ഷേപകർക്കാണ് ഇത് ചേരുക.
2. Moderately low - ചെറുത് മുതൽ ഇടത്തരം വരെ റിസ്ക് ആണിത്. അൽപ്പം കൺസർവേറ്റീവ് ആയ നിക്ഷേപകർക്ക് ചേർന്നതാണ് ഇതിൽ വരുന്ന ഫണ്ടുകൾ.
3. Moderate - അൽപ്പം കൂടി ഉയർന്ന റിസ്ക് എടുക്കാൻ താൽപര്യമുള്ളവർക്ക് ഇതിൽ വരുന്ന ഫണ്ടുകൾ തെരഞ്ഞെടുക്കാം. സമ്പത്ത് ലക്ഷ്യം കാണുന്നവർക്കാണ് ഈ നിക്ഷേപം യോജിക്കുക.
4. Moderately high - ഇക്വിറ്റി അധിഷ്ഠിത റിസ്കുകൾ എടുക്കാൻ കെൽപ്പുള്ളവർക്ക് ഇത് യോജിക്കും. വിപണിയിലെ എല്ലാ ശക്തികളും ഈ നിക്ഷേപത്തെ സ്വാധീനിക്കാം. വളരെ അഗ്രസീവ് ആയ നിക്ഷേപകർക്കാണ് ഇത് ചേരുക. ഇടത്തരം മുതൽ 3 വർഷത്തിന് മുകളിൽ ദീർഘകാലം നിക്ഷേപം ആഗ്രഹിക്കുന്നവർക്ക് ഈ ഫണ്ടുകൾ തെരഞ്ഞെടുക്കാം.
5. High - ഉയർന്ന റിസ്ക് എടുക്കാൻ താൽപര്യമുള്ള, അഞ്ച് വർഷത്തിന് മുകളിൽ നിക്ഷേപങ്ങൾ ആലോചിക്കുന്നവർക്ക് ഈ ഫണ്ടുകൾ തെരഞ്ഞെടുക്കാം. ഉയർന്ന റിസ്ക്കും വിപണിയിലെ ചാഞ്ചാട്ടങ്ങളും താങ്ങാനുള്ള കരുത്ത് വേണം.
6. Very high - വളരെ ഉയർന്ന റിസ്ക് ആണ് ഇവിടെ. ഇക്വിറ്റിയിൽ ആണ് കൂടുതൽ നിക്ഷേപവും. ഉയർന്ന ചാഞ്ചാട്ടമുള്ള ഓഹരികളാകും ഇവിടെ നിക്ഷേപത്തിന് ഉപയോഗിക്കുക. വളരെ ദീർഘകാലം സമ്പത്ത് ഉണ്ടാക്കാൻ വേണ്ടിയാണ് ഇവ. സെക്ടറുകൾ, തീം, അന്താരാഷ്ട്രം, മിഡ് ക്യാപ്, സ്മോൾ ഫണ്ട്സ് എന്നിങ്ങനെ വിവിധ വിഭാഗത്തിലുള്ള ഫണ്ടുകളും ലഭ്യമാണ്.
ഈ വിഭാഗങ്ങൾ പരിശോധിച്ച ശേഷം മൂലധനത്തിന് അനുയോജ്യമായ റിസ്ക് തിരിച്ചറിയാം.
റിസ്ക് പ്രൊഫൈലർ: റിസ്ക് പ്രൊഫൈലർ ഒരാളുടെ റിസ്ക് എടുക്കാനുള്ള കഴിവ് തിരിച്ചറിയാൻ സഹായിക്കുന്ന ഉപകരണമാണ്. നിക്ഷേപകന്റെ ആവശ്യം, കഴിവ്, റിസ്ക് എടുക്കാനുള്ള താൽപര്യം എന്നിവ ഇത് വിലയിരുത്തുന്നു. നിക്ഷേപത്തിന്റെ ലക്ഷ്യം, കാലയളവ്, സാമ്പത്തികസ്ഥിതി എന്നിവയാണ് ഇതിൽ കണക്കാക്കുന്നത്. റിസ്ക് പ്രൊഫൈലർ ക്വസ്റ്റിനയർ വഴി നിക്ഷേപകർക്ക് തങ്ങളുടെ റിസ്ക് എടുക്കാനുള്ള താൽപര്യം തിരിച്ചറിയാനാകും. സ്വയം ചെയ്യാവുന്ന ചോദ്യോത്തര രീതിയാണ്. ഇത് ഉപയോഗിച്ച് തങ്ങളുടെ സാമ്പത്തിക ലക്ഷ്യവും വിപണിയിലെ ഭദ്രതയും കണക്കാക്കി തീരുമാനങ്ങളെടുക്കാം.
നേരായ ഫണ്ട് എങ്ങനെ തെരഞ്ഞെടുക്കും? റിസ്ക് പ്രൊഫൈൽ ഉപയോഗിക്കാം
റിസ്കോ മീറ്റർ റേറ്റിങ് ഉപയോഗിച്ച് മ്യൂച്വൽ ഫണ്ടുകളുടെ റേറ്റിങ്ങും റിസ്ക് പ്രൊഫൈലർ വഴി സ്വന്തം റിസ്ക് എടുക്കാനുള്ള കഴിവും തിരിച്ചറിഞ്ഞാൽ അടുത്ത പടി ഇത് രണ്ടും തമ്മിൽ പൊരുത്തപ്പെടുത്തുകയാണ്.
എങ്ങനെയാണ് ഒരു നിക്ഷേപകന് ഇത് സാധിക്കുക? നമുക്ക് ചുവടെ പരിശോധിക്കാം:
റിസ്ക് പ്രൊഫൈലുകൾ മാച്ച് ചെയ്യാം: സ്വന്തം റിസ്ക് സഹന ശേഷിക്ക് അനുയോജ്യമായ മ്യൂച്വൽ ഫണ്ടുകൾ റിസ്കോ മീറ്റർ റേറ്റിങ്ങിലൂടെ തിരിച്ചറിയാം. റിസ്കോമീറ്റർ എല്ലാ മാസവും അപ്ഡേറ്റ് ചെയ്യുന്നതിനാൽ പുതിയ വിവരങ്ങളാകും എപ്പോഴും ലഭിക്കുക.
വൈവിധ്യമായ ഫണ്ടുകൾ: ആസ്തികളുടെ വിവിധ വിഭാഗങ്ങൾ തെരഞ്ഞെടുക്കുന്നത് റിസ്ക് വീണ്ടും കുറയ്ക്കും. റിസ്ക് പ്രൊഫൈൽ അനുസരിച്ച് നിക്ഷേപകർക്ക് ഇക്വിറ്റി, ഡെറ്റ്, അല്ലെങ്കിൽ ഹൈബ്രിഡ് ഫണ്ടുകൾ തെരഞ്ഞെടുത്ത് റിസ്ക് കുറയ്ക്കാം, റിട്ടേൺ നേടാം.
പുനപരിശോധന, റീ ബാലൻസ്: അടിക്കടി പോർട്ട്ഫോളിയോ റീബാലൻസ് ചെയ്യാം. ഇത് നിങ്ങളുടെ റിസ്ക് എങ്ങനെ മാറി എന്ന് തിരിച്ചറിയാൻ സഹായിക്കും. ഇതിലൂടെ വിപണിയിലെ പുതിയ അവസരങ്ങളും അറിയാം, റിസ്ക് നിയന്ത്രണത്തിലൂടെ റിട്ടേണും വർധിപ്പിക്കാം.
ഓർക്കൂ, റിസ്ക് എപ്പോഴും നിക്ഷേപത്തിന്റെഭാഗമാണ്. തീരുമാനങ്ങൾ വ്യക്തമായ ധാരണയോടെ എടുക്കുന്നതും വൈവിധ്യപൂർണ്ണമായ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതും റിസ്ക് കുറയ്ക്കും. മാത്രമല്ല ദീർഘകാലത്തേക്ക് നിക്ഷേപത്തിൽ വിജയമുണ്ടാക്കാൻ സഹായിക്കുകയും ചെയ്യും.
(ആക്സിസ് മ്യൂച്വൽ ഫണ്ട് അവബോധന പരിപാടിയുടെ ഭാഗമായുള്ള ലേഖനം. നിക്ഷേപകർ ഒറ്റത്തവണ KYC പൂർത്തിയാക്കണം.)