പാൻ വിവരങ്ങൾ ദുരുപയോഗം ചെയ്തതായി കരുതുന്നുണ്ടെങ്കിൽ എന്തുചെയ്യും? ഉടമയ്ക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾ പരിഹരിക്കാൻ ഉടനെ നടപടി എടുക്കേണ്ടത് അനിവാര്യമാണ്
രാജ്യത്തെ പൗരന്റെ പ്രധാന സാമ്പത്തിക രേഖയാണ് പാൻ കാർഡ്. ബാങ്കിംഗ്, ആദായനികുതി തുടങ്ങി വിവിധ സാമ്പത്തിക ഇടപാടുകൾക്ക് പാൻ കാർഡ് കൂടിയേ തീരൂ. പാൻ കാർഡിൽ അടങ്ങിയിരിക്കുന്ന വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. തട്ടിപ്പുകാർ പാൻ കാർഡ് വിവരങ്ങൾ ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകൾ നടത്തി പണം തട്ടാൻ ശ്രമിക്കാറുണ്ട്. ഇത്തരത്തിൽ നിങ്ങളുടെ പാൻ വിവരങ്ങൾ ദുരുപയോഗം ചെയ്തതായി കരുതുന്നുണ്ടെങ്കിൽ എന്തുചെയ്യും? ഉടമയ്ക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾ പരിഹരിക്കാൻ ഉടനെ നടപടി എടുക്കേണ്ടത് അനിവാര്യമാണ്. എന്നാൽ അതിലും പ്രധാനപ്പെട്ട കാര്യം ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെട്ടത് തിരിച്ചറിയുക എന്നുള്ളതാണ്. നിങ്ങളുടെ പാൻ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാൻ കഴിയും?
നിങ്ങളുടെ പാൻ നമ്പർ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള മാര്ഗങ്ങള് ഇതാ;
undefined
- ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകളും ക്രെഡിറ്റ് കാർഡ് ബില്ലുകളും ഉൾപ്പെടെ നിങ്ങളുടെ എല്ലാ സാമ്പത്തിക വിവരങ്ങളും കൃത്യമായി നിരീക്ഷിക്കുക. നിങ്ങൾക്ക് അറിയാത്ത ഇടപാടുകൾ നടക്കുന്നുണ്ടോ എന്ന് ഇതിലൂടെ തിരിച്ചറിയാൻ കഴിയും. .
- നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് നിരീക്ഷിക്കുക. ഇതിനായി സിബിലിൽ നിന്നോ മറ്റേതെങ്കിലും ക്രെഡിറ്റ് ബ്യൂറോയിൽ നിന്നോ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് നേടുക.
- സംശയാസ്പദമായതോ അനധികൃതമായതോ ആയ ഇടപാടുകൾ കണ്ടെത്തിയാൽ, ക്രെഡിറ്റ് ബ്യൂറോ അല്ലെങ്കിൽ ബന്ധപ്പെട്ട ബാങ്ക് അല്ലെങ്കിൽ ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെടുക.
- ആദായ നികുതി അക്കൗണ്ട് പരിശോധിക്കുക. ഇതിനായി ആദായനികുതി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോയി നിങ്ങളുടെ പാൻ കാർഡ് വിശദാംശങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.
- നിങ്ങൾക്ക് അറിയാത്ത ഏതെങ്കിലും സാമ്പത്തിക ഇടപാട് നിങ്ങളുടെ പേരിൽ നടക്കുന്നുണ്ടോ എന്നറിയാൻ നിങ്ങളുടെ ഫോം 26എഎസിൻ്റെ വിശദാംശങ്ങളും പരിശോധിക്കാവുന്നതാണ്.
പാൻ നമ്പർ ദുരുപയോഗം ചെയ്യപ്പെടുകയാണെങ്കിൽ എന്തുചെയ്യണം?
സംശയാസ്പദമായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ നിങ്ങളുടെ ബാങ്കിനെയോ ധനകാര്യ സ്ഥാപനത്തെയോ അറിയിക്കുക. പ്രശ്നം അന്വേഷിക്കാൻ അവർക്ക് നിങ്ങളെ സഹായിക്കാനാകും. നിങ്ങളുടെ പാൻ കാർഡ് ദുരുപയോഗം ചെയ്യപ്പെട്ടതിന് തെളിവുണ്ടെങ്കിൽ, നിങ്ങളുടെ ലോക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകുക. മാത്രമല്ല, പാൻ കാർഡ് ദുരുപയോഗം ചെയ്തതായി സംശയിക്കുന്നതായി അറിയിക്കാൻ ആദായനികുതി വകുപ്പുമായി ബന്ധപ്പെടണം. ഇതിനായി അവരുടെ കസ്റ്റമർ കെയർ ഹെൽപ്പ് ലൈൻ പ്രയോജനപ്പെടുത്താം.
എങ്ങനെ റിപ്പോർട്ട് ചെയ്യാം?
- TIN NSDL ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക
- ഹോം പേജിൽ കസ്റ്റമർ കെയർ വിഭാഗം കണ്ടെത്തുക, അതിൽ ഒരു ഡ്രോപ്പ്-ഡൗൺ മെനു ഉണ്ടാകും
- ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് 'പരാതികൾ/ അന്വേഷണങ്ങൾ' ഓപ്ഷൻ തിരഞ്ഞെടുക്കുക.
- പരാതി ഫോമിൽ ആവശ്യമായ എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക. ക്യാപ്‌ച കോഡ് നൽകി 'സമർപ്പിക്കുക' അമർത്തുക.