അപ്രതീക്ഷിതമായ മെഡിക്കൽ ചെലവുകളിൽ നിന്ന് ആരോഗ്യ ഇൻഷുറൻസ് സംരക്ഷണമേകുന്നു. ആരോഗ്യ ഇൻഷുറൻസ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില ഘടകങ്ങൾ ഇതാ.
ആരോഗ്യ ഇൻഷുറൻസ് പലപ്പോഴും വലിയ ആശ്വാസമേകുന്ന ഒന്നാണ്.അപ്രതീക്ഷിതമായ മെഡിക്കൽ ചെലവുകളിൽ നിന്ന് ഇത് സംരക്ഷണമേകുന്നു. എന്നാൽ നിബന്ധനകളെയും വ്യവസ്ഥകളെയും കുറിച്ച് വ്യക്തമായ ധാരണയില്ലാത്തത് പോളിസി ഹോൾഡർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം. അതിനാൽ, ആരോഗ്യ ഇൻഷുറൻസ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില ഘടകങ്ങൾ ഇതാ..
ആദ്യം അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യം 'ഡിഡക്റ്റബിൾ' ആണ്. നിങ്ങളുടെ മെഡിക്കൽ ചെലവുകൾക്കായി നൽകാൻ നിങ്ങൾ സമ്മതിക്കുന്ന തുകയാണ് 'ഡിഡക്റ്റബിൾ'. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങളുടെ ആരോഗ്യ പരിചരണ ചെലവുകൾക്ക് പണമടയ്ക്കുന്നതിന് നിങ്ങളും നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയും തമ്മിലുള്ള ചെലവ് പങ്കിടുന്നു. 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് ആണ് എടുത്തതെങ്കിൽ,ഓരോ വർഷവും ആദ്യം നിങ്ങളുടെ സ്വന്തം പോക്കറ്റിൽ നിന്ന് 1 ലക്ഷം നൽകണം.
അടുത്തത് കോ പേയ്മെന്റാണ്. ഇൻഷുറൻസ് എടുത്ത ആളുടെ പക്കൽ നിന്ന് അടയ്ക്കാൻ സമ്മതിക്കുന്ന ക്ലെയിമിന്റെ ഒരു നിശ്ചിത ശതമാനമാണിത്. സാധാരണയായി, ഇത് ക്ലെയിം തുകയുടെ 10%, 20% അല്ലെങ്കിൽ 30% ആണ്. പല ആരോഗ്യ ഇൻഷുറൻസ് വാങ്ങുന്നവരും അതിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കാതെ കോപേമെന്റ് തിരഞ്ഞെടുക്കുന്നു. ക്ലെയിം ഉയർന്ന് ഒരു വലിയ തുക സ്വയം നൽകേണ്ടിവരുമ്പോൾ, ഇൻഷുറർ തങ്ങളെ വഞ്ചിച്ചതായി അവർ കരുതും. ചില സന്ദർഭങ്ങളിൽ, പോളിസിയിൽ ഒരു കോപേമെന്റ് അല്ലെങ്കിൽ കോപേ ഓപ്ഷൻ വേണമെന്ന് ഇൻഷുറർമാർ നിർബന്ധിക്കും. മുതിർന്ന പൗരന്മാർക്ക് പുതിയ പോളിസികൾ നൽകുന്ന സന്ദർഭങ്ങളിലാണ് ഇത് സാധാരണയായി സംഭവിക്കുന്നത്. എന്നാൽ ഒരു അധിക പ്രീമിയം അടച്ച് നിങ്ങളുടെ കോ പേ കുറയ്ക്കാനുള്ള ഓപ്ഷൻ ഉണ്ടെങ്കിൽ, അത് താങ്ങാൻ കഴിയുന്ന തുകയാണെങ്കിൽ അതായിരിക്കും നല്ലത്.
നമ്മൾ ശ്രദ്ധിക്കേണ്ട മറ്റൊരു വശം സബ് ലിമിറ്റാണ്. നിങ്ങളുടെ പോളിസി ഒരു ദിവസം ₹5,000 വരെയുള്ള ഒരു മുറി കവർ ചെയ്യുന്നുവെന്ന് കരുതുക. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന സമയത്ത്, ഒരു ദിവസം 10,000 രൂപ ചിലവ് വരുന്ന മെച്ചപ്പെട്ട മുറിയിൽ താമസിക്കാൻ നിങ്ങൾ തീരുമാനിക്കുന്നു. 5 ദിവസത്തെ ഹോസ്പിറ്റൽ വാസത്തിന്, നിങ്ങളുടെ സ്വന്തം പോക്കറ്റിൽ നിന്ന് അഞ്ച് ദിവസത്തേക്കുള്ള 25,000 രൂപയുടെ മുറി വാടകയുടെ വ്യത്യാസം മാത്രം നൽകിയാൽ മതിയെന്ന് നിങ്ങൾ ഊഹിച്ചേക്കാം. എന്നാൽ വാസ്തവത്തിൽ, റൂം പ്രതിദിനം 5,000 രൂപയിൽ നിന്ന് ₹10,000 ആയി അപ്‌ഗ്രേഡ് ചെയ്‌തതിനാൽ, മറ്റെല്ലാ നിരക്കുകളും ഉൾപ്പെടെ നിങ്ങളുടെ ആശുപത്രി ബില്ലും ഇരട്ടിയാകും. നിങ്ങൾക്ക് അർഹതയുള്ള റൂം വാടക പരിധിക്ക് അനുസൃതമായ ഡോക്ടറുടെ ഫീസ്, നഴ്‌സിംഗ് ചാർജുകൾ, ശസ്ത്രക്രിയാ ചെലവ് തുടങ്ങിയ മറ്റെല്ലാ നിരക്കുകളും മാത്രമേ നിങ്ങളുടെ പോളിസി നൽകൂ.
ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളുടെ ചില പ്രധാന ഘടകങ്ങളാണ് കോ പേ, 'ഡിഡക്റ്റബിൾ, മുറി വാടക പരിധികൾ എന്നിവ. ഇൻഷുറൻസ് പ്ലാനിൽ ഇവ എങ്ങനെ ഉപയോഗിക്കുന്നുവെന്നത് മനസിലാക്കുന്നത് നിങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് പോളിസി തെരഞ്ഞെടുക്കുന്നതിന് സഹായിക്കും