കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ ഹെറിറ്റേജ് ഫുഡ്‌സിന്റെ ഓഹരി വിലയിലുണ്ടായ വർധനയാണ് ദേവാൻഷ് നായിഡുവിനെ കോടിപതിയാക്കിയിരിക്കുന്നത്.
തെലുങ്ക് ദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ അദ്ദേഹവുമായി ബന്ധപ്പെട്ട കമ്പനിയും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ചന്ദ്രബാബു നായിഡുവിനും കുടുംബത്തിനും നിക്ഷേപമുള്ള കമ്പനിയായ ഹെറിറ്റേജ് ഫുഡ്‌സിന്റെ ഓഹരി വില കുത്തനെ കൂടി. ഇതോടെ അദ്ദേഹത്തിന്റെ 9 വയസ്സുള്ള കൊച്ചുമകൻ ദേവാൻഷ് നായിഡുവും കോടീശ്വരനായി മാറിയിരിക്കുന്നു. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ ഹെറിറ്റേജ് ഫുഡ്‌സിന്റെ ഓഹരി വിലയിലുണ്ടായ വർധനയാണ് ദേവാൻഷ് നായിഡുവിനെ കോടിപതിയാക്കിയിരിക്കുന്നത്.
ചന്ദ്രബാബു നായിഡുവിനും കുടുംബത്തിനും ഹെറിറ്റേജ് ഫുഡ്‌സിൽ ഏകദേശം 35.7 ശതമാനം ഓഹരിയുണ്ട്. ചന്ദ്രബാബു നായിഡുവിന്റെ ഭാര്യ ഭുവനേശ്വരി നായിഡുവിന് കമ്പനിയുടെ 24.37 ശതമാനവും മകൻ നാരാ ലോകേഷിന് 10.82 ശതമാനവും മരുമകൾ ബ്രാഹ്മണിക്ക് 0.46 ശതമാനവും ചെറുമകൻ ദേവാൻഷിന് 0.06 ശതമാനവും ഓഹരിയുണ്ട്. കഴിഞ്ഞ 12 ട്രേഡിംഗ് സെഷനുകളിൽ കമ്പനിയുടെ ഓഹരി വില ഏകദേശം ഇരട്ടിയായി. ഇതോടെ ഇവരുടെ പക്കലുള്ള ഓഹരിയുടെ മൂല്യവും ഇരട്ടിയായി. മെയ് 13ന് 363.05 രൂപയായിരുന്ന കമ്പനിയുടെ ഓഹരി വില ഇപ്പോൾ 660.30 രൂപയാണ്. അതായത് ഒരു മാസത്തിനുള്ളിൽ 297.25 രൂപയുടെ വർധന ഓഹരി വിലയിലുണ്ടായി.
കമ്പനിയുടെ 56,075 ഓഹരികൾ ദേവാൻഷ് നായിഡുവിന്റെ പക്കലാണ്. ജൂൺ മൂന്നിന് 2.4 കോടി രൂപയായിരുന്ന അവയുടെ മൂല്യം ഇപ്പോൾ 4.1 കോടിയായി ഉയർന്നു. ഹെറിറ്റേജ് ഫുഡ്‌സിന്റെ ഓഹരി വില വർധിച്ചതോടെ നായിഡു കുടുംബത്തിന്റെ ആസ്തിയിൽ 1225 കോടി രൂപയുടെ വർധനയുണ്ടായി. 1992ൽ ചന്ദ്രബാബു നായിഡുവാണ് ഹെറിറ്റേജ് ഗ്രൂപ്പ് സ്ഥാപിച്ചത്. തൈര്, നെയ്യ്, ചീസ്, പാൽ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ കമ്പനി വിൽക്കുന്നു. 11 സംസ്ഥാനങ്ങളിൽ ഹെറിറ്റേജ് ഫുഡ്‌സിന്റെ ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ട്.