'സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് രണ്ട് തട്ടിലുള്ള നികുതി വേണം'; ശുപാർശ നല്‍കി ജിഎസ്ടി കമ്മീഷണര്‍

By Web Team  |  First Published Mar 8, 2024, 9:56 AM IST

ആൽക്കഹോളിന്‍റെ അംശം അനുസരിച്ച് രണ്ട് സ്ലാബുകളിൽ നികുതി നിർണ്ണയിക്കണം എന്നാണ് ശുപാർശ. മദ്യ ഉല്‍പാദകരുടെ ആവശ്യം അനുസരിച്ചാണ് വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കാനുള്ള സർക്കാറിന്‍റെ തിരക്കിട്ട നീക്കം.


തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് രണ്ട് തട്ടിലുള്ള നികുതി വേണമെന്ന് ജിഎസ്ടി കമ്മീഷണറുടെ ശുപാർശ. ആൽക്കഹോളിന്‍റെ അംശം അനുസരിച്ച് രണ്ട് സ്ലാബുകളിൽ നികുതി നിർണ്ണയിക്കണം എന്നാണ് ശുപാർശ. മദ്യ ഉല്‍പാദകരുടെ ആവശ്യം അനുസരിച്ചാണ് വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കാനുള്ള സർക്കാറിന്‍റെ തിരക്കിട്ട നീക്കം.

സംസ്ഥാന എക്സൈസ് വകുപ്പിന്‍റെ 2022ലെ മദ്യ നയത്തിന്‍റെ ചുവട് പിടിച്ചാണ് കുറഞ്ഞ വീര്യമുള്ള മദ്യം പുറത്തിറക്കാനുള്ള നീക്കം. വീര്യം കുറഞ്ഞ മദ്യത്തെ പ്രോത്സാഹിപ്പിക്കുമെന്നായിരുന്നു നയം. സംസ്ഥാനത്ത് ഇപ്പോള്‍ ഉൽപ്പാദിപ്പിക്കുന്ന മദ്യത്തിൽ 42.86 ശതമാനം ആൽക്കഹോളുണ്ട്. 0.5 മുതൽ 20 ശതമാനം വരെ ആൽക്കഹോള്‍ അംശമുള്ള മദ്യം പുറത്തിറക്കാനാണ് മദ്യ ഉല്‍പാദകരുടെ ആവശ്യം. ഇതിൽ 0.5 ശതമാനം മുതൽ 10 ശതമാനം വരെ ആൽക്കഹോള്‍ അംശമുള്ള ബ്രാൻഡും 10 ശതമാനം മുതൽ 20 ശതമാനം വരെ ആൽക്കഹോളുള്ള മറ്റൊരു ബ്രാൻഡുമായിരിക്കും പുറത്തിറക്കുക. 10 ശതമാനം വരെയുള്ള ബ്രാൻഡിന് 120 ശതമാനം ജിഎസ്ടി നികുതിയും, 10 മുതൽ 20 ശതമാനം ആൽക്കഹോളുള്ള ബ്രാൻഡുകള്‍ക്ക് 175 ശതമാനം നികുതിയും ചുമത്താമെന്നാണ് ജിഎസ്ടി കമ്മീഷണറുടെ ശുപാർശ. ശുപാർശ സർക്കാരിന് കൈമാറി. 

Latest Videos

എത്ര ശതമാനം വേണമെന്ന് അന്ത്യമ തീരുമാനെടുക്കേണ്ടത് നികുതി വകുപ്പാണ്. വീര്യം കുറഞ്ഞ മദ്യ നിർമ്മാണമെന്ന ആവശ്യവുമായി നിരവധി മദ്യ കമ്പനികളാണ് സർക്കാരിനെ സമീപിച്ചിട്ടുള്ളത്. വീര്യം കുറഞ്ഞ മദ്യത്തിനും രണ്ടു തരം നികുതി വരുന്നതോടെ മദ്യത്തിനാണ് നാല് സ്ലാബുകളിലുള്ള നികുതിയാകും സംസ്ഥാനത്തുണ്ടാവുക. കെയ്സിന് 400 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 251 ശതമാനവും 400 രൂപയ്ക്ക് താഴെയുള്ള മദ്യത്തിന് 245 ശതമാനവുമാണ് നിലവിലെ വിൽപ്പന നികുതി. വീര്യം കുറഞ്ഞ മദ്യത്തിന് രണ്ട് സ്ലാബുകള്‍ വേണമെന്ന ആവശ്യം അംഗീകരിച്ചാൽ മദ്യനികുതിയിൽ നാല് സ്ലാബുകളാകും.

click me!