തമിഴ്നാട്ടിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കാനാണ് ഗൂഗിൾ തയ്യാറെടുക്കുന്നത്.
ലോകോത്തര വാഹന നിർമാതാക്കളും ആപ്പിളടക്കമുള്ള ഫോൺ നിർമാതാക്കളും അവരുടെ നിർമാണ പ്ലാന്റുകൾ നിർമിക്കുന്നതിന് തെരഞ്ഞെടുത്തത് തമിഴ്നാടായിരുന്നു. ഏറ്റവുമൊടുവിലിതാ ഗൂഗിൾ സ്‌മാർട്ട്‌ഫോണുകളും ഡ്രോണുകളും നിർമ്മിക്കുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നതും തമിഴ്നാട് തന്നെ. തമിഴ്‌നാട്ടിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കാനാണ് ഗൂഗിൾ തയ്യാറെടുക്കുന്നത്. തായ്‌വാനീസ് കമ്പനിയായ ഫോക്‌സ്‌കോണുമായി സഹകരിച്ച് ഗൂഗിൾ പിക്‌സൽ ഫോണുകൾ തമിഴ്‌നാട്ടിൽ അസംബിൾ ചെയ്യും. കൂടാതെ, ഗൂഗിളിന്റെ ഡ്രോൺ സബ്സിഡിയറി കമ്പനിയായ വിംഗ് അതിന്റെ ഡ്രോണുകൾ അസംബിൾ ചെയ്യുന്നതിനുള്ള യൂണിറ്റും തമിഴ്‌നാട്ടിൽ സ്ഥാപിക്കും.
തമിഴ്‌നാട് വ്യവസായ മന്ത്രി ടി.ആർ.ബി. രാജയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം യുഎസിലെ ഉന്നത ഗൂഗിൾ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെയാണ് സംസ്ഥാനത്തിന് നറുക്ക് വീണത്.നിർമാണ ശാല ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഗൂഗിൾ ഉദ്യോഗസ്ഥർ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ കാണാൻ ചെന്നൈയിലെത്തും. ആപ്പിളും സാംസങും പോലെയുള്ള മറ്റ് വൻകിട ടെക് കമ്പനികളുടെ വിജയം കണക്കിലെടുത്താണ് ഇന്ത്യയിൽ ഫോണുകൾ നിർമ്മിക്കാനുള്ള ഗൂഗിളിന്റെ തീരുമാനം. ചെന്നൈയ്ക്ക് സമീപമുള്ള ശ്രീപെരുമ്പത്തൂരിലായിരിക്കും നിർമ്മാണ ശാലയെന്നാണ് സൂചന. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഗൂഗിൾ തങ്ങളുടെ പിക്സൽ 8, പിക്സൽ 8 പ്രോ ഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിലവിൽ, ഫോക്‌സ്‌കോണും പെഗാട്രോണും ഇന്ത്യയിൽ നിർമിക്കുന്ന ഐഫോണുകളുടെ 80 ശതമാനത്തിലധികം തമിഴ്‌നാട്ടിൽ നിന്നാണ് അസംബിൾ ചെയ്യുന്നത്.
2021ൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ തമിഴ്‌നാട്ടിൽ വ്യവസായ കമ്പനികളുടെ എണ്ണം 2105ആയിരുന്നു. പുതിയ വ്യവസായ കമ്പനികൾക്ക് മൂന്ന് വർഷമായി സർക്കാർ നൽകിയ വൻ പ്രോത്സാഹനം മൂലം 2021 ന് ശേഷം തമിഴ്നാട്ടിൽ 6,115 പുതിയ വ്യവസായ കമ്പനികളാണ് ആരംഭിച്ചത്.