ചെറിയൊരു തുക പെട്ടെന്ന് ആവശ്യമുണ്ടെങ്കിൽ തിരഞ്ഞെടുക്കാവുന്ന രണ്ട് ജനപ്രിയ മാർഗങ്ങളാണ് സ്വർണ്ണ വായ്പയും വ്യക്തിഗത വായ്പയും.
അടിയന്തരമായി സാമ്പത്തിക ആവശ്യങ്ങൾ ഉണ്ടാകുമ്പോൾ അധികപേരും ആശ്രയിക്കുന്ന ഒന്നാണ് വായ്പ. അതിൽത്തന്നെ ചെറിയൊരു തുക പെട്ടെന്ന് ആവശ്യമുണ്ടെങ്കിൽ തിരഞ്ഞെടുക്കാവുന്ന രണ്ട് ജനപ്രിയ മാർഗങ്ങളാണ് സ്വർണ്ണ വായ്പയും വ്യക്തിഗത വായ്പയും. പലിശ, വായ്പ ലഭിക്കാൻ എടുക്കുന്ന സമയം, തിരിച്ചടവ് നിബന്ധനകൾ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് ഈ വായ്പകൾക്ക് ഗുണവും ദോഷവുമുണ്ട്.
സ്വർണ്ണ വായ്പ
സ്വർണ്ണാഭരണങ്ങൾ, നാണയങ്ങൾ തുടങ്ങിയവ ഈടായി നൽകി എടുക്കുന്ന സുരക്ഷിത വായ്പയാണ് ഇത്. കടം കൊടുക്കുന്നയാൾ സ്വർണ്ണത്തിന്റെ പരിശുദ്ധിയും ഭാരവും വിലയിരുത്തി, നിലവിലെ വിപണി മൂല്യത്തിന്റെ അടിസ്ഥാനമാക്കിയാണ് പണം നൽകുക. മിക്ക ബാങ്കുകളും ആർബിഐയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് 75% വരെ ലോൺ-ടു-വാല്യൂ അനുപാതത്തിൽ സ്വർണ്ണ വായ്പ നൽകുന്നു. വേഗത്തിൽ വായ്പ ലഭിക്കുന്നത്കൊണ്ടും ക്രെഡിറ്റ് സ്കോർ ആവശ്യമില്ലാത്തതുകൊണ്ടും സ്വർണ്ണ വായ്പകൾ ജനപ്രിയമാണ്.
പേഴ്സണൽ ലോൺ
വ്യക്തിഗത വായ്പ എപ്പോഴും ബാങ്കുകളെ സംബന്ധിച്ച് സുരക്ഷിതമല്ലാത്ത വായ്പയാണ്. അതായത് ഇതിനു ഈടായി ഒന്നും നൽകേണ്ടതില്ല. അതിനാൽത്തന്നെ, വായ്പ അനുവദിക്കുന്നതിന് മുമ്പ് ബാങ്കുകൾ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ, വരുമാനം, ജോലി സ്ഥിരത, തിരിച്ചടവ് ശേഷി എന്നിവ വിലയിരുത്തും. 10,000 മുതൽ 40 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ ലഭിക്കും. സുരക്ഷിതമല്ലാത്ത വായ്പ ആയതിനാൽത്തന്നെ മറ്റുള്ള വായ്പകൾ അപേക്ഷിച്ച് പലിശ നിരക്കുകൾ കൂടുതലാണ്.
സ്വർണ്ണ വായ്പകളുടെ പലിശ നിരക്ക് പ്രതിവർഷം 7% മുതൽ 15% വരെയാണ്. ചില ബാങ്കുകൾ പ്രോസസ്സിംഗ് ഫീസ് ഈടാക്കുന്നില്ല. വ്യക്തിഗത വായ്പയുടെ പലിശ നിരക്ക് 10% മുതൽ 24% വരെയാണ്. വ്യക്തിഗത വായ്പകൾക്കുള്ള പ്രോസസ്സിംഗ് ഫീസും കൂടുതലാണ്, പലപ്പോഴും വായ്പ തുകയുടെ 1% മുതൽ 3% വരെ ഈടാക്കും. അതിനാൽ, ഒരു ചെറിയ കാലയളവിലേക്ക് ഒരു ചെറിയ തുകയാണ് ആവശ്യമെങ്കിൽ സ്വർണ്ണ വായ്പകൾ കൂടുതൽ ഉപകരിക്കും .