1.76 ലക്ഷം കോടി വിപണി മൂല്യം ഉള്ള ഗോദ്‌റെജ് ഗ്രൂപ്പ് ഇനി പല കമ്പനികൾ.127 വർഷം പഴക്കമുള്ള കമ്പനി വിഭജിക്കാൻ ഉടമകൾ തീരുമാനിച്ചു.
ഇന്ത്യയുടെ വ്യാവസായിക ചരിത്രത്തിനൊപ്പം സഞ്ചരിച്ച 1.76 ലക്ഷം കോടി വിപണി മൂല്യം ഉള്ള ഗോദ്‌റെജ് ഗ്രൂപ്പ് ഇനി പല കമ്പനികൾ.127 വർഷം പഴക്കമുള്ള കമ്പനി വിഭജിക്കാൻ ഉടമകൾ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഗോദ്‌റെജ് ഗ്രൂപ്പ് രണ്ട് വിഭാഗങ്ങളായി മാറും. 82 കാരനായ ആദി ഗോദ്‌റെജും അദ്ദേഹത്തിൻ്റെ സഹോദരൻ നാദിർ ഗോദ്‌റെജും ഗോദ്‌റെജ് ഇൻഡസ്ട്രീസിൻ്റെ ചുമതല ഏറ്റെടുക്കും. ഗോദ്‌റെജ് ഇൻഡസ്ട്രീസ്, ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്‌ട്‌സ്, ഗോദ്‌റെജ് പ്രോപ്പർട്ടീസ്, ഗോദ്‌റെജ് അഗ്രോവെറ്റ്, ആസ്‌ടെക് ലൈഫ് സയൻസസ് എന്നിവ ഉൾപ്പെടുന്ന അഞ്ച് ലിസ്‌റ്റഡ് ഗ്രൂപ്പ് കമ്പനികൾ ഗോദ്‌റെജ് ഇൻഡസ്‌ട്രീസിൽ ഉൾപ്പെടുന്നു. ചെയർപേഴ്‌സൺ ആയ നാദിർ ഗോദ്‌റെജ് ആയിരിക്കും കമ്പനി നിയന്ത്രിക്കുക. ആദി ഗോദ്‌റെജിൻ്റെ മകൻ പിറോജ്‌ഷ ഗോദ്‌റെജ് ഗോദ്‌റെജ് ഇൻഡസ്‌ട്രീസിൻ്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റാകും. 2026ൽ നാദിർ ഗോദ്‌റെജിന് പകരക്കാരനായി ആയിരിക്കും പിറോജ്ഷ എത്തുന്നത്.
ജംഷദ് ഗോദ്‌റെജും, സഹോദരി സ്മിത ഗോദ്‌റെജ് കൃഷ്ണയും ഗോദ്‌റെജ് എൻ്റർപ്രൈസസിൻ്റെ തലവന്മാരാകും. ഗോദ്‌റെജ് എൻ്റർപ്രൈസസിൽ എയ്‌റോസ്‌പേസ്, ഏവിയേഷൻ, സെക്യൂരിറ്റി, ഫർണിച്ചർ, ഐടി സോഫ്‌റ്റ്‌വെയർ എന്നിവയിലെ കമ്പനികൾ ഉൾപ്പെടുന്നു. ജംഷഡ് ഗോദ്‌റെജ് ചെയർപേഴ്‌സണും മാനേജിംഗ് ഡയറക്ടറും ആയിരിക്കും. സഹോദരി സ്മിതയുടെ മകൾ ന്യാരിക ഹോൾക്കർ എക്‌സിക്യൂട്ടീവ് ഡയറക്ടറാകും. ഗോദ്‌റെജ് എൻ്റർപ്രൈസസിനൊപ്പം മുംബൈയിൽ 3400 ഏക്കർ ലാൻഡ് ബാങ്കും ജംഷഡ് ഗോദ്‌റെജിന് ലഭിക്കും.
undefined
ആദിയും നാദിറും ഗോദ്‌റെജ് ആൻഡ് ബോയ്‌സ് കമ്പനിയുടെ ബോർഡുകളിൽ നിന്ന് രാജി വയ്ക്കും. ജംഷദ് ഗോദ്‌റെജ് ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡ്, ഗോദ്‌റെജ് പ്രോപ്പർട്ടീസ് എന്നിവയുടെ ബോർഡുകൾ വിട്ടു. കൂടാതെ, ഇരു വിഭാഗങ്ങളും പരസ്പരം കമ്പനികളിൽ നിന്ന് നിക്ഷേപം പിൻവലിക്കുകയും ചെയ്യും. വിഭജന പ്രകാരം മുംബൈയിൽ 3400 ഏക്കർ ഭൂമിയാണ് ജംഷഡിനും സ്മിതയ്ക്കും ലഭിച്ചത്. ഇതിൽ മൂവായിരം ഏക്കർ ഭൂമി മുംബൈയിലെ വിക്രോളിയിലാണ്. വികസനത്തിനു ശേഷമുള്ള ഈ ഭൂമിയുടെ മൂല്യം ഏകദേശം ഒരു ലക്ഷം കോടിയോളം വരും.
അർദേശിർ ഗോദ്‌റെജ് ആണ് 1897-ൽ ലോക്ക് നിർമ്മാണം തുടങ്ങി ഗോദ്‌റെജ് ഗ്രൂപ്പിന് രാജ്യത്ത് അടിത്തറ നിർമ്മിക്കുന്നത്. അർദേശിറിന് കുട്ടികളില്ല, അതിനാൽ അദ്ദേഹത്തിന്റെ സംരഭം ഇളയ സഹോദരൻ പിറോജ്ഷയിലേക്ക് പോയി. സൊഹ്‌റാബ്, ദോസ, ബർജോർ, നവാൽ എന്നിവരുൾപ്പെടെ പിരോജ്‌ഷയ്ക്ക് നാല് മക്കളുണ്ടായിരുന്നു. കാലക്രമേണ, ബർജോറിൻ്റെ മക്കളായ ആദിയും നാദിറും, നവലിൻ്റെ മക്കളായ ജംഷീദും സ്മിതയും കുടുംബ ബിസിനസ്സ് ഏറ്റെടുത്തു. സൊഹ്‌റാബിന് കുട്ടികളില്ലായിരുന്നു, ദോസയ്ക്ക് റിഷാദ് എന്ന മകനുണ്ടായിരുന്നു, പക്ഷേ റിഷാദിനും കുട്ടികളില്ല. അങ്ങനെ ഗോദ്‌റെജ് ഗ്രൂപ്പിനെ ആദിയും നാദിറും ജംഷദും സ്മിതയും മറ്റ് ബന്ധുക്കളും ചേർന്ന് നട ത്തിക്കൊണ്ടിരിക്കുകയായിരുന്നു
നിലവിൽ, ആദി ഗോദ്‌റെജ് ഗ്രൂപ്പിൻ്റെ ചെയർമാൻ സ്ഥാനം വഹിക്കുന്നു.അദ്ദേഹത്തിൻ്റെ സഹോദരൻ നാദിർ ഗോദ്‌റെജ് ഇൻഡസ്ട്രീസിൻ്റെയും ഗോദ്‌റെജ് അഗ്രോവെറ്റിൻ്റെയും ചെയർമാനാണ്. അദ്ദേഹത്തിൻ്റെ ബന്ധുവായ ജംഷഡ് ഗോദ്‌റെജ് ആൻഡ് ബോയ്‌സ് കമ്പനിയുടെ ചെയർമാനാണ്. ജംഷഡിൻ്റെ സഹോദരി സ്മിത, റിഷാദ് ഗോദ്‌റെജ് എന്നിവർക്കും ഗോദ്‌റെജ് ആൻഡ് ബോയ്‌സിൽ ഓഹരി പങ്കാളിത്തമുണ്ട്. വിക്രോളിയിൽ സ്ഥിതി ചെയ്യുന്ന ഭൂമി ഈ കമ്പനിയുടെ ഉടമസ്ഥതയിലാണ്. റെഗുലേറ്ററി അംഗീകാരങ്ങൾക്ക് ശേഷം മാത്രമേ ഗ്രൂപ്പിൻ്റെ പുനഃക്രമീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയുള്ളൂ.