തമിഴകത്ത് നിക്ഷേപ പെരുമഴ; ആഗോള നിക്ഷേപ സംഗമത്തില്‍ 5.5 ലക്ഷം കോടിയുടെ 100 ധാരണാപത്രങ്ങളായി

By Web Team  |  First Published Jan 7, 2024, 7:34 PM IST

പൊങ്കലിന് മുൻപേ തമിഴ്നാടിന് ആഘോഷിക്കാൻ വക നൽകി വമ്പൻ പ്രഖ്യാപങ്ങൾ. കൃഷ്ണഗിരി ജില്ലയിലെ മൊബൈൽ ഫോൺ അസംബ്ലി യൂണിറ്റിൽ 12,082 കോടിയുടെ നിക്ഷേപത്തിലൂടെ 40,050 തൊഴിൽ അവസരങ്ങളാണ് ടാറ്റാ ഇലക്ട്രോണിക്സിന്റെ വാഗ്ദാനം.


ചെന്നൈ: ആഗോള നിക്ഷേപ സംഗമത്തിന്റെ ആദ്യദിനം തമിഴ്നാട്ടിലേക്ക് നിക്ഷേപ പ്രവാഹം. ആദ്യ ദിവസം തന്നെ ലക്ഷ്യം മറികടന്നെന്ന് വ്യവസായമന്ത്രി ടിആർബി രാജ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. 5.5 ലക്ഷം കോടിയുടെ 100 ധാരണാപത്രങ്ങളായി എന്നും നാളെ സുപ്രധാന ദിവസമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അഡിഡാസ്, ബോയിങ് തുടങ്ങിയ വമ്പന്മാരുമായി നാളെ ധാരണാപത്രം ഒപ്പിട്ടേക്കും.

പൊങ്കലിന് മുൻപേ തമിഴ്നാടിന് ആഘോഷിക്കാൻ വക നൽകി വമ്പൻ പ്രഖ്യാപങ്ങൾ. കൃഷ്ണഗിരി ജില്ലയിലെ മൊബൈൽ ഫോൺ അസംബ്ലി യൂണിറ്റിൽ 12,082 കോടിയുടെ നിക്ഷേപത്തിലൂടെ 40,050 തൊഴിൽ അവസരങ്ങളാണ് ടാറ്റാ ഇലക്ട്രോണിക്സിന്റെ വാഗ്ദാനം. പുനരുപയോഗ ഊർജ മേഖലയിൽ അടുത്ത 5 വർഷത്തിൽ 55,000 കോടിയുടെ പദ്ധതികൾക്കുള്ള ധാരണപത്രം നാളെ ഒപ്പിടുമെന്ന് ടാറ്റാ പവറും അറിയിച്ചു. തൂത്തുക്കൂടി, തിരുനെൽവേലി എന്നീ ജില്ലകളിൽ 10000 കോടിയുടെ നിക്ഷേപവും 6000 പേർക്ക് ജോലിയും ആണ് ജെ.എസ്.ഡബ്ല്യു എനർജിയുമായുള്ള ധാരണാപാത്രത്തിലെ സവിശേഷത. വിയറ്റ്നാം കമ്പനിയായ വിൻഫാസ്റ്റിന് പിന്നാലെ കാഞ്ചീപുരത്ത് 6180 കോടിയുടെ ഇലക്ട്രിക് കാർ -ബാറ്ററി യൂണിറ്റ് തുടങ്ങുമെന്ന് ഹ്യുണ്ടായ് അറിയിച്ചു. 

Latest Videos

ആപ്പിൾ കരാർ കമ്പനി പെഗാട്രോൺ ചെങ്കപ്പെട്ടിൽ 1000 കോടി മുടക്കി നിർമിക്കുന്ന പുതിയ പ്ലാന്റിലൂടെ ലക്ഷ്യമിടുന്നത് 8000 തൊഴിലാവസരങ്ങളാണ്. റിലേയൻസ് എനർജി, ടി വി എസ്, ഗോദ്‌റെജ് തുടങ്ങിയവരും സംസ്ഥാനത്ത് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. 5 ലക്ഷം കോടിയുടെ ധാരണപത്രം എന്ന സർക്കാർ ലക്ഷ്യം ആദ്യ ദിനം തന്നെ സാധ്യമായി എന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. അതേസമയം, എഐഎഡിഎംകെ സർക്കാരിന്റ കാലത്തെ രണ്ട് സംഗമങ്ങളിൽ ഒപ്പിട്ട ധാരണാപത്രങ്ങളിൽ പകുതി പോലും യാഥാർഥ്യമായില്ല എന്നത് സ്റ്റാലിന് മുന്നിലെ കടമ്പയാണ്.

click me!