ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷം ഇതാദ്യമായാണ് അദാനിയുടെ ആസ്തി 100 ബില്യൺ ഡോളർ കടക്കുന്നത്.
ഹിൻഡൻബർഗ് റിപ്പോർട്ട് ഉണ്ടാക്കിയ വിവാദങ്ങളും പിന്നീട് ഓഹരികളിലുണ്ടായ ഇടിവുമെല്ലാം പഴങ്കഥ. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം, ഗൗതം അദാനി വീണ്ടും 100 ബില്യൺ ഡോളർ ക്ലബ്ബിൽ ബിസിനസ് ടുഡേയുടെ റിപ്പോർട്ട് അനുസരിച്ച്, ഇന്നലെ ഗൗതം അദാനിയുടെ ആസ്തി 2.7 ബില്യൺ ഡോളർ വർദ്ധിച്ച് 100.7 ബില്യൺ ഡോളറിലെത്തി. വിവാദമായ ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷം ഇതാദ്യമായാണ് അദാനിയുടെ ആസ്തി 100 ബില്യൺ ഡോളർ കടക്കുന്നത്. 2023 ജനുവരിയിൽ, അദാനിയുടെ ആസ്തി ഏകദേശം 120 ബില്യൺ ഡോളറായിരുന്നു
2023 ജനുവരി അവസാനം വന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൽ അദാനിക്കെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അദാനിയുടെ ഓഹരികൾ ഇടിഞ്ഞുതുടങ്ങി. ഗ്രൂപ്പിൻറെ വിവിധ ഓഹരികൾ തുടർച്ചയായി ലോവർ സർക്യൂട്ടിൽ എത്തി. ഇക്കാരണത്താൽ, ഒരിക്കൽ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ ആദ്യ മൂന്നിൽ ഉണ്ടായിരുന്ന അദാനി ആദ്യ 30 പേരുടെ പട്ടികയിൽ നിന്ന് തന്നെ പുറത്തായിരുന്നു.
ബ്ലൂംബെർഗിൻറെ ബില്യണയർ സൂചികയിൽ ഗൗതം അദാനിയുടെ ആസ്തി 97.9 ബില്യൺ ഡോളറായിരുന്നു. സൂചിക അനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അദാനിയുടെ സമ്പത്ത് 1.30 ബില്യൺ ഡോളറും 2024 ൽ ഇതുവരെ 13.6 ബില്യൺ ഡോളറും വർദ്ധിച്ചു. ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ ഈ സൂചികയിൽ അദാനി നിലവിൽ 14-ാം സ്ഥാനത്താണ്.
ഇതോടെ ,പട്ടികയിൽ അദാനി ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ തൊട്ടടുത്തെത്തി. നിലവിൽ 111.4 ബില്യൺ ഡോളറിന്റെ ആസ്തിയുമായി ഫോർബ്സ് പട്ടികയിൽ 11-ാം സ്ഥാനത്താണ് അംബാനി, എന്നാൽ ബ്ലൂംബെർഗിന്റെ സൂചികയിൽ അദ്ദേഹത്തിൻറെ ആസ്തി 107 ബില്യൺ ഡോളറാണ്.