തികച്ചും സൗജന്യമായി തന്നെ ബ്ലൂ ആധാ‍ർ കാര്‍ഡ് ലഭിക്കും; എന്താണ് നീല ആധാർ കാര്‍ഡ്, എങ്ങനെ അപേക്ഷിക്കാം

By Web Team  |  First Published Feb 22, 2024, 6:58 PM IST

ബാൽ ആധാർ കാർഡ് ആണ് ബ്ലൂ ആധാർ എന്ന് അറിയപ്പെടുന്നത്. രാജ്യത്തെ അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കായി പ്രത്യേകം നൽകുന്ന ആധാര്‍ കാര്‍ഡ് ആണിത്


രാജ്യത്തെ ഒരു പൗരന്റെ സുപ്രധാന തിരിച്ചറിയൽ രേഖയാണ് ആധാര്‍ കാര്‍ഡ്. ബാങ്ക് അക്കൗണ്ട് തുറക്കുന്നത് മുതൽ പാസ്‌പോർട്ടിന് അപേക്ഷിക്കുകയോ മൊബൈൽ സിം കാർഡ് എടുക്കുന്നത് വരെ എന്താവശ്യത്തിനും ആധാര്‍ കാര്‍ഡ് ഇപ്പോള്‍ നിര്‍ബന്ധമാണ്. അതുപോലെ ആധാർ കാർഡിൽ ബ്ലൂ ആധാർ എന്ന വിഭാഗമുണ്ട്. എന്താണ് ബ്ലൂ ആധാർ കാര്‍ഡ് എന്ന് അറിയാം. 

ബാൽ ആധാർ കാർഡ് ആണ് ബ്ലൂ ആധാർ എന്ന് അറിയപ്പെടുന്നത്. രാജ്യത്തെ അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കായി പ്രത്യേകം നൽകുന്ന ആധാര്‍ കാര്‍ഡ് ആണിത്. 2018 ൽ, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കായാണ് ബ്ലൂ ആധാർ പ്രത്യേകം രൂപകൽപ്പന ചെയ്തത്. വിവിധ സർക്കാർ ക്ഷേമ പരിപാടികളിൽ കുട്ടികളെ ഉൾപ്പെടുത്തുമ്പോൾ നടപടികൾ എളുപ്പമാക്കാൻ നീല ആധാര്‍ കാര്‍ഡ് സഹായിക്കുന്നു. 

Latest Videos

undefined

എന്നാല്‍, മുതിര്‍ന്നവര്‍ക്ക് നല്‍കുന്നത് പോലെയല്ല ബാല്‍ ആധാര്‍ കാര്‍ഡ് നൽകുന്നത്. മുതിർന്നവർക്കുള്ളത് പോലെ ബയോമെട്രിക് ഡാറ്റ നൽകേണ്ടതില്ല എന്നുള്ളതാണ് പ്രധാന പ്രത്യേകത. പകരം കുട്ടികളുടെ വ്യക്തി വിവരങ്ങള്‍ക്കൊപ്പം മാതാപിതാക്കളുടെ യുഐഡിയുമായി ലിങ്ക് ചെയ്യുകയും വേണം. ഇതിന് ശേഷം കുട്ടിക്ക് അഞ്ച് വയസ് തികയുമ്പോൾ ബയോമെട്രിക് ഡാറ്റ നിര്‍ബന്ധമായും നല്‍കണം. അഞ്ച് വയസ് തികഞ്ഞതിന് ശേഷമാണ് കൈയിലെ പത്ത് വിരലുകളുടെയും ബയോമെട്രിക് രേഖപ്പെടുത്തുക. 

മാതാപിതാക്കൾക്ക് നവജാതശിശുക്കൾക്ക് വേണ്ടി നീല ആധാറിനായി അപേക്ഷിക്കാം. അത് എങ്ങനെയാണെന്ന് നോക്കാം

* uidai.gov.in എന്ന യുഐഡിഎഐ വെബ്സൈറ്റ് സന്ദർശിക്കുക.
* ആധാർ കാർഡ് രജിസ്ട്രേഷനുള്ള ഓപ്ഷനിലേക്ക് പോവുക.
* കുട്ടിയുടെ പേര്, മാതാപിതാക്കളുടെ/രക്ഷിതാവിന്‍റെ ഫോൺ നമ്പർ, മറ്റ് അവശ്യ വിവരങ്ങൾ എന്നിവ പൂരിപ്പിക്കുക.
* ആധാർ കാർഡ് രജിസ്ട്രേഷനുള്ള അപ്പോയിന്റ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക.
* അടുത്തുള്ള എൻറോൾമെന്റ് സെന്റർ കണ്ടെത്തി ഒരു അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യുക.
* നിങ്ങളുടെ ആധാർ, കുട്ടിയുടെ ജനനത്തീയതി, റഫറൻസ് നമ്പർ മുതലായവയുമായി ആധാർ കേന്ദ്രത്തിൽ ഹാജരാകുക.
* കേന്ദ്രത്തിൽ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുക.

പ്രത്യേക ശ്രദ്ധയ്ക്ക്: സൗജന്യമായാണ് ആധാര്‍ കാര്‍ഡ് നല്‍കുന്നത്. മറ്റ് തട്ടിപ്പുകളില്‍ വീഴരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകുന്നു. 

click me!