സമ്പന്നരിൽ ശക്ത; 100 ബില്യൺ ഡോളർ സമ്പാദിച്ച ആദ്യ വനിത

By Web TeamFirst Published Dec 29, 2023, 5:13 PM IST
Highlights

ലോറിയലിന്റെ ഓഹരികളുടെ റെക്കോർഡ്-ഉയർന്ന പ്രകടനമാണ് മേയേഴ്‌സിന്റെ സമ്പത്തിലെ സമീപകാല കുതിപ്പിന് കാരണമായത്.

നൂറ് ബില്യൺ ഡോളർ ആസ്തിയുള്ള  ലോകത്തിലെ ആദ്യത്തെ വനിതയായി   ഫ്രാങ്കോയിസ് ബെറ്റൻകോർട്ട് മെയേഴ്‌സ്. കോസ്‌മെറ്റിക് ഭീമനായ ലോറിയലിന്റെ സ്ഥാപകന്റെ ചെറുമകളായ ഫ്രാങ്കോയിസ് ബെറ്റൻകോർട്ട് മെയേഴ്‌സിന്റെ ആസ്തി ബ്ലൂംബെർഗ് സമ്പന്ന സൂചിക പ്രകാരം,  100.1 ബില്യൺ ഡോളറിലെത്തി.  മുത്തച്ഛൻ സ്ഥാപിച്ച സൗന്ദര്യ ഉൽപന്ന സാമ്രാജ്യമായ ലോറിയൽ എസ്‌എയുടെ വിജയമാണ് ആസ്തി ഉയരാൻ കാരണമാക്കിയത് എന്നാണ് റിപ്പോർട്ട്. 

ശതകോടേശ്വരന്മാരായ മുകേഷ് അംബാനി, അമാൻസിയോ ഒർട്ടേഗ, ഗൗതം അദാനി എന്നിവർക്കെല്ലാം മുകളിൽ, ബ്ലൂംബെർഗ് ശതകോടീശ്വരൻമാരുടെ പട്ടികയിൽ 12-ാം സ്ഥാനത്താണ് ഫ്രാങ്കോയിസ് ബെറ്റൻകോർട്ട് മെയേഴ്‌സ്. 1998 ന് ശേഷമുള്ള ഏറ്റവും മികച്ച വർഷമായിരുന്നു ലോറിയലിന് ഇത്. ലോറിയലിന്റെ ഓഹരികളുടെ റെക്കോർഡ്-ഉയർന്ന പ്രകടനമാണ് മേയേഴ്‌സിന്റെ സമ്പത്തിലെ സമീപകാല കുതിപ്പിന് കാരണമായത്.

Latest Videos

ആരാണ് ഫ്രാങ്കോയിസ് ബെറ്റൻകോർട്ട് മേയേഴ്സ്?

സൗന്ദര്യവര്‍ധകവസ്തുവിപണിയില്‍ വിപ്ലവം കുറിച്ച ചരിത്രമാണ് ലോറിയലിന്റേത്. ലോറിയൽ കമ്പനി ഉടമയും ലോകത്തെ ഏറ്റവും സമ്പന്നയായ വനിതയുമായിരുന്ന ലിലിയന്‍ ബെറ്റന്‍കോര്‍ടിന്റെ മകളാണ് ഫ്രാങ്കോയിസ് ബെറ്റൻകോർട്ട്. കമ്പനിയുടെ 33 ശതമാനം ഓഹരികൾ ഫ്രാങ്കോയിസിന്റെ പേരിലാണ്. 1997 മുതൽ  കമ്പനി ബോർഡിൽ ഫ്രാങ്കോയിസ് ബെറ്റൻകോർട്ട് പ്രവർത്തിക്കുന്നു. ഒപ്പം കമ്പനിയുടെ ചെയർപേഴ്സണ്‍ സ്ഥാനവും വഹിച്ചു. 

2017-ൽ,  ലിലിയന്‍ ബെറ്റന്‍കോര്‍ടിന്റെ മരണത്തോടെ ബെറ്റൻകോർട്ട് മേയേഴ്‌സിന് കുടുംബ സ്വത്തുക്കളുടെ അവകാശം ലഭിച്ചു. ഇന്ന് കുടുംബത്തിന്റെ ചാരിറ്റബിൾ ഓർഗനൈസേഷന്റെ പ്രസിഡന്റാണ്  ഫ്രാങ്കോയിസ് ബെറ്റൻകോർട്ട്.  

അതേസമയം. 179 ബില്യൺ ഡോളർ ആസ്തിയുമായി ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തുള്ള എൽവിഎംഎച്ച് മൊയ്‌റ്റ് ഹെന്നസി ലൂയിസ് വിറ്റൺ എസ്ഇയുടെ സ്ഥാപകൻ ബെർണാഡ് അർനോൾട്ടിനേക്കാൾ വളരെ കുറവാണ് ഫ്രാങ്കോയിസ് ബെറ്റൻകോർട്ടിന്റെ ആസ്തി. 
 

click me!