യുപിഐ രംഗത്ത് സൂപ്പർ ആകാൻ ഫ്ലിപ്കാർട്ടിന്റെ 'സൂപ്പർമണി'; ക്യാഷ്ബാക്ക് ഓഫറുകള്‍ എങ്ങനെ ലഭിക്കും എന്നറിയാം

By Web Team  |  First Published Jun 27, 2024, 7:13 PM IST

യുപിഐ ഇടപാടുകൾക്ക് പുറമേ, ക്രെഡിറ്റ്, ഡെപ്പോസിറ്റ്, ക്രെഡിറ്റ് കാർഡ് തുടങ്ങിയ സേവനങ്ങളും പ്ലാറ്റ്‌ഫോം ലഭ്യമാക്കും. ഫോൺപേയിൽ നിന്ന് വേർപിരിഞ്ഞ് ഒന്നര വർഷത്തിന് ശേഷമാണ്, ഫ്ലിപ്കാർട്ട് സ്വന്തമായി പേയ്മെന്റ് ആപ്പ്  അവതരിപ്പിച്ചിരിക്കുന്നത്.


സ്വന്തം പേയ്മെന്റ് ആപ്പായ സൂപ്പർ മണിയുമായി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ട്. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിലെ (യുപിഐ) ഇടപാടുകൾക്ക് പുറമേ, ക്രെഡിറ്റ്, ഡെപ്പോസിറ്റ്, ക്രെഡിറ്റ് കാർഡ് തുടങ്ങിയ സേവനങ്ങളും പ്ലാറ്റ്‌ഫോം ലഭ്യമാക്കും. ഫോൺപേയിൽ നിന്ന് വേർപിരിഞ്ഞ് ഒന്നര വർഷത്തിന് ശേഷമാണ്, ഫ്ലിപ്കാർട്ട് സ്വന്തമായി പേയ്മെന്റ് ആപ്പ്  അവതരിപ്പിച്ചിരിക്കുന്നത്. ഫോൺപേ വാൾമാർട്ടിന്റെ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്. പുതിയ ആപ്പിന്റെ ബീറ്റ പതിപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ഇവിടെ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം ഉപയോക്താക്കൾക്ക് മൊബൈൽ പേയ്‌മെന്റ് നടത്താം. സൂപ്പർ മണി ഉപയോഗിക്കുന്നവർക്ക് ക്യാഷ്ബാക്ക് ലഭിക്കുമെന്നും  അത് വളരെ വ്യത്യസ്തമായ ക്യാഷ്ബാക്ക് ആയിരിക്കുമെന്നും കമ്പനി പറയുന്നു.

ആപ്പ് ഉപയോഗിച്ച് ഭക്ഷണം വാങ്ങുന്നതിനും, യാത്ര ചെയ്യുന്നതിനും, മറ്റ് ഇടപാടുകൾക്കും 5 ശതമാനം വരെ ക്യാഷ്ബാക്ക് ആപ്പ് വാഗ്ദാനം ചെയ്യുന്നു. യുപിഐയുടെ പ്രാരംഭ നാളുകളിൽ, മിക്ക യുപിഐ സേവന ദാതാക്കളും മികച്ച വിപണി വിഹിതം നേടുന്നതിനായി ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്തിരുന്നു. ഫോൺപേ, ഗൂഗിൾ പേ, പേടിഎം എന്നീ മൂന്ന് ആപ്ലിക്കേഷനുകൾ മാത്രം ഭൂരിഭാഗം ആളുകളും ഉപയോഗിച്ച് തുടങ്ങിയതിനാൽ ഇപ്പോൾ ക്യാഷ്ബാക്ക് കുറവാണ്. രാജ്യത്തെ യുപിഐ വിപണിയുടെ 95 ശതമാനം വിഹിതവും ഈ മൂന്ന് കമ്പനികളുടെ പക്കലാണ്. പേടിഎം പേയ്‌മെന്റ് ബാങ്കിനെതിരായ നിയന്ത്രണ നടപടി കാരണം മൂന്നാമത്തെ വലിയ കമ്പനിയായ പേടിഎമ്മിന്റെ വിപണി വിഹിതം കഴിഞ്ഞ വർഷം 13 ശതമാനത്തിൽ നിന്ന് മെയ് മാസത്തിൽ ഏകദേശം 8 ശതമാനമായി കുറഞ്ഞു. ഫ്ലിപ്കാർട്ട് സഹസ്ഥാപകൻ സച്ചിൻ ബൻസാലിന്റെ ഫിൻടെക് ആപ്പ് ആയ നവിയും യുപിഐ ഉപയോഗിക്കുന്നതിന് റിവാർഡുകളും ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനിടെ, ഗൂഗിൾ ഫ്ലിപ്പ്കാർട്ടിൽ ഏകദേശം 350 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തി . ഇതോടെ കമ്പനിയുടെ മൂല്യം ഏകദേശം 36 ബില്യൺ ഡോളറായി.  

Latest Videos

click me!