ഇടക്കാല ബജറ്റ് നാളെ; തെര‍ഞ്ഞെടുപ്പ് മുന്‍നിർത്തി വൻ പ്രഖ്യാപനങ്ങൾക്ക് സാധ്യത, ആദായ നികുതിയിൽ ഇളവ് വന്നേക്കും

By Web Team  |  First Published Jan 31, 2024, 8:40 AM IST
  • പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലുള്ള വനിത കർഷകർക്ക് ആറായിരത്തില്‍ നിന്ന് 12,000 രൂപയാക്കി സഹായം വർധിപ്പിച്ചേക്കും.
  • ബിജെപി വോട്ടുബാങ്കായ മധ്യവർഗത്തെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളും ഉണ്ടാകും

ദില്ലി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നാളെ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. ലോക്സഭ തെര‍ഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ട് മുൻപ് ജനപ്രീയ ബജറ്റ് അവതരിപ്പിക്കാനായിരിക്കും സർക്കാർ നീക്കം. ആദായ നികുതി ഇളവുകള്‍, ക്ഷേമപദ്ധതികള്‍. സ്ത്രീകള്‍ക്കും കർഷകർക്കുമുളള സഹായം അടക്കം ബജറ്റിലുണ്ടാകാനാണ് സാധ്യത.

2019 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടക്കാല ബജറ്റിലാണ് കർഷകർക്ക് വർഷം ആറായിരം രൂപ നല്‍കുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ പ്രഖ്യാപനം ഉണ്ടായത്. അഞ്ച് ലക്ഷം വരെ വരുമാനമുള്ളവരെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയതും അതേ ബജറ്റില്‍ തന്നെ. അഞ്ച് വർഷത്തിന് ശേഷം 2024ല്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ 2019 ലേതിനേക്കാളേറെ പ്രതീക്ഷ ബജറ്റില്‍ ജനങ്ങളിലുണ്ട്. ലോക്സഭ തെര‍ഞ്ഞെടുപ്പ് മുന്‍ നിർത്തി വൻ ജനപ്രീയ പദ്ധതികള്‍ നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റിലുണ്ടായേക്കും. 

Latest Videos

undefined

ബിജെപി വോട്ടുബാങ്കായ മധ്യവർഗത്തെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളും ഉണ്ടാകും. ആദായ നികുതിയില്‍ വലിയ ഇളവുകള്‍ക്ക് സാധ്യത നിലനില്‍ക്കുന്നു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലുള്ള വനിത കർഷകർക്ക് ആറായിരത്തില്‍ നിന്ന് 12,000 രൂപയാക്കി സഹായം വർധിപ്പിച്ചേക്കും. രാജ്യത്ത് ആകെ സ്ത്രീ കർഷകരില്‍ തന്നെ 13 ശതമാനത്തോളം പേർക്ക് മാത്രമാണ് ഭൂമിയുള്ളതെന്നതിനാല്‍ വലിയ ബാധ്യതക്ക് വഴിവെക്കില്ലെന്നതും പ്രഖ്യാപനത്തിനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. മധ്യപ്രദേശില്‍ സ്ത്രീകള്‍ക്കുള്ള ലാഡ്‍ലി ബഹൻ യോജന നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ സ്വാധീനവും ബിജെപി കണക്കിലെടുക്കാനാണ് സാധ്യത. ധനകമ്മി നിയന്ത്രിക്കാനുള്ള ഇടപെടലും സർക്കാര്‍ തുടരും.

2024 ല്‍ പാരീസ് ഒളിംപിക്സ് നടക്കാനിരിക്കുന്നത് കണക്കിലെടുത്ത് കായികരംഗത്തും പ്രഖ്യാപനങ്ങള്‍ വന്നേക്കും. പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ എന്നീ രണ്ട് വലിയ പ്രശ്നങ്ങളെ സർക്കാർ ബജറ്റില്‍ എങ്ങനെ ഉൾക്കൊള്ളുമെന്നതിലും ആകാംഷ നിലനല്‍ക്കുന്നുണ്ട്. ഇലക്ട്രിക് വാഹന രംഗം,ഡിജിറ്റല്‍മേഖലകളും ഊ‍ർജ്ജം പ്രഖ്യാപനങ്ങള്‍ക്ക് കാത്തിരിക്കുന്നു. അതേസമയം ബജറ്റ് അവതരണത്തിന്‍റെ തലേദിവസം സഭയില്‍ വെക്കുന്ന സാമ്പത്തിക സർവെ റിപ്പോർട്ട് ഇത്തവണ ഇല്ല. പകരം ധനമന്ത്രാലയം കഴിഞ്ഞ പത്ത് വർഷത്തെ ഇന്ത്യൻ സമ്പദ്‍രംഗത്തെ കുറിച്ചുള്ള അവലകോന റിപ്പോര്‍ട്ട് പുറത്തിറക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!