മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയുടെ വിവാഹത്തിന് എത്തിയവരില്‍ ഏറ്റവും വലിയ പണക്കാരനാരായിരിക്കും
രാഷ്ട്രീയ നേതാക്കളും, സെലിബ്രിറ്റികളും, വ്യവസായികളും പറന്നിറങ്ങിയ വിവാഹം.. അതിഥികളെല്ലാം ആടിയും പാടിയും കൊഴുപ്പിച്ച ദിവസങ്ങള്‍ നീണ്ട മാമാങ്കം.. ലോക ശ്രദ്ധയാകര്‍ഷിക്കുന്നതായിരുന്നു മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയുടെ വിവാഹ ചടങ്ങുകള്‍. ആയിരത്തിലേറെ കോടി രൂപ മുടക്കി ഒരുക്കിയ വിവാഹ ചടങ്ങിലേക്ക് ബില്‍ഗേറ്റ്സ് ഉള്‍പ്പെടെയുള്ള ലോക സമ്പന്നരും എത്തി.ഈ വിവാഹത്തിന് എത്തിയവരില്‍ ഏറ്റവും വലിയ പണക്കാരനാരായിരിക്കും.. കണക്കുകള്‍ നോക്കുമ്പോള്‍ ഈ സ്ഥാനത്തിന് അര്‍ഹന്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെ. 14 ലക്ഷം കോടി രൂപയാണ് സക്കര്‍ബര്‍ഗിന്റെ ആകെ ആസ്തി.
മാർക്ക് സക്കർബർഗ് തന്റെ ഭാര്യ പ്രിസില്ല ചാനിനൊപ്പം ആണ് ആഘോഷങ്ങളിൽ പങ്കെടുത്തത്. എംബ്രോയ്ഡറി ചെയ്ത 'സുന്ദർബൻസ് ടൈഗ്രസ്' ഷർട്ട് ആയിരുന്നു അദ്ദേഹം ധരിച്ചത് . കൈകൊണ്ട് എംബ്രോയ്ഡറി ചെയ്ത ഷർട്ട് രാഹുൽ മിശ്രയാണ് ഡിസൈൻ ചെയ്തത്. ഈ വസ്ത്രത്തെ പ്രശംസിച്ച ബില്‍ഗേറ്റ്സ് അദ്ദേഹത്തോടൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു.
2004-ൽ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ ഡോം റൂമിൽ മൂന്ന് സുഹൃത്തുക്കളോടൊപ്പം മാർക്ക് സക്കർബർഗ് ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കായ ഫേസ്ബുക്കിന് തുടക്കമിട്ടു.. അന്ന് 23 കാരനായിരുന്ന സക്കർബർഗിനെ ആഗോളതലത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനാക്കുന്നതിൽ ഫേസ്ബുക്ക് നിർണായക പങ്ക് വഹിച്ചു. 2012 മെയ് മാസത്തിൽ ഫേസ്ബുക്ക് ഓഹരികള്‍ ലിസ്റ്റ് ചെയ്തത് മുതൽ, അദ്ദേഹം സ്ഥിരമായി സമ്പന്നരുടെ നിരയിലേക്ക് ഉയർന്നു, നിലവിൽ മെറ്റാ പ്ലാറ്റ്‌ഫോമുകളിൽ ഏകദേശം 13% ഓഹരിയാണ് സക്കർബർഗിന് ഉള്ളത്.
2014-ൽ, കമ്പനി അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഏറ്റെടുക്കൽ നടത്തി. മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് 19 ബില്യൺ ഡോളറിന് മാർക്ക് സക്കർബർഗ് സ്വന്തമാക്കി. 2021 ഒക്ടോബറിൽ,ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവ ഉൾപ്പെടുന്ന മെറ്റാ പ്ലാറ്റ്‌ഫോമായി ഫേസ്ബുക്ക് റീബ്രാൻഡ് ചെയ്തു. 962.38 ബില്യൺ ഡോളർ വിപണി മൂല്യത്തോടെ, മെറ്റാ പ്ലാറ്റ്‌ഫോമുകൾ ആഗോളതലത്തിൽ ഏഴാമത്തെ വലിയ കമ്പനിയായി നിലകൊള്ളുന്നു.