മസ്‌ക് ഓരോ മിനിറ്റിലും ഏകദേശം 5.85 ലക്ഷം രൂപയും ഓരോ മണിക്കൂറിലും 3.5 കോടി രൂപയും ഓരോ ദിവസവും 84 കോടി രൂപയും ഓരോ ആഴ്ചയും 590 കോടി രൂപയുമാണ് സമ്പാദിക്കുന്നത്.
5.85 ലക്ഷം രൂപ വരുമാനം.. ഇത് ഒരാളുടെ മാസ ശമ്പളമാണെന്ന് കരുതിയാൽ തെറ്റി. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ ഇലോൺ മസ്‌കിന്റെ ഒരു മിനിറ്റിലെ വരുമാനമാണിത്. ശതകോടീശ്വരനായ മസ്‌ക് ഓരോ മിനിറ്റിലും ഏകദേശം 5.85 ലക്ഷം രൂപയും ഓരോ മണിക്കൂറിലും 3.5 കോടി രൂപയും ഓരോ ദിവസവും 84 കോടി രൂപയും ഓരോ ആഴ്ചയും 590 കോടി രൂപയുമാണ് സമ്പാദിക്കുന്നത്.
ഫിൻബോൾഡ് പുറത്തുവിട്ട റിപ്പോർട്ടിൽ, 2024 ഫെബ്രുവരിയോടെ, ഇലോൺ മസ്‌കിന്റെ ആസ്തി 198.9 ബില്യൺ ഡോളറാണ്. ഫോർബ്‌സിന്റെ റിയൽടൈം ബില്യണയർ ലിസ്റ്റ് പ്രകാരമാണ് ഈ കണക്ക് എടുത്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ധനികനെന്ന നിലയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും, ലോകത്തിലെ പല രാജ്യങ്ങളുടെയും ജിഡിപിയേക്കാൾ കൂടുതൽ ആണ് മസ്‌ക്കിന്റെ സമ്പാദ്യം. പല കമ്പനികളിലെയും ഓഹരികളുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇലോൺ മസ്‌കിന്റെ മൊത്തം ആസ്തി കണക്കാക്കുന്നത്. ടെസ്‌ലയിൽ 20.5 ശതമാനവും, സ്റ്റാർലിങ്കിൽ 54 ശതമാനവും, സ്‌പേസ് എക്‌സിൽ 42 ശതമാനവും, എക്‌സിൽ 74 ശതമാനവും, ദി ബോറിംഗ് കമ്പനിയിൽ 90 ശതമാനവും, എക്‌സ്എഐയിൽ 25 ശതമാനവും ആണ് അദ്ദേഹത്തിന്റെ ഓഹരി പങ്കാളിത്തം. ന്യൂറലിങ്കിന്റെ 50 ശതമാനത്തിലധികം ഓഹരികൾ ഇലോൺ മസ്‌കിന്റെ കൈവശമുണ്ട്.
കോടീശ്വരന്മാരുടെ ലോകത്ത്, ആഗോള ആഡംബര ഉൽപ്പന്ന കമ്പനിയായ എൽവിഎംഎച്ച് ഉടമയും സിഇഒയുമായ ബെർണാർഡ് അർനോൾട്ടിൽ നിന്ന് മസ്‌ക് കടുത്ത മത്സരമാണ് നേരിടുന്നതെന്ന് റിപ്പോർട്ട് പറയുന്നു. ഫെബ്രുവരി പകുതിയോടെ, ലോകത്തിലെ ഒന്നാം നമ്പർ ധനികനായ ബെർണാർഡ് അർനോൾട്ടിൻറെ ആസ്തി 219.1 ബില്യൺ ഡോളറായിരുന്നു.