രാഷ്ട്രീയ പാർട്ടികൾ പണമാക്കിയ ഇലക്ടറൽ ബോണ്ടുകളെത്ര? വിവരങ്ങൾ നൽകാതെ എസ്ബിഐ; സുപ്രീം കോടതി നൽകിയ സമയം കഴിഞ്ഞു

By Web Team  |  First Published Mar 7, 2024, 1:02 PM IST

ഇലക്ടറൽ ബോണ്ടുകളുടെ വിവരങ്ങൾ നൽകാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷനോട് വെളിപ്പെടുത്താനുള്ള സുപ്രീം കോടതി നൽകിയ സമയപരിധി കഴിഞ്ഞു 


ദില്ലി: ഇലക്ടറൽ ബോണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ നൽകാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സുപ്രീം കോടതി നൽകിയ സമയ പരിധി ഇന്നലെ അവസാനിച്ചു. രാഷ്ട്രീയ പാർട്ടികൾ എൻക്യാഷ് ചെയ്ത ഇലക്ടറൽ ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ മാര്‍ച്ച് ആറിന് മുമ്പ് സമര്‍പ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.  

രാഷ്ട്രീയ  പാര്‍ട്ടികള്‍ക്ക് നല്‍കിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ കൈമാറാന്‍ സാവകാശം തേടി എസ്ബിഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിശദാംശങ്ങൾ വെളിപ്പെടുത്താൻ ജൂൺ 30 വരെ നീട്ടണമെന്ന് ബാങ്ക് മാർച്ച് 4 ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഹർജി ഇതുവരെ സുപ്രീം കോടതി പരിഗണിച്ചിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ ഓരോ ഇലക്ട്രല്‍ ബോണ്ട് ഇടപാടും സംബന്ധിച്ച വിശദാംശങ്ങള്‍ നൽകണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. 

Latest Videos

undefined

ഫെബ്രുവരി 15 ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം മാർച്ച് 13 നകം എസ്ബിഐ നൽകുന്ന വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം. എസ്ബിഐ ഇതുവരെ ഒരു വിശദാംശങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് നൽകാത്തതിനാൽ ഈ ഉത്തരവും ലംഘിക്കപ്പെട്ടിരിക്കുകയാണ്. 

ഇലക്ടറൽ ബോണ്ടുകൾ വിതരണം ചെയ്യുന്നത് ഉടൻ തന്നെ നിർത്താൻ എസ്‌ബിഐയോട് സുപ്രീം കോടതി ആവശ്യപ്പെടുകയും മാർച്ച് 6 നകം വിശദാംശങ്ങൾ നൽകാനുമാണ് നിർദേശം. ഈ വിവരങ്ങളിൽ എൻക്യാഷ്മെൻ്റ് തീയതിയും ഇലക്ടറൽ ബോണ്ടിൻ്റെ മൂല്യവും ഉൾപ്പെടുത്തണം. 

2018ൽ ഇലക്ടറൽ ബോണ്ട് സ്കീം ആരംഭിച്ചതിന് ശേഷം 29 ഘട്ടങ്ങളിലായി 15,956.3096 കോടി രൂപ വിലമതിക്കുന്ന   ഇലക്ടറൽ ബോണ്ടുകൾ വിറ്റതായി കഴിഞ്ഞ വർഷം, എസ്ബിഐ വ്യക്തമാക്കിയിരുന്നു. 2019 നും 2022 നും ഇടയിൽ, നാസിക്ക് ആസ്ഥാനമായുള്ള ഇന്ത്യ സെക്യൂരിറ്റി പ്രസ് 28,531.5 കോടി രൂപയുടെ 674,250 ഇലക്ടറൽ ബോണ്ടുകളെങ്കിലും അച്ചടിച്ചു. ഇലക്ടറൽ ബോണ്ടുകൾ ഉപയോഗിച്ച്, ഏതൊരു വ്യക്തിക്കും കമ്പനിക്കും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് പണം സംഭാവന ചെയ്യാനോ സാമ്പത്തിക സഹായം നൽകാനോ കഴിയും.

click me!