വിവോയെ വിടാതെ ഇ.ഡി; മൂന്ന് പേർ കൂടി പിടിയിൽ

By Web Team  |  First Published Dec 26, 2023, 4:41 PM IST

വിവോ ഇന്ത്യയുടെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.


ള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വിവോ ഇന്ത്യയുടെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വിവോ ഇന്ത്യയുടെ ഇടക്കാല സിഇഒ ഹോങ് സുക്വാൻ, വിവോ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ) ഹരീന്ദർ ദാഹിയ, കൺസൾട്ടന്റ് ഹേമന്ത് മുഞ്ജാൽ എന്നിവരെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
   
മൂന്ന് പ്രതികളെയും  കോടതിയിൽ ഹാജരാക്കി മൂന്ന് ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു. വിവോയുടെ ഇന്ത്യൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഒരു ചൈനീസ് പൗരൻ , ലാവ ഇന്റർനാഷണൽ എംഡി ഹരി ഓം റായ്, ചാർട്ടേഡ് അക്കൗണ്ടന്റുമാരായ നിതിൻ ഗാർഗ്, രാജൻ മാലിക് എന്നിവരുൾപ്പെടെ നാല് പേരെ ഇ.ഡി അറസ്റ്റ് ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് മൂന്ന് പേരെ കൂടി പിടികൂടിയിരിക്കുന്നത്.

അധികൃതരുടെ നടപടിയിൽ വളരെയധികം ആശങ്കയുണ്ടെന്ന്  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിനെക്കുറിച്ച് വിവോ പ്രതികരിച്ചു. വ്യവസായ മേഖലയിൽ അനിശ്ചിതത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതാണ് അറസ്റ്റെന്നും എല്ലാ നിയമപരമായ വഴികളും തേടുമെന്നും വിവോ വ്യക്തമാക്കി.2020-ലെ അതിർത്തി സംഘർഷത്തെത്തുടർന്ന് ചൈനീസ് ബിസിനസുകളിലും നിക്ഷേപങ്ങളിലും കർശന പരിശോധനയാണ് ഇന്ത്യ നടത്തുന്നത്. ഇന്ത്യയിൽ നികുതി അടയ്ക്കാതിരിക്കാൻ വിവോ-ഇന്ത്യ ചൈനയിലേക്ക് 62,476 കോടി രൂപ "നിയമവിരുദ്ധമായി" കൈമാറ്റം ചെയ്തുവെന്ന് ആണ് ഇഡിയുടെ ആരോപണം. ചൈനീസ് പൗരന്മാരും ഒന്നിലധികം ഇന്ത്യൻ കമ്പനികളും ഉൾപ്പെട്ട വലിയ കള്ളപ്പണം വെളുപ്പിക്കൽ ഇടപാടെന്ന് ആരോപിച്ച്   കഴിഞ്ഞ വർഷം , വിവോ മൊബൈൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനും ഗ്രാൻഡ് പ്രോസ്പെക്റ്റ് ഇന്റർനാഷണൽ കമ്മ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് (ജിപിഐസിപിഎൽ) ഉൾപ്പെടെയുള്ള 23 അനുബന്ധ സ്ഥാപനങ്ങൾക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 44 സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു.

click me!