കാനഡയ്ക്ക് നേരെ കണ്ണടച്ച് വിദ്യാർഥികള്‍; സ്റ്റഡി പെര്‍മിറ്റ് അപേക്ഷകളുടെ കണക്കുകൾ പുറത്ത്

By Web Team  |  First Published Jan 3, 2024, 7:03 PM IST

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍കുന്നത് വര്‍ധിപ്പിക്കാനുള്ള കാനഡയുടെ ശ്രമങ്ങള്‍ക്കിടെയാണ് അപേക്ഷകളില്‍ കുത്തനെയുള്ള ഇടിവ് ഉണ്ടായിരിക്കുന്നത്


ന്ത്യന്‍ വിദ്യാര്‍ഥികളുടെ കാനഡ പ്രിയം കുറയുന്നോ? അതെ എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2023 ജൂലൈ മുതല്‍ സ്റ്റഡി പെര്‍മിറ്റ് അപേക്ഷകളുടെ എണ്ണത്തില്‍ 40 ശതമാനം ഇടിവുണ്ടായതായാണ് റിപ്പോര്‍ട്ട്. 2002 ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ കാനഡ,  ഇന്ത്യക്കാരുടെ 1.46 ലക്ഷം പഠനാനുമതിക്കായുള്ള അപേക്ഷകളാണ് കൈകാര്യം ചെയ്തത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 87,000 ആയി കുത്തനെ കുറഞ്ഞു. 40 ശതമാനമാണ് ഇടിവെന്ന് വിദ്യാര്‍ഥികളുടെ റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ടുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ അപ്ലൈ ബോര്‍ഡ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍കുന്നത് വര്‍ധിപ്പിക്കാനുള്ള കാനഡയുടെ ശ്രമങ്ങള്‍ക്കിടെയാണ് അപേക്ഷകളില്‍ കുത്തനെയുള്ള ഇടിവ് ഉണ്ടായിരിക്കുന്നത്.

ഈ വര്‍ഷം മുതല്‍ കാനഡയില്‍ എത്തുന്ന വിദേശ വിദ്യാര്‍ഥികളുടെ ജീവിത ചെലവിനായി അക്കൗണ്ടില്‍ 20,635 ഡോളര്‍ കാണിക്കേണ്ടി വരും. ഏതാണ് 12.66 ലക്ഷം രൂപ വരുമിത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി 6.13 ലക്ഷം രൂപ അക്കൗണ്ടില്‍ കാണിച്ചാല്‍ മതിയായിരുന്നു. ഇതാണ് ഒറ്റയടിക്ക് ഇരട്ടിയാക്കിയത്. കാനഡയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് തിരിച്ചടിയായിട്ടുണ്ട്.

ഇതിന് പുറമേ കാനഡയിലെ താമസ സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉയര്‍ന്ന ചെലവും വലിയ തോതില്‍ ചര്‍ച്ചാ വിഷയമാകുന്നുണ്ട്. പലരും വീടുകളുടെ ബേസ്മെന്‍റുകളില്‍ താമസിക്കുന്നതായുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. സർക്കാർ കണക്കുകൾ പ്രകാരം കാനഡയിലുടനീളം കുറഞ്ഞത് 3,45,000 വീടുകളുടെ കുറവുണ്ട്.

വിദ്യാര്‍ഥികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും , തൊഴിലില്ലായ്മയും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ജീവിതച്ചെലവ് വർധിച്ചതോടെ, തങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ ബുദ്ധിമുട്ടുകയാണെന്നും നാട്ടിലുള്ള മാതാപിതാക്കളിൽ നിന്ന് സാമ്പത്തിക സഹായം തേടാൻ നിർബന്ധിതരാണെന്നും പലരും പറഞ്ഞു. കാനഡയിലെ വിദേശ വിദ്യാർത്ഥികളുടെ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. നിലവിൽ കാനഡയിൽ പഠിക്കുന്ന ഏകദേശം 8,00,000 വിദേശ വിദ്യാർത്ഥികളിൽ 3,20,000 പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്, പഞ്ചാബിൽ നിന്നുള്ള വിദ്യാർത്ഥികൾ അവരിൽ 70 ശതമാനത്തോളം വരും.
 

tags
click me!