2023-ൽ ഇന്ത്യൻ പൗരന്മാർക്ക് 1,80,000 വിസകൾ അനുവദിച്ചതായി ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് വാങ് സിയോജിയാൻ
ചൈനയും ഇന്ത്യയും തമ്മിൽ ഏതാനും വർഷങ്ങളായി അത്ര നല്ല ബന്ധമല്ല എന്നതൊക്കെ അവിടെ നിൽക്കട്ടെ... ഇങ്ങനെയൊക്കെയാണെങ്കിലും ചൈനയിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ ഒരു കുറവുമില്ല. 2023-ൽ ഇന്ത്യൻ പൗരന്മാർക്ക് 1,80,000 വിസകൾ അനുവദിച്ചതായി ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് വാങ് സിയോജിയാൻ പറഞ്ഞു. കഴിഞ്ഞ വർഷം ഇന്ത്യയിലെ ചൈനീസ് എംബസി ഇന്ത്യൻ പൗരന്മാർക്ക് ചൈനയിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.ചൈനയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനായി, നടപടി ക്രമങ്ങൾ ലഘൂകരിക്കുകയും താൽക്കാലിക ഫീസ് കുറയ്ക്കുകയും ചെയ്തു.
ഇന്ത്യയിലേയും ചൈനയിലേയും ആളുകൾ തമ്മിലുള്ള സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ചൈനീസ് പൗരന്മാർക്കുള്ള സാധാരണ വിസ ചാനൽ എത്രയും വേഗം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എംബസി അധികൃതർ പറഞ്ഞു. 2022-ൽ ഇന്ത്യ ചൈനീസ് പൗരന്മാർക്കുള്ള ടൂറിസ്റ്റ് വിസ താൽക്കാലികമായി നിർത്തിവച്ചിരുന്നു.
ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ തങ്ങളുടെ അംഗങ്ങൾക്ക് അയച്ച സർക്കുലറിൽ ചൈനീസ് പൗരന്മാർക്ക് നൽകുന്ന ടൂറിസ്റ്റ് വിസകൾക്ക് ഇനി ഇന്ത്യയിൽ സാധുതയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോവിഡിന് ശേഷം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നതിൽ ചൈന അനാസ്ഥ കാണിച്ചപ്പോഴാണ് ഇന്ത്യയും ചൈനക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തുയത്. വിവിധ സർവകലാശാലകളിൽ പഠിക്കുന്ന 22,000 വിദ്യാർഥികളാണ് പ്രതിസന്ധി നേരിട്ടത്. ചൈനീസ് സർക്കാരിനോട് ഇക്കാര്യം ഉന്നയിച്ച ശേഷവും നിസ്സംഗത കാണിച്ചതോടെയാണ് ഇന്ത്യ കർശന നിലപാടെടുത്തത്.