റിസർവ് ബാങ്ക് കേന്ദ്രസർക്കാരിന് ഒരു ലക്ഷം കോടി രൂപയോളം ലാഭവിഹിതം കൈമാറുമെന്ന് സൂചന
തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തുന്ന സർക്കാരിനെ ഒരു ബംബർ ലോട്ടറി കാത്തിരിപ്പുണ്ട്. റിസർവ് ബാങ്കിന്റെ വമ്പൻ ലാഭവിഹിതമാണ് അടുത്ത സർക്കാരിന്റെ തുടക്കകാലത്ത് തന്നെ ലഭിക്കുക. റിസർവ് ബാങ്ക് കേന്ദ്രസർക്കാരിന് ഒരു ലക്ഷം കോടി രൂപയോളം ലാഭവിഹിതം കൈമാറുമെന്ന് സൂചന. ഇത് കഴിഞ്ഞ വർഷത്തെ ലാഭവിഹിതത്തേക്കാൾ കൂടുതലാണ്. കഴിഞ്ഞ വർഷം 87,416 കോടി രൂപയാണ് ലാഭവിഹിതമായി കൈമാറിയത്. കാലാവധി എത്തുന്നതിന് മുമ്പായി 60000 കോടി രൂപ മൂല്യമുള്ള കടപത്രങ്ങൾ തിരികെ വാങ്ങുന്നതിന് കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിനുള്ള ചെലവ് റിസർവ് ബാങ്ക് വരുമാനത്തിലൂടെ കണ്ടെത്താനാകുമെന്നത് സർക്കാരിന് ആശ്വാസമാണ്.
ഇത്രയധികം പണം ആർബിഐക്ക് എവിടെ നിന്ന്?
undefined
റിസർവ് ബാങ്കിന്റെ വരുമാന സ്രോതസ്സുകളിലൊന്നാണ് സെഗ്നിയോറേജ്. കറൻസി അച്ചടിക്കുന്നതിലൂടെ ലഭിക്കുന്ന ലാഭമാണിത്. കറൻസി അച്ചടിക്കാൻ റിസർവ് ബാങ്കിന് ചെലവാകുന്നതിനേക്കാൾ വളരെ കൂടുതലാണ് ആ കറൻസിയുടെ മൂല്യം. ഇതുകൂടാതെ വിവിധ വാണിജ്യ ബാങ്കുകൾക്ക് ആർബിഐ വായ്പ നൽകുന്നുണ്ട്. പകരം ബാങ്കുകൾ ആർബിഐക്ക് പലിശ നൽകുന്നു. ഇതാണ് മറ്റൊരു വരുമാന മാർഗം . സർക്കാർ ബോണ്ടുകൾ വാങ്ങുന്നതിലൂടെയും വിൽക്കുന്നതിലൂടെയും റിസർവ് ബാങ്ക് പണം സമ്പാദിക്കുന്നുണ്ട്. റിസർവ് ബാങ്കിന്റെ വിദേശ നാണയ ശേഖരത്തിൽ വിദേശ ആസ്തികൾ ഉൾപ്പെടുന്നു, ഇതും വരുമാനം ഉണ്ടാക്കുന്നു.
റിസർവ് ബാങ്കിന്റെ പ്രധാന വരുമാനം പലിശയിൽ നിന്നും വിദേശനാണ്യത്തിൽ നിന്നുമുള്ളതാണ്. റിസർവ് ബാങ്കിന്റെ ബാലൻസ് ഷീറ്റിന്റെ 70 ശതമാനവും വിദേശ കറൻസി ആസ്തിയാണ്. 20 ശതമാനം സർക്കാർ ബോണ്ടുകളും. ഇവയിൽ നിന്നുള്ള റിസർവ് ബാങ്കിന്റെ പലിശ വരുമാനം 1.5 ലക്ഷം കോടി മുതൽ 1.7 ലക്ഷം കോടി രൂപ വരെയാകുമെന്ന് യൂണിയൻ ബാങ്ക് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.