ഗുണഭോക്താക്കളുടെ എണ്ണം ആറ് കോടിക്ക് മുകളിൽ; അടൽ പെൻഷൻ യോജനയുടെനേട്ടങ്ങളെന്തൊക്കെ? എങ്ങനെ ചേരാം?

By Web TeamFirst Published Dec 13, 2023, 5:24 PM IST
Highlights

ദരിദ്രർക്കും അവശത അനുഭവിക്കുന്നവർക്കും വേണ്ടി ആരംഭിച്ച പദ്ധതിയിൽ  ഈ സാമ്പത്തിക വർഷം മാത്രം 79 ലക്ഷത്തിലധികം ആളുകളാണ് ചേർന്നത്

കേന്ദ്ര സർക്കാർ  ആവിഷ്‌കരിച്ച അടൽ പെൻഷൻ യോജനയിലെ ഗുണഭോക്താക്കളുടെ എണ്ണം 6 കോടി കടന്നു. ദരിദ്രർക്കും അവശത അനുഭവിക്കുന്നവർക്കും വേണ്ടി ആരംഭിച്ച പദ്ധതിയിൽ  ഈ സാമ്പത്തിക വർഷം മാത്രം 79 ലക്ഷത്തിലധികം ആളുകളാണ് ചേർന്നത്. 2015 മെയ് 9 നാണ് അടൽ പെൻഷൻ യോജന ആരംഭിച്ചത്. അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവരെ ലക്ഷ്യമിട്ടാണ് പദ്ധതി തുടങ്ങിയത്. 60 വയസ്സിനു ശേഷം 1000 രൂപ മുതൽ 5000 രൂപ വരെ പെൻഷൻ ലഭിക്കുമെന്നതാണ് പദ്ധതിയുടെ നേട്ടം.  
 
അടൽ പെൻഷൻ യോജനയിൽ 18 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമേ പദ്ധതിയിൽ നിക്ഷേപിക്കാൻ കഴിയൂ. 60 വയസ്സിൽ 5000 രൂപ വീതം പെൻഷൻ ലഭിക്കണമെങ്കിൽ, 18 വയസ് മുതൽ എല്ലാ മാസവും 210 രൂപ നിക്ഷേപിക്കണം. 40-ാം വയസ്സിൽ നിക്ഷേപം ആരംഭിച്ചാൽ,  പ്രതിമാസം 1454 രൂപ നൽകേണ്ടിവരും. ഇവർക്ക് 60 വയസ്സാകുമ്പോൾ 5000 രൂപ വീതം പെൻഷൻ ലഭിക്കും.

ഭാര്യക്കും ഭർത്താവിനും  പ്രയോജനം ലഭിക്കുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഭർത്താവ് മരിച്ചാൽ പെൻഷന്റെ ആനുകൂല്യം ഭാര്യക്ക് ലഭിക്കും.ഈ സ്കീമിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, ബാങ്കിൽ ഒരു സേവിംഗ്സ് അക്കൗണ്ട് ഉണ്ടായിരിക്കണം. ബാങ്കിൽ ചെന്ന് സ്കീമിന് അപേക്ഷിക്കാം. പേര്, ആധാർ, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ തുടങ്ങി എല്ലാ രേഖകളും പൂരിപ്പിച്ച ശേഷം അപേക്ഷ ബാങ്കിൽ സമർപ്പിക്കുക. കെവൈസി വിശദാംശങ്ങൾ നൽകിയ ശേഷം, അടൽ പെൻഷൻ അക്കൗണ്ട് തുറക്കാം.

click me!