അനിൽ അംബാനിയുടെ പ്രതീക്ഷ തെറ്റിച്ച് മകൻ; വായ്പ നൽകുന്നതിൽ വീഴ്ച, ഒരു കോടി രൂപ പിഴ ചുമത്തി സെബി

By Web Team  |  First Published Sep 25, 2024, 5:53 PM IST

റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയെ വിലക്കി ഒരു മാസത്തിന് ശേഷമാണു മകൻ അൻമോലിനു എതിരെ സെബി നടപടി എടുക്കുന്നത്. 


നിൽ അംബാനിയുടെ മകൻ ജയ് അൻമോൽ അംബാനിക്കെതിരെ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഒരു കോടി രൂപ പിഴ ചുമത്തി. റിലയൻസ് ഹോം ഫിനാൻസിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 45 ദിവസത്തിനകം തുക നൽകാനാണ് നിർദേശം. റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയെ വിലക്കി ഒരു മാസത്തിന് ശേഷമാണു മകൻ അൻമോലിനു എതിരെ സെബി നടപടി എടുക്കുന്നത്. 

റിലയൻസ് ക്യാപിറ്റൽ ഉൾപ്പെടെയുള്ള മറ്റ് റിലയൻസ് എഡിഎജി ഗ്രൂപ്പ് കമ്പനികൾക്ക് ജിപിസിഎൽ (ജനറൽ പർപ്പസ് വർക്കിംഗ് ക്യാപിറ്റൽ) സ്ഥാപനങ്ങൾ നൽകുന്ന വായ്പകളെക്കുറിച്ച് ജയ് അൻമോൽ അംബാനി ജാഗ്രത പുലർത്തിയില്ലെന്ന് സെബി ആരോപിച്ചു. ജയ് അൻമോൾ റിലയൻസ് ഹോം ഫിനാൻസിൻ്റെ ബോർഡിൽ ഉണ്ടായിരുന്നപ്പോൾ, അദ്ദേഹം ജിപിസിഎൽ വായ്പകൾ അംഗീകരിച്ചതായി സെബി പറഞ്ഞു. ഇത്തരം വായ്പകൾക്ക് അനുമതിയുമായി മുന്നോട്ട് പോകരുതെന്ന് കമ്പനിയുടെ ഡയറക്ടർ ബോർഡ് വ്യക്തമായ നിർദേശം നൽകിയതിന് ശേഷമാണ് അനുമതി നൽകിയത്.

Latest Videos

വിസ ക്യാപിറ്റൽ പാർട്ണേഴ്‌സിന് 20 കോടി രൂപയും അക്യുറ പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡിന് 20 കോടി രൂപയും വായ്പ നൽകാനുള്ള അനുമതി അൻമോൽ അംബാനിയാണ് നൽകിയത്. 2019 ഫെബ്രുവരി 11 ന് നടന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ കൂടുതൽ ജിപിസിഎൽ വായ്പകൾ നൽകരുതെന്ന് മാനേജ്‌മെൻ്റിനോട് നിർദ്ദേശിച്ചിരുന്നു എന്നാൽ അൻമോൽ വായ്പ അനുവദിച്ചത്  ഫെബ്രുവരി 14  നാണ്.  

റിലയൻസ് ഹോം ഫിനാൻസിൽ നിന്ന്  ഫണ്ട് വകമാറ്റി തിരിമറി നടത്തിയതിനാണ് സെബി അനിൽ അംബാനിയെ അഞ്ച് വർഷത്തേക്ക് വിലക്കിയത്. 

click me!