ദുബായിലേക്ക് പറക്കാൻ എയർ ഇന്ത്യയുടെ എ 350; ചില്ലറക്കാരനല്ല ടാറ്റ എത്തിച്ച പുതിയ സാരഥി

By Web Team  |  First Published Apr 18, 2024, 7:10 PM IST

ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ  എയർ ഇന്ത്യയുടെ വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും കഴിയും. അല്ലെങ്കിൽ  ട്രാവൽ ഏജൻ്റുമാർ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.


ദില്ലി: ഒടുവിൽ പറക്കാൻ ഒരുങ്ങി എയർ ഇന്ത്യയുടെ ആദ്യ എ350 വിമാനം. ഈ വേനൽക്കാലത്ത് തിരക്കേറിയ ദില്ലി - ദുബായ് റൂട്ടിൽ തങ്ങളുടെ ഏറ്റവും പുതിയ A350 വിമാനം വിന്യസിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. 2024 മെയ് 1 മുതൽ ദില്ലിക്കും ദുബായ്ക്കുമിടയിൽ എ350 വിമാനം സർവീസ് നടത്തും. 

വിമാനം ദില്ലയിൽ നിന്നും ദിവസവും 20:45 ന് പുറപ്പെടും, 22:45 ന് ദുബായിൽ എത്തിച്ചേരും. തിരിച്ച് അടുത്ത ദിവസം 00:15 ന് ദുബായിൽ നിന്ന് പുറപ്പെട്ട് 04:55 ന് ദില്ലിയിൽ എത്തും. ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ  എയർ ഇന്ത്യയുടെ വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും കഴിയും. അല്ലെങ്കിൽ  ട്രാവൽ ഏജൻ്റുമാർ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

Latest Videos

undefined

 ഇന്ത്യയ്ക്കും ദുബായ്ക്കുമിടയിൽ എ350 വിമാനം പരത്തുന്ന ആദ്യ എയർലൈൻ എയർ ഇന്ത്യയാണ്. ഈ വർഷമാദ്യം എയർ ഇന്ത്യ എ350 വിമാനങ്ങൾ ഉൾപ്പെടുത്തിത്തുടങ്ങി, അതിനുശേഷം ക്രൂ പരിചയപ്പെടുത്തലിനും റെഗുലേറ്ററി കംപ്ലയൻസ് ആവശ്യങ്ങൾക്കുമായി ഇന്ത്യയ്ക്കുള്ളിൽ വിമാനങ്ങൾ സർവീസ് നടത്തി.

നിലവിൽ എയർ ഇന്ത്യ അഞ്ച് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ദുബായിലേക്ക് ആഴ്ചയിൽ മൊത്തം 72 സർവീസുകൾ നടത്തുന്നുണ്ട്. അതിൽ 32 വിമാനങ്ങൾ ദില്ലിയിൽ നിന്നാണ് 

ശക്തവും ഇന്ധനക്ഷമതയുള്ളതുമായ റോൾസ് റോയ്‌സ് ട്രെന്റ് എക്‌സ്‌ഡബ്ല്യുബി എഞ്ചിനിലാണ് എ350 വരുന്നത്. മൂന്ന് ക്ലാസ് ക്യാബിൻ ഇതിലുണ്ടാകും. ബിസിനസ്സ്, പ്രീമിയം ഇക്കോണമി, എക്കോണമി എന്നിങ്ങനെ  316 സീറ്റുകൾ ആണ് വിമാനത്തിൽ ഉണ്ടാകുക. ക്യാബിനിൽ 28 സ്വകാര്യ ബിസിനസ് ക്ലാസ് സ്യൂട്ടുകളും 24 പ്രീമിയം സീറ്റുകളും 264 ഇക്കണോമി സീറ്റുകളും ഉൾപ്പെടുന്നു. ടോപ്പ് എൻഡ് സ്യൂട്ട് കസേരകൾ പൂർണ്ണ വലിപ്പമുള്ള കിടക്കകളാക്കി മാറ്റാൻ കഴിയും. ഓരോ സ്യൂട്ടിനും വ്യക്തിഗത വാർഡ്രോബ്, ഇലക്ട്രോണിക് ഉപകരണങ്ങൾക്കുള്ള സ്റ്റോറേജ് സ്പേസ്, 21 ഇഞ്ച് HD ടച്ച്സ്ക്രീൻ, ഇൻഫോടെയ്ൻമെന്റിനും വിനോദത്തിനുമായി ഒരു വീഡിയോ ഹാൻഡ്സെറ്റ് എന്നിവയുണ്ട്.

ഇന്ത്യൻ വ്യവസായിയായ ജെആർഡി ടാറ്റ സ്ഥാപിച്ച എയർ ഇന്ത്യ 1953-ൽ ദേശസാൽക്കരിക്കപ്പെട്ടു. അടുത്തിടെ, ഗവൺമെൻ്റിൻ്റെ സ്വകാര്യവൽക്കരണ നയം കാരണം എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും 2022 ജനുവരിയിൽ ടാറ്റ ഗ്രൂപ്പ് തിരികെ സ്വന്തമാക്കി.

click me!