ശതകോടീശ്വരന്മാർ തമിഴ്‌നാട്ടിൽ നിക്ഷേപ സാധ്യതൾ തേടുകയാണ്. മുകേഷ് അംബാനി 60000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചു. പിന്നാലെ 42768 കോടിയുടെ നിക്ഷേപമാണ് ഗൗതം അദാനി പ്രഖ്യാപിച്ചത്.
തമിഴ്നാട്ടിൽ നിക്ഷേപങ്ങൾ പ്രഖ്യാപിച്ച് രാജ്യത്തെ അതിസമ്പന്നർ. തമിഴ്നാട് സർക്കാരിന്‍റെ ആഗോള നിക്ഷേപ സംഗമത്തിന്‍റെ ആദ്യദിനത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി 60000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചു. പിന്നാലെ 42768 കോടിയുടെ നിക്ഷേപമാണ് അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി പ്രഖ്യാപിച്ചത്. ചുരുക്കിപ്പറഞ്ഞാൽ ശതകോടീശ്വരന്മാർ തമിഴ്‌നാട്ടിൽ നിക്ഷേപ സാധ്യതൾ തേടുകയാണ്.
അറുപതിനായിരം കോടിയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ച മുകേഷ് അംബാനി, റിലയൻസ് റിട്ടെയിൽ 25000 കോടിയുടെ നിക്ഷേപവും ജിയോ 35000 കോടിയുടെ നിക്ഷേപവും നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തമിഴ് നാട് ഉടൻ തന്നെ ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായുള്ള സംസ്ഥാനമായി മാറുമെന്നുമാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ ഐ എൽ) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഗ്ലോബൽ ഇൻവെസ്‌റ്റേഴ്‌സ് മീറ്റിൽ പറഞ്ഞത്. റിലയൻസ് ഗ്രൂപ്പ് ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് നടത്തിയ നിക്ഷേപങ്ങളെ കുറിച്ച് അംബാനി എടുത്തുപറഞ്ഞു. രാജ്യത്തെ ഏറ്റവും ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് തമിഴ് നാടെന്നും സംസ്ഥാന സർക്കാരിൽ ആത്മവിശ്വാസം മികച്ചതാണെന്നും അംബാനി ചൂണ്ടികാട്ടി.
അതേസമയം, 42768 കോടിയുടെ നിക്ഷേപമാണ് അദാനി ഗ്രൂപ്പിന്‍റെ 4 കമ്പനികളും ചേർന്ന് മൊത്തത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്.അദാനി ഗ്രീൻ എനർജി 24,500 കോടിയും അംബുജ സിമന്‍റ്സ് 3,500 കോടിയും അദാനി കോണക്സ് 13,200 കോടിയും അദാനി ടോട്ടൽ ഗ്യാസ് ആൻഡ് സി എൻ ജി 1568 കോടിയും തമിഴ്നാട്ടിൽ നിക്ഷേപിക്കുമെന്നാണ് ഉറപ്പായത്. ചെന്നൈയിൽ നടക്കുന്ന ആഗോള നിക്ഷേപസംഗമത്തിൽ ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പിടുകയും ചെയ്തിട്ടുണ്ട്