അദാനിയുടെ തുറമുഖ വികസന പദ്ധതിക്കായി ഫിലിപ്പീൻസിലെ ബാറ്റാനെ പരിഗണിക്കുന്നതായി ഫിലിപ്പീൻസ് പ്രസിഡന്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
അദാനി ഗ്രൂപ്പ് വിദേശത്തും തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി അദാനി പോർട്ട് ആൻഡ് ഇക്കണോമിക് സോൺ ലിമിറ്റഡ് ഫിലിപ്പീൻസിൽ നിക്ഷേപം നടത്തും. അദാനി പോർട്ട്സ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് ആർ. മാർക്കോസ് ജൂനിയറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. അദാനിയുടെ തുറമുഖ വികസന പദ്ധതിക്കായി ഫിലിപ്പീൻസിലെ ബാറ്റാനെ പരിഗണിക്കുന്നതായി ഫിലിപ്പീൻസ് പ്രസിഡന്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. 25 മീറ്റർ ആഴമുള്ള തുറമുഖം വികസിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. പനമാക്‌സ് കപ്പലുകളും തുറമുഖത്തിന് കൈകാര്യം ചെയ്യാൻ കഴിയും. സാധാരണയായി ഇത്തരത്തിലുള്ള കപ്പലുകളുടെ ഭാരം 50,000 മുതൽ 80,000 ടൺ വരെയാണ്. ഈ കപ്പലിന് 965 അടി നീളവും 106 അടി ബീമും 39.5 അടി ഡ്രാഫ്റ്റുമുണ്ട്. വലിയ അളവിലുള്ള സാധനങ്ങൾ കൊണ്ടുപോകാൻ ഇതിന് കഴിയും. ഇത്രയും ഭാരമുള്ള കപ്പലുകൾ കൈകാര്യം ചെയ്യാനുള്ള സൗകര്യം ലോകത്ത് വളരെ കുറച്ച് തുറമുഖങ്ങളിലേ ഉള്ളൂ.
ഫിലിപ്പീൻസിലെ അദാനി പോർട്ട്സിന്റെ നിക്ഷേപ പദ്ധതികളെ പ്രസിഡന്റ് മാർക്കോ സ്വാഗതം ചെയ്തു. കാർഷിക ഉൽപന്നങ്ങൾ കൈകാര്യം ചെയ്യത്തക്ക രീതിയിലായിരിക്കണം വികസനമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ, അദാനി പോർട്ട്‌സ് ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ നടത്തിപ്പുകാരാണ് ആണ്. ജനുവരി-മാർച്ച് പാദത്തിൽ അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 76.87 ശതമാനം വർധിച്ച് 2,014.77 കോടി രൂപയായി. മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 1,139.07 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം.