തട്ടിപ്പുകാർക്ക് 'ചെക്ക്' വച്ച് ബാങ്കുകള്‍; ഇടപാടുകൾ ഇനി സിംപിളല്ല, അറിയേണ്ടതെല്ലാം

By Web Team  |  First Published May 28, 2024, 5:07 PM IST

ബാങ്കുകള്‍ 'ട്രാന്‍സാക്ഷന്‍ കണ്‍ഫര്‍മേഷന്‍' സന്ദേശം ഉപഭോക്താക്കള്‍ക്ക് അയക്കും. ഉപഭോക്താവ് അത് സ്ഥിരീകരിച്ചാല്‍ മാത്രമേ ഇടപാടിന് ബാങ്ക് അനുമതി നല്‍കൂ.


ബാങ്ക് ഇടപാടുകളിലെ തട്ടിപ്പുകള്‍ ഓരോ ദിവസവും വര്‍ധിച്ചു വരികയാണ്. പലതരത്തിലുള്ള മാർഗങ്ങളാണ് തട്ടിപ്പുകാര്‍ ഇതിനായി ഉപയോഗിച്ച് വരുന്നത്. തട്ടിപ്പുകള്‍ക്ക്  തടയിടാനും ഇടപാടുകാരെ സംരക്ഷിക്കുന്നതിനുമായി പുതിയൊരു സംവിധാനം ആവിഷ്ക്കരിച്ചിരിക്കുകയാണ് ബാങ്കുകള്‍. ഇതിന്റെ ഭാഗമായി ഇടപാടുകള്‍ സ്ഥിരീകരിക്കുന്നതിനായി പ്രത്യേക സന്ദേശം ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്കായി അയയ്ക്കും. സാധാരണയില്‍ നിന്ന് വ്യത്യസ്തമായ ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍  അത് സ്ഥിരീകരിക്കുന്നതിനായി ബാങ്കുകള്‍ 'ട്രാന്‍സാക്ഷന്‍ കണ്‍ഫര്‍മേഷന്‍' സന്ദേശം ഉപഭോക്താക്കള്‍ക്ക് അയക്കും. ഉപഭോക്താവ് അത് സ്ഥിരീകരിച്ചാല്‍ മാത്രമേ ഇടപാടിന് ബാങ്ക് അനുമതി നല്‍കൂ.അസാധരണമായ ഇടപാടുകള്‍ നിരീക്ഷിക്കുന്നതിനുള്ള ക്രെഡിറ്റ് ഇന്‍റലിജന്‍സ് സംവിധാനത്തിലൂടെയാണ് തട്ടിപ്പുകള്‍ തടയുന്നത്.  

ഉദാഹരണത്തിന്  കൊച്ചിയിലുള്ള ഒരു ഉപഭോക്താവ്.  ആ വ്യക്തി ദക്ഷിണാഫ്രിക്കയിൽ സാമ്പത്തിക ഇടപാടുകളൊന്നും നടത്തിയിട്ടില്ലായിരിക്കാം അല്ലെങ്കിൽ അവിടെ പോയിരിക്കാം. ഒരു ദിവസം പെട്ടെന്ന് ആ വ്യക്തിയുടെ ക്രെഡിറ്റ് കാർഡിൽ  ദക്ഷിണാഫ്രിക്ക ആസ്ഥാനമായുള്ള ഒരു വെബ്‌സൈറ്റിൽ നിന്ന് ഉയർന്ന മൂല്യമുള്ള ഇടപാട് ആരംഭിച്ചവെന്ന് കരുതുക. അസാധാരാണമായ ഈ ഇടപാട് ബാങ്കിന്റെ ക്രെഡിറ്റ് ഇന്റലിജൻസ് സംവിധാനം കണ്ടെത്തും. ഇടപാട് സ്ഥിരീകരണത്തിനായി കൊച്ചിയിലുള്ള ഉപഭോക്താവിന് സന്ദേശം കൈമാറും. യഥാർത്ഥ ഉപഭോക്താവ്  സമ്മതം നൽകിയില്ലെങ്കിൽ, ഇടപാട് നിരസിക്കപ്പെടും.

Latest Videos

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് എന്നിവ പരീക്ഷണാര്‍ത്ഥം ഈ സംവിധാനം ആരംഭിച്ചുകഴിഞ്ഞു. തട്ടിപ്പുകള്‍ തടയുന്നതിന്‍റെ ഭാഗമായി മറ്റ് ബാങ്കുകളും അധികം വൈകാതെ ഈ സംവിധാനം നടപ്പാക്കും. യുപിഐ, നെറ്റ് ബാങ്കിംഗ്/മൊബൈൽ ബാങ്കിംഗ്, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ തുടങ്ങിയവയിലെല്ലാം നിരീക്ഷണം ഏർപ്പെടുത്തും. സാധ്യതയുള്ള തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനാണ് ഇത്.

click me!