പിപിഎഫ് തുടങ്ങാൻ പ്ലാൻ ഉണ്ടോ? ഈ കാര്യങ്ങൾ അറിയണം

By Web Team  |  First Published Jan 11, 2024, 4:01 PM IST

നിക്ഷേപം നടത്തുന്നതിന് മുമ്പ് പിപിഎഫ് സ്കീമിന്റെ ദോഷവശങ്ങളെക്കൂടി അറിഞ്ഞിരിക്കണം എന്ന് ചുരുക്കം. പിപിഎഫിന്റെ അഞ്ച്  പോരായ്മകൾ എന്തൊക്കെയെന്ന് അറിഞ്ഞുവെയ്ക്കാം


ദീർഘകാലത്തേക്ക് നിക്ഷേപിച്ച് മികച്ച നേട്ടം കൈവരിക്കാനാകുന്ന ഒരു സേവിംഗ്സ് സ്കീമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങൾക്കായി  നല്ല രീതിയിൽ കരുതിവയ്ക്കാൻ കഴിയുന്ന സമ്പാദ്യപദ്ധതിയാണിത്. എന്നാൽ  മറ്റ്നിക്ഷേപ പദ്ധതികളെ പോലെ തന്നെ ചില പോരായ്മകൾ പിപിഎഫിനുമുണ്ട്. നിക്ഷേപം നടത്തുന്നതിന് മുമ്പ് പിപിഎഫ് സ്കീമിന്റെ ദോഷവശങ്ങളെക്കൂടി അറിഞ്ഞിരിക്കണം എന്ന് ചുരുക്കം. പിപിഎഫിന്റെ അഞ്ച്  പോരായ്മകൾ എന്തൊക്കെയെന്ന് അറിഞ്ഞുവെയ്ക്കാം

പലിശ നിരക്ക് കുറവാണ്:

മറ്റ് നിക്ഷേപപദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ പലിശ നിരക്കിന്റെ കാര്യത്തിൽ പിപിഎഫ് കുറച്ച് പിന്നിൽത്തന്നെയാണ്.. നിലവിലെ പിപിഎഫ് പലിശ നിരക്ക് 7.1 ശതമാനം ആണ്, ഇത് 2022-23 സാമ്പത്തിക വർഷത്തിലെ 8.15 ശതമാനം  പലിശ നിരക്കുള്ള നിക്ഷേപപദ്ധതികളുണ്ട്. നിക്ഷേപകരിൽ പലരും
 നികുതി ലാഭിക്കൽ ആവശ്യങ്ങൾക്കായാണ് പിപിഎഫ് ഉപയോഗിക്കുന്നത്.എന്നാൽ വിപിഎഫ്  മുഖേന പ്രൊവിഡന്റ് ഫണ്ടിലേക്ക് നിക്ഷപിച്ചാലും സമാനമായ നികുതി ലാഭിക്കൽ ആനുകൂല്യങ്ങളും മികച്ച പലിശയും ലഭിക്കും.

ലോക്ക്-ഇൻ പിരീഡ്

15 വർഷത്തിനുള്ളിലാണ് പിപിഎഫ് അക്കൗണ്ട് കാലാവധി പൂർത്തിയാകുന്നത്.  ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കാണ് ഈ സ്കീം കൂടുതൽ അനുയോജ്യമാവുക.  ഹ്രസ്വകാല ആവശ്യങ്ങളുള്ള നിക്ഷേപകർ മറ്റ് നിക്ഷേപപദ്ധതികൾ നോക്കുന്നതാണുചിതം.

Latest Videos

undefined

 നിക്ഷേപ പരിധി: ഒരു പിപിഎഫ് അക്കൗണ്ടിൽ  നിക്ഷേപിക്കാവുന്ന പരമാവധി തുക 1.5 ലക്ഷം രൂപയാണ്. ഈ പരിധി കഴിഞ്ഞ കുറേ വർഷങ്ങളായി സർക്കാർ വർധിപ്പിച്ചിട്ടില്ല. ഉയർന്ന തുക നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് പിപിഎഫ് അനുയോജ്യമാകില്ല.  എന്നാൽ അധിക നികുതിയില്ലാതെ ശമ്പളത്തിൽ നിന്ന് 2.5 ലക്ഷം രൂപ വരെ വിപിഎഫിൽ നിക്ഷേപിക്കാവുന്നതാണ്.

 കർക്കശമായ പിൻവലിക്കൽ നിയമങ്ങൾ:

പിപിഎഫിൽ അകാല പിൻവലിക്കലിന് നിരവധി കർശന വ്യവസ്ഥകളുണ്ട്. ഉദാഹരണത്തിന്, ഒരു സാമ്പത്തിക വർഷത്തിൽ നിങ്ങൾക്ക് ഒരു പിൻവലിക്കൽ മാത്രമേ നടത്താനാകൂ, അതും നിക്ഷേപം തുടങ്ങി അഞ്ച് വർഷത്തിന് ശേഷം മാത്രം. അതിനാൽ 2023-24 സാമ്പത്തിക വർഷത്തിൽ നിങ്ങൾ ഒരു പിപിഎഫ് അക്കൗണ്ട് തുറക്കുകയാണെങ്കിൽ, 2029-30 സാമ്പത്തിക വർഷത്തിൽ മാത്രമേ നിങ്ങൾക്ക് ആദ്യ പിൻവലിക്കൽ നടത്താനാകൂ എന്ന് ചുരുക്കം..

നേരത്തെ ക്ലോസ് ചെയ്യാനാകില്ല:

ഒരു പിപിഎഫ് അക്കൗണ്ടിലെ നിക്ഷേപം നിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ആ സമയത്ത് തന്നെ ക്ലോസ് ചെയ്യാൻ കഴിയില്ല.PPF നിയമങ്ങൾ അനുസരിച്ച്, അക്കൗണ്ട് തുറന്ന വർഷാവസാനം മുതൽ അഞ്ച് വർഷത്തിന് ശേഷം മാത്രമേ നേരത്തെ ക്ലോസ് ചെയ്യാൻ കഴിയുകയുള്ളു, അതും‌‌‌ വ്യവസ്ഥകൾ അനുസരിച്ച് മാത്രമാണ്.

അക്കൗണ്ട് ഉടമയുടെയോ പങ്കാളിയുടെയോ അല്ലെങ്കിൽ ആശ്രിതരായ കുട്ടികളുടെയോ ജീവൻ അപകടപ്പെടുത്തുന്ന അസുഖം ബാധിച്ചാൽ അക്കൗണ്ട് നേരത്തെ ക്ലോസ് ചെയ്യാം. അക്കൗണ്ട് ഉടമയുടെ അല്ലെങ്കിൽ ആശ്രിതരായ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടിയും .നേരത്തെ ക്ലോസ് ചെയ്യുന്നതിന് ആവശ്യപ്പെടാം.മാത്രമല്ല, അകാലത്തിൽ ക്ലോസ് ചെയ്താൽ അക്കൗണ്ട് തുറക്കുന്ന തീയതി മുതൽ 1 ശതമാനം പലിശ കുറയ്ക്കുകയും ചെയ്യും. അതിനാൽ സ്കീമിൽ നിക്ഷേപം തുടരാൻ ആഗ്രഹിക്കാത്ത അക്കൗണ്ട് ഉടമകൾക്ക്, പിഴപ്പലിശ ഒഴിവാക്കാൻ എല്ലാ സാമ്പത്തിക വർഷത്തിലും 500 രൂപ നിക്ഷേപിച്ച്  അക്കൗണ്ട് ആക്ടീവായി നിലനിർത്താവുന്നതാണ്.

tags
click me!