90-ാം ജന്മദിനത്തിൽ 'കിഷോർദാ'യെ ഓർക്കുമ്പോൾ

By Babu RamachandranFirst Published Aug 4, 2019, 12:24 PM IST
Highlights

ആ അഭിമുഖം അച്ചടിച്ചുവന്നപ്പോൾ കിഷോറിന്റെ ഈ ശീലത്തെ 'ഭ്രാന്ത്' എന്നാണ് വിശേഷിപ്പിച്ചത്. അതിനും കിഷോർ മറുപടി പറഞ്ഞു, " ലോകം എന്നെ ഭ്രാന്തനെന്ന് വിളിക്കുന്നു, ഞാൻ ലോകത്തെയും.." 

 ബോളിവുഡ് ഒരു താരാപഥമാണ്. നക്ഷത്രങ്ങൾ വരും പോകും. അവയിൽ പലതും ഏറെനാൾ കത്തിജ്വലിച്ചു നിന്നശേഷം പിന്നീട് വെളിച്ചം മങ്ങി മങ്ങി അസ്തമിക്കാറാണ് പതിവ്. എന്നാൽ, അപൂർവം ചിലതുമാത്രം എന്നുമെന്നും നമ്മുടെ സാന്ധ്യാകാശങ്ങളെ അവയുടെ സുവർണ്ണദീപ്തിയിൽ ജ്വലിപ്പിച്ചു നിർത്തും. അങ്ങനെയൊരു ശുക്രനക്ഷത്രമായിരുന്നു കിഷോർ കുമാർ എന്ന അനുഗൃഹീത ഗായകൻ. 

1929  ഓഗസ്റ്റ് 4-ന് മധ്യപ്രദേശിലെ ഖഡ്‌വാ ജില്ലയിൽ ആഭാസ് കുമാർ ഗാംഗുലി എന്ന പേരിൽ ജനിച്ച്, പിൽക്കാലത്ത് 'കിഷോർ കുമാറെ'ന്ന് ലോകമറിഞ്ഞ ആ അപൂർവപ്രതിഭയെ നാം എന്തിന്റെ പേരിലാണ് സ്മരിക്കേണ്ടത്..? അദ്ദേഹം കൈവെക്കാത്ത മേഖലകൾ കുറവായിരുന്നു. നടൻ, ഗായകൻ, സംവിധായകൻ, നിർമാതാവ്, സംഗീതസംവിധായകൻ, ഗാനരചയിതാവ് എന്നീ നിലകളിൽ തന്റെ കഴിവുതെളിയിച്ചിട്ടുണ്ട് കിഷോർ കുമാർ.  സുഖദുഃഖസമ്മിശ്രമായആ ജീവിതത്തിൽ എന്നും തന്റെ സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി ചിരിച്ചുകൊണ്ടുമാത്രമാണ് കിഷോർ എവിടെയും പ്രത്യക്ഷപ്പെട്ടിരുന്നത്.
 

Latest Videos

അങ്ങനെ അന്തർമുഖനായി കഴിഞ്ഞുകൂടിയിരുന്ന കിഷോറിനോട് ഒരിക്കലൊരു  അഭിമുഖത്തിൽ ഒരു ജേർണലിസ്റ്റ് ചോദിച്ചു, " കിഷോർ ദാ, അങ്ങ് ബോളിവുഡിൽ നടക്കുന്ന പാർട്ടികൾക്കൊക്കെ പോകാത്തതെന്ത്..? അങ്ങയുടെ ബംഗ്ളാവിലും ഇന്നുവരെ ആരും അങ്ങനെ വന്നുപോകുന്നതും കാണാറില്ല.

അങ്ങേയ്ക്ക് ഏകാന്തത അനുഭവപ്പെടാറില്ല...? " 

ചോദ്യം കേട്ട് കിഷോർ ഒന്നുചിരിച്ചു, എന്നിട്ടു പറഞ്ഞു, " ഇല്ല, എനിക്ക് ഒട്ടും ഏകാന്തതയില്ല.

ഞാൻ എന്റെ വീട്ടിലെ ചെടികളോടും മരങ്ങളോടും സൗഹൃദം സ്ഥാപിച്ചുകഴിഞ്ഞു.

നിങ്ങൾക്കറിയാമോ, ഓരോന്നിനും ഞാൻ പേരുവരെ ഇട്ടിട്ടുണ്ട്.. ഞാൻ എന്റെ ഒഴിവുനേരങ്ങളിൽ അവരോട് മിണ്ടിയും പറഞ്ഞും ഇരിക്കും.." 

ആ അഭിമുഖം അച്ചടിച്ചുവന്നപ്പോൾ കിഷോറിന്റെ ഈ ശീലത്തെ 'ഭ്രാന്ത്' എന്നാണ് വിശേഷിപ്പിച്ചത്. അതിനും കിഷോർ മറുപടി പറഞ്ഞു, " ലോകം എന്നെ ഭ്രാന്തനെന്ന് വിളിക്കുന്നു, ഞാൻ ലോകത്തെയും.." 

ചെറുപ്പത്തിൽ ഒരിക്കൽപ്പോലും സംഗീതം അഭ്യസിച്ചിട്ടില്ല കിഷോർ. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ബാലപാഠങ്ങൾ പോലുംചിട്ടയായി പഠിച്ചിട്ടുള്ള ആളല്ല അദ്ദേഹം. എന്നിട്ടും അദ്ദേഹം  ബോളിവുഡ് പ്ളേബാക്ക് സിംഗിങ്ങിന്റെ മുടിചൂടാമന്നനായി ഏറെനാൾ വിരാജിച്ചു. ചെറുപ്പത്തിൽ കിഷോറിന്റെ സ്വരം പോലും അത്ര നല്ലതായിരുന്നില്ല. ജ്യേഷ്ഠസഹോദരനും പ്രസിദ്ധ സിനിമാനടനുമായ അശോക് കുമാർ അന്നത്തെ കിഷോറിന്റെ ശബ്ദത്തെ വിശേഷിപ്പിച്ചത്, 'മുള ചീന്തുന്ന' ശബ്ദമെന്നാണ്.

ആ സ്വരം നന്നായതിനെപ്പറ്റിയും രസകരമായൊരു  കഥയുണ്ട്.  കുഞ്ഞായിരിക്കുമ്പോൾ ഒരിക്കൽ കിഷോറിന്റെ കാൽ അടുക്കളയിലെ കറിക്കത്തികൊണ്ട് വല്ലാതെ മുറിഞ്ഞു. കാലിൽ ആഴത്തിലുള്ള ഒരു മുറിവുണ്ടാക്കി. ഡോക്ടറെ കാണിച്ചു. അദ്ദേഹം മുറിവൊക്കെ സ്റ്റിച്ചുചെയ്ത്, കിഷോറിന് നല്ല കയ്പ്പുള്ള എന്തൊക്കെയോ മരുന്നുകൾ കൊടുത്തു. വേദന സഹിയാതെ രണ്ടുമൂന്നു ദിവസത്തോളം ഒരേ കരച്ചിലായിരുന്നത്രേ കിഷോർ. അങ്ങനെ രണ്ടുമൂന്നു ദിവസം നീണ്ടുനിന്ന തൊണ്ടകീറിയുള്ള കരച്ചിലിനൊടുവിൽ കുഞ്ഞുകിഷോറിന്റെ കണ്ഠം തെളിഞ്ഞു എന്നാണ് ലെജൻഡ്.  എത്രമാത്രം സത്യമുണ്ടെന്ന് അറിയില്ല കഥയിൽ. 

കിഷോറിന്റെ കൗമാരയൗവ്വനങ്ങളിലെ ഹീറോ സാക്ഷാൽ കെ എൽ സൈഗാൾ ആയിരുന്നു. സൈഗാളിനെപ്പോലെ വലിയ ഒരു പാട്ടുകാരനാകണം എന്നായിരുന്നു   ആഗ്രഹം. ഹോളിവുഡിലെ പ്രസിദ്ധ ഗായകനും നടനുമായ ഡാനി കായെയുടെയും ഒരു കടുത്ത ഫാനായിരുന്നു കിഷോർ. അദ്ദേഹത്തിന്റെ പോർട്രെയ്റ്റുകൾ കിഷോറിന്റെ മുറിയിലെ ചുവരുകൾ അലങ്കരിച്ചിരുന്നു അക്കാലത്ത്. 

ജ്യേഷ്ഠൻ അശോക് കുമാർ അപ്പോഴേക്കും മുംബൈക്ക് വണ്ടികേറി, അവിടെ ബോളിവുഡിലെ അറിയപ്പെടുന്ന നടനായി മാറിക്കഴിഞ്ഞിരുന്നു. അദ്ദേഹം അനിയൻ കിഷോറിനെയും അഭിനയിക്കാൻ നിർബന്ധിച്ചു. ഒരു ഓളത്തിന് ചേട്ടൻ പറഞ്ഞതൊക്കെ അനുസരിച്ചു എന്നല്ലാതെ അഭിനയത്തിൽ ഒട്ടും താത്പര്യമുണ്ടായിരുന്നില്ല കിഷോർ കുമാറിന്. പലപ്പോഴും അദ്ദേഹം പല മുട്ടുന്യായങ്ങളും പറഞ്ഞ് ഒഴിയും. ഇടക്ക് അഭിനയിക്കുന്ന സിനിമകളിൽ പാടാനും അവസരം കിട്ടിയിരുന്നതുകൊണ്ട് പൂർണ്ണമായും ഒഴിഞ്ഞു നിന്നില്ല എന്നുമാത്രം. എന്നാലും ആദ്യകാലങ്ങളിൽ അഭിനയമായിരുന്നു കൂടുതലും. അക്കാലത്ത് മൂന്നു സഹോദരന്മാരും ചേർന്ന് അഭിനയിച്ച ഒരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു 'ചൽതി കാ നാം ഗാഡി'.

കിഷോറിന്റെ ജീവിതത്തിലെ സ്ത്രീകൾ 

അറുപതുകളുടെ തുടക്കത്തിലാണ് അദ്ദേഹത്തിന്റെ പ്രൊഫഷണൽ ജീവിതത്തിൽ കാര്യമായ വഴിത്തിരിവുകളുണ്ടാകുന്നത്. റുമാ ഗുഹയുമായുള്ള ആദ്യ വിവാഹം വേർപിരിഞ്ഞ ശേഷം  കിഷോർകുമാർ മുംതാസ് ജഹാൻ ബീഗം എന്ന മധുബാലയെ വിവാഹം കഴിക്കുന്നു. വിപ്ലവകരമായ ഒരു വിവാഹമായിരുന്നു അവരുടേത്. 'ചൽതി കാ നാം ഗാഡി'യിൽ ഒന്നിച്ചഭിനയിച്ച കാലം തൊട്ടേ മധുബാലയ്ക്ക് കിഷോറിനോട് തികഞ്ഞ ആരാധനയുണ്ടായിരുന്നു. പക്ഷേ, മധുബാലയുടെ ഹൃദയം ഇനി അധികനാൾ മടിക്കില്ല എന്ന് അവരോട് ആ ഇരുപത്തേഴാം വയസ്സിൽ തന്നെ ഡോക്ടർമാർ പറഞ്ഞു കഴിഞ്ഞിരുന്നു. മധുബാലയെ വിവാഹം ചെയ്യാൻ വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറായിരുന്ന കിഷോർ, ആ വിവാഹത്തിനുവേണ്ടി മാത്രം മതം മാറി മുസ്‌ലിമായി. കരിം അബ്ദുൽ എന്ന് പേരും മാറ്റി. മധുബാലയുടെ അസുഖം ഇടയ്ക്കിടെ മൂർച്ഛിച്ചുകൊണ്ടിരുന്നു. ബോംബെയിൽ അവരെ പാർപ്പിക്കാൻ അന്ന്  ഒരു ഫ്‌ളാറ്റെടുത്ത്, ചികിത്സയ്ക്കും പരിചരണത്തിനായി ഒരു നഴ്‌സിനെയും നിയോഗിക്കുകയുണ്ടായി കിഷോർ. 


അറുപതുകളുടെ ആദ്യ പകുതി കിഷോർകുമാറിന് ദുരിതങ്ങൾ മാത്രമാണ് സമ്മാനിച്ചത്. സിനിമയിലെ ജോലികളിൽ മുഴുകിക്കൊണ്ടാണ് കിഷോർ അതിനെയൊക്കെ  മറികടക്കാൻ ശ്രമിച്ചത്.  മധുബാല മരിച്ച ശേഷം പിന്നീട് രണ്ടു വിവാഹങ്ങൾ കൂടി കഴിക്കുകയുണ്ടായി കിഷോർകുമാർ എന്ന നിത്യ പ്രണയി. 1976-ൽ യോഗിതാ ബാലിയുമായി മൂന്നാമത്തെ വിവാഹം. രണ്ടുവർഷം നീണ്ടുനിന്ന ദാമ്പത്യത്തിനു ശേഷം വിവാഹ മോചനം. പിന്നീട് , ലീന ചന്ദാവർക്കറുമായി പിന്നീട് മരണം വരെ നീണ്ടുനിന്ന നാലാമത്തെയും അവസാനത്തേയും വിവാഹബന്ധം. 

സ്വരത്തിലെ പരീക്ഷണങ്ങൾ 

1962 -ൽ പുറത്തിറങ്ങിയ 'ഹാഫ് ടിക്കറ്റ്' എന്ന ചിത്രത്തിനിടെ രസകരമായ ഒരു സംഭവമുണ്ടായി. അതിൽ ഒരു  യുഗ്മഗാനമുണ്ടായിരുന്നു. നടൻ പ്രാണും, സ്ത്രീവേഷം കെട്ടിയ കിഷോർ കുമാറും ചേർന്ന് അഭിനയിച്ച ഒരു രംഗത്തിന്റെ പ്ളേബാക്കിൽ. അതിൽ പാടാനിരുന്നത് കിഷോറും ലതയുമായിരുന്നു. എന്നാൽ എന്തോ കാരണത്താൽ ലതാ മങ്കേഷ്കറിന് റെക്കോർഡിങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല. ആകെ സങ്കടത്തിലായി സലിൽദായെ കിഷോറാണ് അന്ന് രക്ഷിച്ചത്. ഫീമേൽ ട്രാക്ക് കൂടി കിഷോർ തന്നെ പാടി. അതുതന്നെ ചിത്രത്തിനായി സലിൽദാ ഓക്കേ പറയുകയും ചെയ്തു. 

1965-ൽ പുറത്തിറങ്ങിയ ഗൈഡ് എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ കരിയറിലെ 'ടേണിങ് പോയന്റ്'. എസ് ഡി ബർമന് കിഷോറിനെ ഏറെ ഇഷ്ടമായിരുന്നു. അദ്ദേഹം ഗൈഡിലൂടെ കിഷോറിനെ ദേവാനന്ദിന്റെ സ്വരമാക്കിമാറ്റി. ആ ചിത്രത്തിലെ 'ഗാതാ രഹേ മേരാ ദിൽ.. ' എന്ന ഗാനം സൂപ്പർ ഹിറ്റായി മാറി.  തുടർന്നുവന്ന 'തീൻ ദേവിയാം' എന്ന ചിത്രവും അദ്ദേഹത്തിന് ഹിറ്റുകൾ സമ്മാനിച്ചു. എസ്‌ഡി ബർമന്റെ മകൻ ആർഡി ബർമന്റെയും  പ്രിയസ്നേഹിതനായിരുന്നു കിഷോർ.   പിൽക്കാലത്ത് കടി പതംഗ്, ഹരേ രാമ ഹരേ കൃഷ്ണ, അമർ പ്രേം, ജവാനി ദിവാനി തുടങ്ങിയ നിരവധി ചിത്രങ്ങൾക്കുവേണ്ടി ആർഡി ബർമൻ ഈണമിട്ട പാട്ടുകളും കിഷോർകുമാർ പാടി  സൂപ്പർഹിറ്റാക്കുകയുണ്ടായി.

71'ൽ ഇറങ്ങിയ 'അന്ദാസ്' എന്ന ചിത്രത്തിൽ അടുത്ത കിഷോർ കുമാർ ഹിറ്റ് പിറന്നു, 'സിന്ദഗി ഏക് സഫർ ഹേ സുഹാനാ..'. അതിലൂടെ കിഷോർ കുമാർ പ്ളേബാക്കിൽ ഒരു പുതിയ സങ്കേതം തന്നെ ബോളിവുഡിന് പരിചയപ്പെടുത്തി. വിദഗ്ദ്ധർ അതിനു നൽകിയ സാങ്കേതികനാമമാണ് 'യോഡ്‌ലിങ്ങ്'. ടെക്സ് മോർട്ടൻ, ജിമ്മി റോഡ്ജേഴ്‌സ് തുടങ്ങിയ പാശ്ചാത്യ ഗായകരുടെ റെക്കോർഡുകളിൽ കേട്ട ഒരു സംഗതി പരീക്ഷിക്കുകയായിരുന്നു കിഷോർ അവിടെ. ഭാഗ്യവശാൽ അത് ജനങ്ങൾക്ക് ഏറെ ഇഷ്ടമായി 

നിങ്ങൾക്ക് പാട്ടിൽ മാത്രം ശ്രദ്ധിച്ചാലെന്താ..?

സംഗീതത്തിലേക്ക് കൂടുതൽ അടുത്തുകൊണ്ടിരിക്കെയാണ് പ്രസിദ്ധ സംഗീത സംവിധാന ജോഡികളായ 'കല്യാൺജി-ആനന്ദ്ജി' അദ്ദേഹത്തോട് ഒരു ചോദ്യം ചോദിക്കുന്നത്, " കിഷോർ ദാ... അങ്ങ് എത്ര മനോഹരമായാണ് പാടുന്നത്..? എന്തുകൊണ്ട് അങ്ങ് പാട്ടിൽ മാത്രം ശ്രദ്ധിക്കുന്നില്ല..? ഈ മുഖം പൊള്ളിക്കുന്ന ലൈറ്റുകൾക്കും റിഫ്ളക്ടറുകൾക്കും മുന്നിൽ, മുഖത്ത് ചൊറിച്ചിൽ ഉണ്ടാക്കുന്ന മേക്കപ്പും ഇട്ട്, ഇങ്ങനെ കോമാളിത്തരങ്ങൾ കാണിക്കാൻ നിന്നുകൊടുക്കുന്നത് എന്തിനാണ്..?

ആ വാക്കുകൾ കിഷോർ കുമാറിന്റെ നെഞ്ചിൽ തറച്ചു.  ആരെങ്കിലും ഒന്നു ചോദിച്ചിരുന്നെങ്കിൽ എന്ന് കിഷോർ കുമാർ എത്രയോ നാളായി ഉള്ളിൽ ആഗ്രഹിച്ചിരുന്ന ഒരു ചോദ്യമായിരുന്നു അത്. അധികം താമസിയാതെ കിഷോർ കുമാറിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രത്തിന്റെ വരവായി. ശക്തി സാമന്തയുടെ 'ആരാധന'. സംഗീതം എസ്ഡി ബർമൻ. ഗാനങ്ങൾ ആനന്ദ് ബക്ഷി. ഡാർജിലിങ്ങിലെ ഇടുങ്ങിയ മലമ്പാതകളിലൂടെ ജീപ്പോടിച്ചുകൊണ്ട് ഹിമാലയം കേറി വന്ന രാജേഷ് ഖന്നയ്ക്ക് വേണ്ടി കിഷോർ പാടിയ 'മേരേ സപ്നോം കി റാണി കബ്...' എഴുപതുകളുടെ ദേശീയഗാനമായി മാറി. ആ ചിത്രത്തിലെ സകല ഗാനങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു. അതിൽ  'കോറാ കാഗസ് ഥാ യേ മൻ..', 'രൂപ് തേരാ മസ്താനാ' എന്നീ പാട്ടുകൾ കൂടി പാടാൻ കിഷോറിന് ഭാഗ്യമുണ്ടായി.   

വ്യക്തിജീവിതത്തിൽ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴാണ് കിഷോർ കുമാർ തന്റെ കരിയറിലെ ഏറ്റവും സൂപ്പർ ഹിറ്റ് പാട്ടുകൾ പാടിയതും. 1969 -ലായിരുന്നു മധുബാലയുടെ മരണം. കിഷോർ തന്റെ ആദ്യത്തെ അമേരിക്കൻ പര്യടനത്തിന് പുറപ്പടുന്നതിന്റെ ദിവസങ്ങൾ മുമ്പാണ് മധുബാല ഹൃദയസ്തംഭനം വന്നു മരിച്ചുപോകുന്നത്. ആ ട്രിപ്പ് അങ്ങനെ റദ്ദാക്കേണ്ടിവന്നു കിഷോറിന്. അങ്ങനെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് വിശേഷിച്ചൊന്നും ചെയ്യാനില്ലാതെ കിഷോർ ഇരിക്കുമ്പോഴാണ് സംവിധായകൻ രാജ് ഖോസ്‌ല കിഷോറിനെ ദോ രാസ്തേ എന്ന തന്റെ ചിത്രത്തിനുവേണ്ടി  പാടാൻ നിർബന്ധിക്കുന്നത്. ആനന്ദ്‌ ബക്ഷി എഴുതി ലക്ഷ്മികാന്ത് പ്യാരേലാൽ സംഗീതം പകർന്ന മറ്റൊരു ക്ലാസിക്, 'മേരെ നസീബ് മേം ഏ ദോസ്ത്..'.. 

റഫി-കിഷോർ, ഇവരിൽ ആരെക്കൊണ്ട് പാട്ടുകൾ പാടിക്കണമെന്നത് എഴുപതുകളിൽ സംഗീതസംവിധായകർക്കുമുന്നിൽ ഒരു സമസ്യയായിരുന്നു. രാജേഷ് ഖന്നയെപ്പോലുള്ള ചില നടന്മാരും ആർഡി ബർമാനെപ്പോലുള്ള സംഗീത സംവിധായക സുഹൃത്തുക്കളും കിഷോറിനു വേണ്ടി വാദിച്ചിരുന്നപ്പോൾ, റാഫിയെ പ്രിയമുള്ളവരും  ചുരുക്കമല്ലായിരുന്നു. അവർ തമ്മിൽ എന്നും വളരെ ആരോഗ്യകരമായ ഒരു മത്സരം തന്നെ പാട്ടിന്റെ കാര്യത്തിൽ ഉണ്ടായിരുന്നു. അൻപതുകളും, അറുപതുകളും, എഴുപതുകളുടെ തുടക്കവും റഫിയുടെ മേധാവിത്വമായിരുന്നപ്പോൾ, എഴുപതുകളിൽ അധീശത്വം സ്ഥാപിച്ചത്  കിഷോർ കുമാറായിരുന്നു.
 
കിഷോറിന് നഷ്ടബോധം തോന്നിയ നിമിഷം 

കിഷോറിന്റെ ജീവിതത്തിൽ അദ്ദേഹം എന്തെങ്കിലും നഷ്ടബോധം അനുഭവിച്ചിട്ടുണ്ടെങ്കിൽ അത് 1971-ൽ പുറത്തിറങ്ങിയ ഋഷികേശ് മുഖർജി ചിത്രം ആനന്ദിന്റെ പേരിലായിരിക്കും. ഋഷിദായുടെ ഇഷ്ടശബ്ദം കിഷോർ കുമാറിന്റെ തന്നെയായിരുന്നു. ബിമൽ ദത്തയുടെ കഥ ഗുൽസാറിന്റെ തിരക്കഥയിൽ ആനന്ദ് എന്ന പേരിൽ സിനിമയാക്കാനിറങ്ങിയപ്പോൾ അതിൽ ഗാനങ്ങൾക്ക് ഏറെ പ്രധാന്യമുണ്ടായിരുന്നു. യോഗേഷ് എഴുതിയ ഗാനങ്ങൾക്ക് ഈണം പകർന്നത് സാക്ഷാൽ സലിൽ ചൗധരി. അതിലെ പാട്ടുകളിൽ ചിലതെങ്കിലും കിഷോറിനെക്കൊണ്ട് പാടിക്കണം എന്ന് ഋഷിദായ്ക്കുണ്ടായിരുന്നു.  എന്നാൽ അക്കാലത്ത് കിഷോർ കുമാർ ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട്   ഏതോ ഒരു ബംഗാൾ സ്വദേശിയുമായി പിണങ്ങി. അവർക്കിടയിൽ കടുത്ത കലഹങ്ങൾ നടന്നു. ബംഗാളികൾ എന്ന് കേട്ടാൽ തന്നെ കലി വരുന്ന അവസ്ഥയിലായി കിഷോർ. ഒരു ദിവസം തിരിച്ച് തന്റെ ബംഗ്ളാവിൽ എത്തിയ കിഷോർ പുറത്ത് ഗേറ്റിനരികിൽ കാവൽ നിർത്തിയിരുന്ന ഗൂർഖയോട് പറഞ്ഞു, " ഈ ബംഗാളികൾ എന്ന് പറയുന്ന വർഗ്ഗത്തിനെ ഇനി എന്റെ കണ്മുന്നിൽ കണ്ടുപോകരുത്.. വല്ലവനും ഈ വഴിക്ക് വന്നാൽ നല്ല ചീത്ത പറഞ്ഞ് ഓടിച്ചോളണം.." 

ഗൂർഖ കടുത്ത യജമാനഭക്തിയുള്ള ഒരാളായിരുന്നു. ലീഡ് റോളുകൾക്കായി കിഷോർ കുമാറിനെയും മെഹ്‌മൂദിനെയും ആയിരുന്നു ഋഷിദാ കണ്ടുവെച്ചിരുന്നത്. ഇതേപ്പറ്റിയൊക്കെ സംസാരിക്കാനായി അടുത്ത ദിവസം കിഷോറിന്റെ ബംഗ്ളാവിലേക്ക് വന്ന ഋഷിദായെ ആ കാവൽക്കാരൻ ഗൂർഖയ്ക്ക് തിരിച്ചറിയാനായില്ല.  കിഷോർ പറഞ്ഞു ശട്ടം കെട്ടിയ പ്രകാരം ആ 'ബംഗാളി'യെ കണ്ണുപൊട്ടുന്ന ചീത്ത പറഞ്ഞ് ഓടിക്കുകയും ചെയ്തു.

അത് ഋഷിദായെ വല്ലാതെ വേദനിപ്പിച്ചു. ഇനി കിഷോറുമായി സഹകരിക്കില്ലെന്ന് ഉറപ്പിച്ചാണ് അന്നദ്ദേഹം അവിടന്ന് മടങ്ങിയത്.  അങ്ങനെ  കിഷോർ കുമാറിന് വെച്ചിരുന്നത് ഒടുവിൽ മുകേഷിനെ തേടിയെത്തി, അദ്ദേഹത്തിന്റെ സ്വരത്തിൽ അനശ്വരമാക്കപ്പെട്ട ഗാനമാണ്, " കഹീ ദൂർ ജബ് ദിൻ...' 

ജീവിതകഥ ആസ്പദമാക്കി ഒരു ചിത്രം 

കിഷോറിന്റെ ആദ്യ വിവാഹം റുമാ ഗുഹ എന്ന ഗായികയുമായിട്ടായിരുന്നു. നന്നായി പാടുമായിരുന്ന അവർക്ക് ബോളിവുഡിൽ ഒരു കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹവുമുണ്ടായിരുന്നു അവർക്ക്. എന്നാൽ കടുത്ത ഈഗോയായിരുന്നു കിഷോറിന്. അവർ തന്റെ കുഞ്ഞിനേയും നോക്കി വീട്ടിൽ ഇരുന്നാൽ മതി എന്ന് കിഷോർ കടും പിടുത്തം പിടിച്ചതോടെയാണ് അവരുടെ ബന്ധത്തിൽ വിള്ളൽ വീഴുന്നതും ഒടുവിൽ അവർ വിവാഹമോചിതരാകുന്നതും. 

കിഷോർ കുമാറിന്റെ വ്യക്തിജീവിതത്തിലെ പാളിച്ചകൾ പ്രമേയമാക്കി 1973-ൽ ഋഷികേശ് മുഖർജി സംവിധാനം ചെയ്ത ഹിറ്റ് ചിത്രമാണ് അഭിമാൻ. അമിതാബ് ബച്ചനും ജയഭാദുരിയും പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിനുവേണ്ടി മജ്‌റൂഹ് സുൽത്താൻപുരി എഴുതി എസ്ഡി ബർമൻ സംഗീതം പകർന്ന, 'മീത് നാ മിലാ രെ മൻ കാ..', തേരെ മേരെ മിലൻ കാ യേ..' എന്നീ രണ്ടു ഗാനങ്ങൾ കിഷോർ കുമാറിന്റെ സ്വരത്തിൽ സൂപ്പർ ഹിറ്റുകളായി. കിഷോറിന്റെ ശബ്ദത്തിൽ അങ്ങനെ എത്രയെത്ര അവിസ്മരണീയ ഗാനങ്ങൾ -  വോ ശാം കുച്ഛ് അജീബ് ഥി, ജീവൻ സെ ഭരീ, സിന്ദഗി ഏക് സഫർ, ചിംഗാരി കോയി ഭഡ്കേ, കുച്ഛ് തോ ലോഗ് കഹേംഗെ, യെ ശാം മസ്താനി, ഹമേ തുംസെ പ്യാർ കിത്നാ, യേ ജോ മൊഹബ്ബത് ഹേ, സിന്ദഗി കെ സഫർ മേം, രാത് കലി ഏക്, രിമ് ജിം ഗിരെ സാവൻ, ദിൽ ഐസാ കിസീനെ മേരാ, സാഗർ കിനാരെ, മേരെ ദിൽ മേം ആജ് ക്യാ ഹേ,  മേരാ ജീവൻ കോറാ കാഗസ്, ഓ സാഥി രേ, ഹം ബേവഫാ,  ഛൂകര്‍ മേരെ മൻ കോ,പൽ പൽ ദിൽ കെ പാസ്, ..  

അപ്രതീക്ഷിതമായ മരണം 

ജ്യേഷ്ഠൻ അശോക് കുമാറിന്റെ എഴുപത്താറാം ജന്മദിനം. ആഘോഷങ്ങൾ നടക്കുന്നു. പിറന്നാൾ വിരുന്നിന് ബോളിവുഡ് മുഴുവൻ ക്ഷണിക്കപ്പെട്ടിട്ടുണ്ട്. കിഷോറിന്റെ മകൻ അമിത് കുമാറും ലണ്ടനിലെ പഠിത്തം പൂർത്തിയാക്കി തിരിച്ചെത്തിക്കഴിഞ്ഞു. ആഘോഷത്തിന് അവരുടെ ബംഗ്ളാവ് ഒരുങ്ങി. ആ പിറന്നാൾ ചടങ്ങിന്റെ ദിവസം തന്നെ ഒരു മരണഘോഷയാത്രയ്ക്ക് വിധി തയ്യാറെടുക്കുന്ന വിവരം ആരും അറിഞ്ഞില്ല. അന്നേദിവസം, 1987  ഒക്ടോബർ 13-ന്  വൈകുനേരം അഞ്ചുമണിയോടെ കിഷോർ കുമാറിന് ഹൃദയസ്തംഭനം വന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തെ തടുത്തുനിർത്താൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല. മരണാനന്തരം, ചടങ്ങുകൾക്കായി കിഷോറിന്റെ മൃതദേഹം, അദ്ദേഹത്തിട്നെ അന്തിമേച്ഛപ്രകാരം ജന്മനാടായ ഖഡ്‌വയിലേക്ക് കൊണ്ടുപോയി. ഇന്ത്യ കണ്ട ഏറ്റവും പ്രതിഭാധനരായ ഗായകരിൽ ഒരാളായ കിഷോർ കുമാർ ഇന്ന് അന്ത്യവിശ്രമം കൊള്ളുന്നത് അവിടെയാണ്.
 

click me!